അമിതാഭ് ബച്ചനെതിരെ സംഘപരിവാറും ബിജെപി എംഎൽഎയും രംഗത്ത്

‘കോൻ ബനേഗാ ക്രോർപതി’ എന്ന ടെലിവിഷൻ പരിപാടിയിൽ മനുസ്മൃതിയെപ്പറ്റി ചോദ്യംചോദിച്ചതിനാണ് അമിതാഭ് ബച്ചനും ചാനലിനുമെതിരെ നടപടിയാവശ്യപ്പെട്ട് ബി.ജെ.പി. എം.എൽ.എയും സംഘ പരിവാറും രംഗത്തെത്തിയിരിക്കുന്നത്.

അംബേദ്ക്കറും അനുയായികളും കത്തിച്ചത് ഏത് ഗ്രന്ഥമാണ് എന്ന ചോദ്യത്തിനുള്ള ഉത്തരം തിരഞ്ഞെടുക്കാൻ നാല് ഹിന്ദുമതഗ്രന്ഥങ്ങൾ നിർദേശിച്ചത് വഴി ഹിന്ദുമതഗ്രന്ഥങ്ങളെല്ലാം കത്തിക്കേണ്ടവയാണെന്ന സന്ദേശമാണ് നൽകിയതെന്നാണ് ലാത്തൂരിലെ ഔസയിൽനിന്ന് നിയമസഭയിലെത്തിയ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ അടുത്ത അനുയായി കൂടിയായ അഭിമന്യു പവാർ ലാത്തൂർ പോലീസിൽ പരാതിനൽകിയത്

സാമൂഹികപ്രവർത്തകൻ ബെസ്വദ വിൽസനും നടൻ അനൂപ് സോണിയുമായിരുന്നു പരിപാടിയിലെ അതിഥികൾ.

‘ഡോ. ബി.ആർ. അംബേദ്ക്കറും അനുയായികളും 1927 ഡിസംബർ 25-ന് കത്തിച്ച ഗ്രന്ഥം ഏതെന്നായിരുന്നു ചോദ്യം. ഇതിനായി നൽകിയ നിർദ്ദേശങ്ങളാണ് ബി ജെ പി എം എൽ എയെ ചൊടിപ്പിച്ചത്. വിഷ്ണുപുരാണം, ഭഗവദ്‌ ഗീത, ഋഗ്വേദം, മനുസ്മൃതി എന്നിവയിൽനിന്ന് ശരിയുത്തരം തിരഞ്ഞെടുക്കാനായിരുന്നു നിർദേശം.

മനുസ്മൃതിയാണ് ഉത്തരമെന്ന് ബച്ചൻ തന്നെ വ്യക്തമാക്കി. ജാതിവ്യവസ്ഥയെയും തൊട്ടുകൂടായ്മയെയും ആശയപരമായി ന്യായീകരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് അംബേദ്ക്കർ മനുസ്മൃതി കത്തിച്ചതെന്ന് വിശദീകരിക്കുകയും ചെയ്തു.

കോൻബനേഗാ ക്രോർപതിയിലെ ചോദ്യങ്ങൾക്കെതിരേ സംഘപരിവാർ അനുകൂലികൾ സാമൂഹികമാധ്യമങ്ങൾവഴി പ്രചാരം തുടരുന്നതിനിടെയാണ് പവാറിന്റെ പരാതി. കോൻബനേഗാ ക്രോർപതി കമ്യൂണിസ്റ്റുകാർ കൈയടക്കിയിരിക്കുകയാണെന്നാണ് സിനിമാസംവിധായകൻ വിവേക് അഗ്നിഹോത്രി പറയുന്നത്.

അക്ഷയ് കുമാറിന്റെ ഹൊറർ കോമഡി ലക്ഷ്മി ബോംബിന്റെ നിർമ്മാതാക്കൾ നിരവധി ഹിന്ദു ഗ്രൂപ്പുകളുടെ എതിർപ്പ് നേരിട്ടതിന് ശേഷം സിനിമയുടെ ശീർഷകം പരിഷ്കരിക്കാൻ തീരുമാനിച്ചതിന് പുറകെയാണ് പുതിയ വിവാദവുമായി സംഘപരിവാർ രംഗത്ത് വന്നിരിക്കുന്നത്. ഒരു ഹിന്ദു ദേവതയുമായി ബോംബ് പോലുള്ള നിന്ദ്യമായ പദം ബന്ധപ്പെടുത്തുന്നത് മതവികാരം വ്രണപ്പെടുമെന്നായിരുന്നു ലക്ഷ്മി ബോംബിനെതിരെയുള്ള പരാതി.

ഇതിന് മുൻപും ഭൂരിപക്ഷ സമുദായങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നെന്നാരോപിച്ച്‌ ആമിർ ഖാന്റെ പി കെ അടക്കമുള്ള നിരവധി ചിത്രങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News