പ്രമേഹം കൂടുന്നത് കാർബോ ഹൈഡ്രേറ്റ് കൂടുന്നതുകൊണ്ടാണ്.അരി മാറ്റി ഗോതമ്പോ ഓട്സോ ആക്കിയിട്ടു കാര്യമില്ല.

ശരിയായ ഭക്ഷണരീതി ഉണ്ടെങ്കിൽ തന്നെ ഒരുപാട് രോഗങ്ങളെ ഒഴിവാക്കാനാകും എന്ന് ഏറെ വര്ഷങ്ങളായി നമ്മെ പഠിപ്പിക്കാൻ ശ്രമിക്കുന്ന ആരോഗ്യ വിദഗ്ദ്ധനാണ് ഡോ.പി കെ ശശിധരൻ.സമീകൃതാഹാരത്തെക്കുറിച്ച് അദ്ദേഹം നടത്തിയ ആധികാരികമായ പഠനങ്ങൾ ശ്രദ്ധേയമാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് റിട്ടയേർഡ് പ്രൊഫെസ്സറും കോഴിക്കോട് മെഡിക്കല്‍ കോളജ് ജനറല്‍ മെഡിസിന്‍ മുന്‍ മേധാവിയും ആയ ഡോ.പി കെ ശശിധരൻ ഈ കൊവിഡ്‌കാലത്തെ ഭക്ഷണരീതി എങ്ങനെ ആയിരിക്കണം എന്ന് പറയുന്നു :

കൊവിഡ് കാലത്ത് എന്റെ പക്കലെത്തിയ പല രോഗികളിലും ശരീരഭാരം അഞ്ചു മുതൽ പത്തു കിലോവരെ വർധിച്ചിട്ടുണ്ട് എന്നാണ് ഞാൻ നേരിട്ട് മനസ്സിലാക്കിയത് .ഞങ്ങൾ നടത്തിയ ഒരു സർവേയിൽ എന്താണ് കഴിക്കേണ്ടത് എന്ന് പോലും 98.5 ശതമാനം ജനങ്ങൾ അറിയുന്നില്ല എന്നാണ് കണ്ടത്. സമീകൃതാഹാരം എന്താണ് എന്ന് അറിയാത്ത ഒരു ജനതയാണ് ഇന്നിവിടെയുള്ളത്.

സമീകൃതാഹാരം എന്നാൽ ആരോഗ്യ സംരക്ഷണത്തിനു വേണ്ട അഞ്ചു ഘടകങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ആഹാരം എന്നാണർത്ഥം.സമീകൃതാഹാരം കഴിക്കാത്തവർക്കു ഹൃദ്രോഗസാധ്യത കൂടുതലാണ്. പുകവലിയും മദ്യപാനവും, അമിതമായ വണ്ണവുമാണ് മറ്റു കാരണങ്ങൾ.തടി കൂടുമ്പോൾ കൊഴുപ്പു ശരീരത്തിൽ എല്ലാ ഭാഗത്തും അടിഞ്ഞു കൂടുകയാണ് .അതിലൊരു ഭാഗം കരളിനെ കേടാക്കും. ഇതേ കാരണത്താൽ തന്നെയാണ് ഉയർന്ന രക്ത സമ്മർദ്ദമുണ്ടാവുന്നതും കൊളെസ്റ്ററോൾ കൂടുന്നതും, പ്രമേഹം വരുന്നതും രക്തക്കുഴലുകൾ അടഞ്ഞു പോവുന്നതും.
സമീകൃതാഹാരത്തിലെ അഞ്ചു ഘടകങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

1.കാർബോ ഹൈഡ്രേറ്റ് :ഊർജ്ജത്തിനു വേണ്ടിയുള്ള അരി ,ഗോതമ്പ്, അല്ലെങ്കിൽ ചോളം, മുത്താറി, അല്ലെങ്കിൽ കപ്പ, കാച്ചിൽ, ചേന, ചേമ്പ്, ഉരുളക്കിഴങ്ങ്, ചക്കപ്പുഴുക്ക് ഏതുമാകാം. പക്ഷെ വളരെ കുറച്ചേ കഴിക്കാവൂ.

2.മാംസ്യം:പയർ ,കടല, പരിപ്പ്, മുതിര, ഉഴുന്ന്, ഇറച്ചി, മത്സ്യം, മുട്ട. തൈര് ഇവയിൽ ഏതെങ്കിലും ഒന്ന് നിർബന്ധമായിരിക്കണം. ഒരു നേരം ഏതാണ്ട് 20 ഗ്രാം വേണം

3 .പച്ചക്കറികൾ;പച്ചക്കറി എന്നാൽ നാരുള്ള ഭക്ഷണ പദാർത്ഥമാണ്.
ചീര ,വെണ്ടക്ക, കയ്പയ്ക്ക, കോവക്ക, കക്കിരി, തക്കാളി, ഉള്ളി, വാഴച്ചുണ്ട്, ഇടിച്ചക്ക ,ക്യാരറ്റ്,ബീറ്ററൂട് ഇവയൊക്കെ ധാരാളം കഴിക്കാം.

4 .പഴങ്ങൾ:എല്ലാ നേരവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം, മുഴുവനായി വേവിക്കാതെ കഴിക്കണം.

5. വെള്ളം – ഒരു ദിവസം രണ്ടു മുതൽ മൂന്ന് ലിറ്റർ വരെ വേണം. ഒന്നര ലിറ്റർ മൂത്രം ഒഴിക്കാൻ പാകത്തിന് വെള്ളം കുടിക്കണം

ഈ അഞ്ചു ഘടകങ്ങളുടെ അളവും വളരെ പ്രധാനമാണ് . എല്ലാം ചേർത്ത് അര വയർ മാത്രം മാത്രം കഴിക്കുക.

കൊളെസ്ട്രോൾ കൂടുന്നത് നമ്മൾ അമിതമായി കഴിക്കുന്ന കാർബോ ഹൈഡ്രേറ്റിൽ നിന്നാണ്.അരിയും ഗോതമ്പും മാത്രമല്ല ചോളം,റാഗി,തെന ,കപ്പ,കാച്ചിൽ ചക്കപ്പുഴുക്ക് ഉരുളക്കിഴങ്ങ് ഇതെല്ലം കാർബോ ഹൈഡ്രേറ്റ് ആണ്.കാർബോ ഹൈഡ്രേറ് ഉള്ള ഒരു ഭക്ഷണമേ ഒരു നേരം കഴിക്കാവൂ .അത് തന്നെ ജോലിക്കനുസരിച്ചു വേണം കഴിക്കാൻ.വെറുതെ ടീ വി കണ്ടുകൊണ്ട് കാർബോ ഹൈഡ്രേറ്റുള്ള ഭക്ഷണം കൂടുമ്പോൾ പ്രമേഹസാധ്യതയും ,കൊളസ്ട്രോളും കൂടും.

ഊർജത്തിനു വേണ്ടി കഴിക്കുന്ന ഭക്ഷണത്തിൻ്റെ 20-25 % മാംസ്യവിഭവം ഉണ്ടായിരിക്കണം.
കിഴങ്ങുവർഗ്ഗങ്ങളാണ് ഊർജ്ജത്തിനു വേണ്ടി കഴിക്കുന്നതെങ്കിൽ മാംസ്യം കിട്ടാനായി നിർബന്ധമായും ഇറച്ചി, മത്സ്യം, മുട്ട, തൈര് ഇവയിലേതെങ്കിലും ഒന്ന് കഴിക്കണം. കപ്പയും മീനും, ഉരുളക്കിഴങ്ങും മുട്ടയും, ചക്കപ്പുഴുക്കും ഇറച്ചിയും ഒക്കെ നല്ല ചേരുവകൾ തന്നെ. എന്നാൽ കപ്പയും പയറും, ചക്കപ്പുഴുക്കും പയറും, വാഴക്കയും പയറും നല്ല ചേരുവകളല്ല. അരിയും ഉഴുന്നും ചേർത്ത ഇഡലി ,ദോശ നല്ല ചേരുവകളാണ്. എന്നാൽ വെറും അരിയുടെ / ഗോതമ്പിൻ്റെ ദോശയോടൊപ്പം ഏതെങ്കിലും പയർ വർഗ്ഗങ്ങൾ അല്ലെങ്കിൽ ഇറച്ചിയോ, മത്സ്യമോ, മുട്ടയോ ,തൈരോ ഉപയോഗിക്കണം.

പച്ചക്കറികളാണ് ഭക്ഷണത്തിൽ ഏറ്റവുമധികം കഴിക്കേണ്ടത്.കീടനാശിനിയാണ് എന്നൊക്കെ അപവാദങ്ങൾ വന്നതോടെ പച്ചക്കറികൾ പലപ്പോഴും ഭക്ഷണത്തിൽ നിന്നും അപ്രത്യക്ഷമായതാണ് ഏറ്റവും വലിയ പാതകം. രോഗങ്ങൾ ചെറുക്കാൻ ശരീരത്തിന് കഴിയാതെ പോകുന്നത് ഇക്കാരണത്താൽ ആണ്.നാരുകൂടുതലുള്ളപച്ചക്കറികൾ ധാരാളമായി കഴിക്കുക.ക്യാരറ്റ് ബീറ്റ്‌റൂട്ട് ,തക്കാളി,ഇലക്കറികൾ തുടങ്ങിയ പച്ചക്കറിയുടെ അളവ് കൂട്ടുക.സ്വാഭാവികമായും കാർബോ ഹൈഡ്രേറ്റ്ന്റെ അളവ് കുറയും. പ്രമേഹം കൂടുന്നത് കാർബോ ഹൈഡ്രേറ്റ് കൂടുന്നതുകൊണ്ടാണ്.അരി മാറ്റി ഗോതമ്പോ ഓട്സോ ആക്കിയിട്ടു കാര്യമില്ല.തെറ്റിദ്ധാരണയാണത്.പച്ചക്കറികൾ നന്നയി കഴിക്കുക.ചെറിയ വിഷാംശത്തിന്റെ പേരിൽ വലിയ ഗുണങ്ങളെ ഉപേക്ഷിക്കുന്നത് മണ്ടത്തരമാണ്.

നാലാമത്തെ ഇനമായ പഴങ്ങൾ മൂന്നു നേരമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക .പഴങ്ങൾ ഉണങ്ങിയതും, പുഴുങ്ങിയതും, പൊരിച്ചതുമല്ല – പഴങ്ങളുടെ ജൂസുമല്ല. ഏറ്റവും നല്ലത് അതാതു കാലത്ത് പ്രാദേശികമായി ലഭ്യമാകുന്ന പഴങ്ങൾ തന്നെ. വാഴപ്പഴം, മാമ്പഴം, പൈനാപ്പിൾ, പപ്പായ, പേരക്ക, ഓറഞ്ച്, സപ്പോട്ട, ചാമ്പയ്ക്ക ഏതുമാകാം.ഉണങ്ങിയ ഈന്തപ്പഴം ,പഴം പുഴുങ്ങിയത് ,പഴങ്ങളുടെ ഹൽവ ഇതൊന്നും കഴിച്ചിട്ട് കാര്യമില്ല .

ദിവസം രണ്ടര – മൂന്നു ലിറ്റർ വെള്ളം കുടിക്കണം. ഒന്നരലിറ്ററെങ്കിലും മൂത്രവിസർജ്ജനം ഉണ്ടാവണം.
സർവ്വോപരി വേണ്ടത്ര ശാരീരിക വ്യായാമവും, മാനസ്സിക ഉല്ലാസവും ഉറക്കവും
ഉറപ്പുവരുത്തണം.

ഇത്തരത്തിൽ ഭക്ഷണത്തെ ക്രമപ്പെടുത്തുമ്പോഴും,സമീകൃതാഹാരം അരവയർ മാത്രമേ കഴിക്കാൻ പാടുള്ളു.
ജങ്ക് ഭക്ഷണങ്ങൾ പാടെ ഒഴിവാക്കണം. പഞ്ചസാരയും പഞ്ചസാര കലർന്ന ഭക്ഷണവും ഉപേക്ഷിക്കണം.
രണ്ടു നേരം, ഏറിയാൽ മൂന്നു നേരം മാത്രമേ ഭക്ഷണം കഴിക്കാവു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here