നിങ്ങൾക്ക് വയ്യ എന്നറിഞ്ഞപ്പോൾ കരഞ്ഞു പോയ മനുഷ്യരെ, ഇന്നലെയും മിനഞ്ഞാന്നും മുഴുക്കെ , നിങ്ങൾ മരിച്ചു പോകാതെ ഇരിക്കാൻ പ്രാർഥിച്ച മനുഷ്യരെ എനിക്കറിയാം.സഖാവ് ബിജുവിനെ കുറിച്ച് ഹൃദയത്തിൽ നിന്നുള്ള കുറിപ്പുമായി സുഹൃത്ത് നൗഫൽ

സഖാവ് പി ബിജുവിന്റെ വേർപാടിൽ സുഹൃത്തായ നൗഫലിന്റെ ഫേസ് ബുക് കുറിപ്പ്.

ഒരു കാലിന് ചെറിയ മുടന്തുണ്ടായിരുന്നു.
സ്നേഹവും രാഷ്ട്രീയവും നിലപാടുകളും ഒരിക്കലും മുടന്തിയില്ല.
അത്ര ഉറപ്പുള്ള രാഷ്ട്രീയമായിരുന്നു. അത്ര തെളിച്ചമുള്ള ജീവിതമായിരുന്നു.
പോരാട്ടങ്ങളിൽ ഏറ്റവും മുന്നിൽ നടന്നു. വിദ്യാർത്ഥി സംഘടന പ്രവർത്തന കാലത്ത് സമരങ്ങളിൽ പോലീസിൻ്റെ തല്ലു കൊണ്ടു. അനേകം ലാത്തി ചാർജുകൾ. ജല പീരങ്കികൾ. അപ്പോഴൊന്നും മുടന്തിയില്ല. ഉലയാതെ മുദ്രാവാക്യം വിളിച്ചു. തല്ലു കൊണ്ടപ്പോഴൊന്നും പതറി വീണില്ല.
‘ സഖാക്കളുടെ ‘ ശരീര ഭാഷയിൽ കാർക്കശ്യമുണ്ടാകണം എന്ന പൊതു ബോധം ഈ മനുഷ്യൻ്റെ മുന്നിൽ മുട്ടു കുത്തി. ചിരിച്ചു. തോളിൽ കൈയിട്ടു. കുശലം പറഞ്ഞു. അപ്പൊഴും ഒരിക്കൽ പോലും ചിരി അഭിനയിച്ചില്ല. സത്യമുള്ള മനുഷ്യനായിരുന്നു. നേരുള്ള രാഷ്ട്രീയമായിരുന്നു. സ്നേഹമുള്ള ആൾ. ഒപ്പമുള്ള മനുഷ്യരിൽ, പ്രിയമുള്ള മനുഷ്യരിൽ സുരക്ഷിതത്വം നിറയ്ക്കുന്ന മാന്ത്രികത ഒരിക്കലും കൈമോശം വരാതെ സൂക്ഷിച്ചു.
ഒട്ടും മുടന്തില്ലാത്ത ജീവിതമായിരുന്നു. മുടന്തില്ലാത്ത സ്നേഹമായിരുന്നു.
ചാനൽ ചർച്ചകളിൽ, ത്രസിപ്പിക്കുന്ന പ്രസംഗ സദസ്സുകളിൽ ഒന്നും ഈ മനുഷ്യൻ ഉണ്ടായിരുന്നില്ല. എന്നിട്ടും എത്ര ആയിരം മനുഷ്യർക്ക് പ്രിയപ്പെട്ടവനായി.
‘ ഉജ്ജ്വല സംഘാടകൻ ‘ എന്ന് പാർട്ടിയും സാംസ്കാരിക പ്രവർത്തകരും സാക്ഷ്യം പറഞ്ഞു. ലൈം ലൈറ്റിൽ സഖാവ് പി ബിജു ഒരിക്കലും ഉണ്ടായിരുന്നില്ല. പക്ഷേ, സഖാക്കളുടെയും അടുത്തിടപഴകിയ ഓരോ മനുഷ്യൻ്റെയും ഹൃദയത്തിൽ എന്നും ഈയൊരാൾ തെളിഞ്ഞു നിന്നു. ജനകീയത എന്നാൽ മാധ്യമ ദൃശ്യതയോ ആൾകൂട്ടത്തെ ഇളക്കി മറിക്കാനുള്ള പ്രസംഗ പടവമോ മാത്രമല്ല എന്ന് സഖാവ് പി ബിജു കേരളത്തെ പഠിപ്പിച്ചു.
പ്രിയ സഖാവേ,
നഗരത്തിൽ എത്തിയ ആദ്യ കാലത്ത്, നിങ്ങൾ പേര് വിളിച്ചു സംസാരിച്ചപ്പോൾ എനിക്ക് തോന്നിയ സന്തോഷവും അഭിമാനവും ഇപ്പോഴും എൻ്റെ കൂടെ നടപ്പുണ്ട്. അതൊരിക്കലും എന്നെ ഉപേക്ഷിച്ചു പോകില്ല എന്നെനിക്ക് അറിയാം. പോവുകയും വേണ്ട.
നിങ്ങൾക്ക് വയ്യ എന്നറിഞ്ഞപ്പോൾ കരഞ്ഞു പോയ മനുഷ്യരെ, ഇന്നലെയും മിനഞ്ഞാന്നും മുഴുക്കെ , നിങ്ങൾ മരിച്ചു പോകാതെ ഇരിക്കാൻ പ്രാർഥിച്ച മനുഷ്യരെ എനിക്കറിയാം.
ഇന്ന്, കേരളത്തിലെ കരുത്തരായ ഇടത് രാഷ്ട്രീയ നേതാക്കൾ പോലും നിങ്ങളുടെ ഓർമ്മകളിൽ വിതുമ്പി നനയും. എസ് എഫ് ഐ കാർ മുതൽ മുതിർന്ന പാർട്ടി നേതാക്കൾ വരെ നിങ്ങൾ ഒരാളുടെ ഓർമ്മകളിൽ ഉലഞ്ഞു മുറിയും.
സംഘടനയ്ക്കും കേരള രാഷ്ട്രീയത്തിനും ഈ മരണം നികത്താനാവാത്ത നഷ്ടമാണ്.
ഒരു കാലിന് ചെറിയ മുടന്തുണ്ടായിരുന്നു.
സ്നേഹവും രാഷ്ട്രീയവും നിലപാടുകളും ഒരിക്കലും മുടന്തിയിട്ടില്ല. ഓർമ്മകളും..
അഭിവാദ്യങ്ങൾ സഖാവേ❣️

അന്തരിച്ച പി ബിജു യുവജന ക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആയിരുന്നു . കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News