‘വേൽ യാത്ര’യുടെ പ്രചാരണത്തിന് എംജിആറിന്‍റെ ചിത്രം ഉപയോഗിച്ച് ബിജെപി; സ്വന്തമായി ഒരു നേതാവില്ലേ എന്ന് എഐഎഡിഎംകെ

‘വേൽ യാത്ര’യുടെ പ്രചാരണത്തിനായി തങ്ങളുടെ നേതാവിന്റെ ചിത്രം പ്രചാരണത്തിനായി ഉപയോഗിച്ചതിന്റെ പേരിൽ ബിജെപിക്കെതിരെ രുക്ഷ വിമര്‍ശനവുമായി എഐഎഡിഎംകെ രംഗത്ത്. സഖ്യകക്ഷിയായ എഐഎഡിഎംകെയുടെ സ്ഥാപകനും നടനുമായ എംജിആറിന്‍റെ ചിത്രമാണ് ബിജെപി ‘വേൽ യാത്ര’യുടെ പ്രചാരണത്തിനായി ഉപയോഗിച്ചത്.

സംസ്ഥാന ബിജെപി യൂണിറ്റിന്റെ സാംസ്കാരിക വിഭാഗം കഴിഞ്ഞയാഴ്ച പുറത്തിറക്കിയ മ്യൂസിക് വീഡിയോയിലാണ് എം‌ജി‌ആറിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നരേന്ദ്ര മോദി എംജിആറിന്റെ സന്ദേശ വാഹകനാണ് എന്ന തരത്തിലായിരുന്നു പാട്ടിലെ വരികൾ.

“അവർക്ക് സ്വന്തമായി ഒരു നേതാവില്ലേ? എന്തുകൊണ്ടാണ് അവർ ഞങ്ങളുടെ നേതാവിന്റെ ചിത്രം ഉപയോഗിക്കുന്നത്? പാർട്ടി സ്ഥാപിച്ചതും സംസ്ഥാനത്ത് എഐഎഡിഎംകെയുടെ വിജയത്തിന്റെ കാരണക്കാരനുമായ ഞങ്ങളുടെ നേതാവാണ് എം.ജി.ആർ. അദ്ദേഹത്തിന്റെ പ്രതിച്ഛായ ഉപയോഗിക്കാനുള്ള ധാർമ്മിക അവകാശം മറ്റൊരു പാർട്ടിക്കും ഇല്ല,” മുതിർന്ന എഐഎഡിഎംകെ മന്ത്രി ഡി ജയകുമാർ പറഞ്ഞു.

അതേസമയം സംസ്ഥാന ബിജെപി മേധാവി എൽ മുരുകനെ പ്രതികരണത്തിനായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ലഭ്യമായില്ല. എന്നാൽ, എം‌ജി‌ആറിന്റെ ഫോട്ടോ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി മോദി എം‌ജി‌ആറിന്റെ പാത പിന്തുടരുന്നുവെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

സംസ്ഥാനത്തെ ഹിന്ദു വോട്ടുകൾ ഏകീകരിക്കാനുള്ള ശ്രമമായിട്ടാണ് “വേൽ യാത്ര” കണക്കാക്കപ്പെടുന്നത്. പ്രത്യേകിച്ച് പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ള മുരുക ഭക്തർക്കിടയിൽ. നവംബർ ആറ് മുതൽ സംസ്ഥാനത്തെ പ്രമുഖ മുരുക ക്ഷേത്രങ്ങൾ സന്ദർശിക്കാനുള്ള ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിക്ക് സംസ്ഥാന ബിജെപി മേധാവി എൽ മുരുകനാണ് നേതൃത്വം നൽകുന്നത്.

അതേസമയം, വേൽ യാത്രയിലൂടെ സംസ്ഥാനത്ത് വർഗീയ സംഘർഷം സൃഷ്ടിക്കാനാണ് ബിജെപി ശ്രമമെന്ന ആരോപണവുമായി ദലിത് പാർട്ടി വി.സി.കെ നേതാവ് തോൽ തിരുമാവലവനും മറ്റ് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News