അതായിരുന്നു അവസാന കൂടിക്കാഴ്ച ..ബിജു ഇല്ല എന്നത് ഒട്ടും വിശ്വസിക്കാൻ സാധിക്കുന്നില്ല . പി ബിജുവിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പ് പങ്കുവെച്ച് ചലച്ചിത്ര സംവിധായകൻ ഡോ ബിജു

സഖാവ് പി . ബിജുവിനെ കാണുന്നത് 1996 ൽ തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ താമസ കാലത്താണ് . ഞങ്ങളുടെ കോളജുകൾ തിരുവനന്തപുരത്തെ നഗരത്തിന്റെ രണ്ടിടങ്ങളിൽ ആയതിനാൽ എസ് എഫ് ഐ ഏരിയ കമ്മിറ്റികൾ രണ്ടായിരുന്നു . യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ എസ് എഫ് ഐ യുടെ മുഴുവൻ പ്രവർത്തനങ്ങളുടെയും ചുക്കാൻ പിടിച്ചിരുന്നത് ബിജു ആയിരുന്നു . ഹോസ്റ്റൽ വിട്ടതിന് ശേഷം പിന്നീട് മിക്കപ്പോഴും ബിജുവിനെ കണ്ടിരുന്നത് ഐ എഫ് എഫ് കെ വേദിയിൽ ആയിരുന്നു . ബിജു സജീവ രാഷ്ട്രീയത്തിൽ പ്രധാന ചുമതലകളിൽ പ്രവർത്തിക്കുമ്പോഴും ഐ എഫ് എഫ് കെ യിൽ സിനിമ കാണാൻ സ്ഥിരമായി എത്തുമായിരുന്നു . കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഈ സമയം . ഓറഞ്ചു മരങ്ങളുടെ വീട് സിനിമയുടെ ചിത്രീകരണത്തിനായി ഒരു ഡി ജി പി ഓഫീസ് സെറ്റ് ചെയ്യേണ്ടതുണ്ടായിരുന്നു . സുഹൃത്തും നടനുമായ കൃഷ്ണൻ ബാലകൃഷ്ണൻ ആണ് പറഞ്ഞത് യുവജന ക്ഷേമ ബോർഡിൽ വൈസ് ചെയർമാനായ ബിജുവിന്റെ ഔദ്യോഗിക മുറി പറ്റും എന്ന് . ബിജുവിനെ നേരിൽ കണ്ടു അനുമതി വാങ്ങാനും പെർമിഷന് വേണ്ടിയുള്ള കത്ത് നൽകി ഫീസ് അടയ്ക്കാനുമായി ബിജുവിന്റെ ഓഫീസിൽ പോയതാണ് . ഒട്ടേറെ നേരം അന്ന് സംസാരിച്ചിരുന്നു . തൊണ്ണൂറുകളുടെ അവസാനത്തിലെ യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ ജീവിതം . അന്നത്തെ ഹോസ്റ്റൽ അന്തേവാസികളിൽ ചിലരെക്കുറിച്ചുള്ള ചർച്ച . പിന്നീട് വിവിധ ഇടങ്ങളിൽ വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ അവരെ കണ്ട ഓർമ . അങ്ങിനെ ഏതാണ്ട് രണ്ടു മണിക്കൂർ .. ഷൂട്ട് നടക്കുന്ന ദിവസം എന്തായാലും ഉണ്ടാകും എന്ന് പറഞ്ഞാണ് യാത്രയാക്കിയത് . പക്ഷെ ഷൂട്ടിന്റെ ദിവസം പാർട്ടി കമ്മിറ്റി ഉണ്ടായിരുന്നതിനാൽ ബിജുവിന് വരാൻ സാധിച്ചില്ല . പക്ഷെ ഓഫീസിൽ പ്രത്യേകം പറഞ്ഞേൽപ്പിച്ചിരുന്നു എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കണം എന്ന് . പാർട്ടി കമ്മിറ്റിയ്ക്ക് ശേഷം രാത്രി ബിജു വിളിച്ചിരുന്നു . ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ലല്ലോ ഷൂട്ട് ഭംഗിയായി നടന്നോ എന്നൊക്കെ അന്വേഷിക്കാൻ . ഒരു മാസം കഴിഞ്ഞു ഡിസംബറിൽ കേരളം ചലച്ചിത്ര മേളയിൽ വെയില്മരങ്ങൾ കാണാനും ബിജു എത്തിയിരുന്നു . സ്ക്രീനിങ്ങിനു ശേഷമുള്ള തിരക്കിൽ ഏറെ നേരം കാര്യം പറയാൻ സാധിച്ചില്ല … അതായിരുന്നു അവസാന കൂടിക്കാഴ്ച ..
ബിജു ഇല്ല എന്നത് ഒട്ടും വിശ്വസിക്കാൻ സാധിക്കുന്നില്ല . രാഷ്ട്രീയ പ്രവർത്തനം സൗമ്യമായ അന്തസ്സത്തയോടെ മാന്യമായി പ്രതിപക്ഷ ബഹുമാനത്തോടെ മാത്രം നടത്തിയിരുന്ന അപൂർവം യുവ നേതാക്കളിൽ ഒരാളായിരുന്നു പി . ബിജു . ബിജുവിന്റെ നഷ്ടം ഇടതു പക്ഷ രാഷ്ട്രീയത്തിന് മാത്രമല്ല . പൊതുവായ രാഷ്ട്രീയ സംസ്കാരത്തിന് തന്നെ ഒരു വലിയ നഷ്ടം ആണ് .. ആദരാഞ്ജലികൾ സഖാവേ ..

പി ബിജുവിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പ് പങ്കുവെച്ച് ചലച്ചിത്ര സംവിധായകൻ ഡോ ബിജു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News