കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഒരാഴ്ചത്തെ ഇഡി കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണ് ശിവശങ്കറിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കുന്നത്.അതേ സമയം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നാണ് ഇ ഡി കണ്ടെത്തിയത്.

ഇതെക്കുറിച്ച് സമഗ്രമായ ചോദ്യം ചെയ്യലിന് വിധേയനാക്കിയ ശേഷമാണ് ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നത്. ശിവശങ്കറില്‍ നിന്ന് ലഭിച്ച മൊ‍ഴിയുടെ അടിസ്ഥാനത്തില്‍ സ്വപ്നയെയും സരിത്തിനെയും സന്ദീപിനെയും ഇ ഡി ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു.

ഇതിനിടെ ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് ഇ ഡി യുടെ തീരുമാനം. ഇക്ക‍ഴിഞ്ഞ 28നാണ് ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തത്.

തൊട്ടടുത്ത ദിവസം കോടതിയില്‍ ഹാജരാക്കിയ ശിവശങ്കറിനെ ഒരാ‍ഴ്ച്ചത്തേക്ക് ഇ ഡി കസ്റ്റഡിയില്‍ വിടാന്‍ അനുമതി നല്‍കുകയായിരുന്നു.

രാവിലെ 9നും വൈകീട്ട് 6നും ഇടയില്‍ മാത്രമെ ചോദ്യം ചെയ്യാവൂയെന്നും ആവശ്യമായ ചികിത്സക്കുള്ള സൗകര്യം നല്‍കണമെന്നുമുള്ള നിബന്ധനയോടെയായിരുന്നു കസ്റ്റഡി അപേക്ഷ അന്ന് കോടതി അനുവദിച്ചത്.

അതേ സമയം ഇ ഡിയുടെ ചോദ്യം ചെയ്യല്‍ നടപടികള്‍ അവസാനിച്ചാല്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസിന്‍റെ തീരുമാനം.അറസ്റ്റ് രേഖപ്പെടുത്താന്‍ അനുമതി തേടിക്കൊണ്ട് കസ്റ്റംസും ഉടന്‍ കോടതിയെ സമീപിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News