തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളില്‍; ഡിസംബര്‍ 8, 10, 14; വോട്ടെണ്ണല്‍ 16ന്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന്ഘട്ടമായി നടക്കും. ഡിസംബർ 8, 10, 14 ദിവസങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 16 ന് വോട്ടെണ്ണൽ . ഡിസംബർ 25 ന് മുൻപ് പുതിയ ഭരണസമിതി നിലവിൽ വരും. കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാകും തെരഞ്ഞെടുപ്പെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ വ്യക്തമാക്കി.

ഒന്നാം ഘട്ടം -ഡിസംബര്‍ 8 (ചൊവ്വ) – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,ഇടുക്കി

രണ്ടാം ഘട്ടം -ഡിസംബര്‍ 10 (വ്യാഴം) – കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്

മൂന്നാം ഘട്ടം -ഡിസംബര്‍ 14 (തിങ്കള്‍) – മലപ്പുറം. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്.

ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ നടക്കും. വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ വൈകിട്ട് 6വരെ. രാവിലെ 8 മണിക്കു വോട്ടെണ്ണല്‍ ആരംഭിക്കും. 1200 തദ്ദേശ സ്ഥാപനങ്ങളില്‍ 1199 സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. 941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 6 മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 വാര്‍ഡുകളിലേക്കാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ്.

മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലാണ് തിരഞ്ഞെടുപ്പ് നടക്കാത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനങ്ങള്‍. മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ ശാരീരിക അകലം എന്നിവ നിര്‍ബന്ധമാണ്. ഡിസംബര്‍ 31നു മുന്‍പ് ഭരണസമിതികള്‍ അധികാരത്തിലേറുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ ഒന്നിനു പ്രസിദ്ധീകരിച്ചിരുന്നു. 2,71,20,823 വോട്ടര്‍മാരാണുള്ളത്. നവംബര്‍ 10ന് അഡീ.വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. 34774 പോളിങ് സ്റ്റേഷന്‍ സജ്ജമാക്കി.

നവംബര്‍ 19 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 20 ന് നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23 ആണ്. മാതൃകാ പെരുമാറ്റച്ചട്ടം ഇന്നു (6) മുതല്‍ നിലവില്‍ വന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം, ഇവിഎം ഫസ്റ്റ് ലെവല്‍ ചെക്കിങ് എന്നിവ പുരോഗമിച്ച് വരുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പു നടത്തിപ്പിന് ഏകദേശം 2 ലക്ഷം ജീവനക്കാരെ കമ്മിഷന്‍ നിയോഗിക്കും. കോവിഡ് പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥികളുടെ യോഗത്തിനു നിയന്ത്രണമുണ്ട്. സ്ഥാനാര്‍ഥികള്‍ക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ എന്നിവ നല്‍കിയുള്ള സ്വീകരണ പരിപാടി പാടില്ല.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും തിരഞ്ഞെടുപ്പ് നടക്കുക. പോളിങ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമാക്കും. നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ കാലാവധി ഈ മാസം 11 ന് അവസാനിക്കും. 1995 മുതല്‍ നടന്ന 5 തദ്ദേശ തിരഞ്ഞെടുപ്പുകളും 2 ദിവസങ്ങളിലായാണു നടന്നത്. ആദ്യ 3 തിരഞ്ഞെടുപ്പുകള്‍ സെപ്റ്റംബറിലും 2010 ലേത് ഒക്ടോബര്‍ അവസാന വാരവും കഴിഞ്ഞ തവണ നവംബര്‍ ആദ്യവാരവുമാണു നടന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here