തിരുവനന്തപുരം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ മുന്നണികള്‍

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ പതിനെട്ടടവും പയറ്റാന്‍ ഒരുങ്ങുകയാണ് മുന്നണികള്‍.പുതുമുഖങ്ങളെ കളത്തിലിറക്കി സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ പറഞ്ഞാണ് എല്‍ ഡി ഫ് വോട്ട് തേടുന്നത്.

അതേസമയം കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തെത്തിയിരുന്ന കോണ്‍ഗ്രസും പ്രതിപക്ഷത്തെത്തിയിരുന്ന ബി ജെ പിയും സജീവമായി മത്സരരംഗത്തുണ്ട്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി പ്രചരണം ആരംഭിച്ചെങ്കിലും ഇതുവരെ സ്ഥാനാര്‍ത്ഥി നിര്‍ണയ കാര്യത്തില്‍ സമവായത്തിലെത്താല്‍ കോണ്‍ഗ്രസിനും ബി ജെ പിക്കുമായിട്ടില്ല.

25 വര്‍ഷമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇടതിനൊപ്പമാണ്. 2015ല്‍ കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ട് കൂടി ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ എല്‍.ഡി.എഫ് തന്നെ നഗരസഭ ഭരിച്ചു. എന്നാലും തലസ്ഥാനത്ത് ഇടതുമുന്നണിക്ക് ഇക്കുറി അഭിമാന പോരാട്ടം കൂടിയാണ്. അതുകൊണ്ട്തന്നെ സംസ്ഥാന സര്‍ക്കാരിന്റെയും നഗര സഭയുടേയും വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞാണ് എല്‍ ഡി എഫ് വോട്ട് തേടുന്നത്. സ്ഥാനാര്‍ത്ഥികളില്‍ കൂടുതലും വിദ്യാസമ്പന്നരായ യുവജനങ്ങളാണെന്നതാണ് ഇത്തവണ എല്‍ ഡി എഫിനെ വ്യത്യസ്ഥമാക്കുന്നത്.

സിപിഐഎമ്മിന്റെ മുപ്പത്തിനാലും സിപിഐയുടെ ആറും ഉള്‍പ്പെടെ 43 സീറ്റുകളാണ് എല്‍ ഡി എഫിന് നിലവിലുള്ളത്. ബി ജെ പിക്ക് 35 സീറ്റുകളുണ്ട്. കോണ്‍ഗ്രസ് 21, സ്വതന്ത്രന്‍1. എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. ഇത്തവണ കോണ്‍ഗ്രസും ഭരണം പിടിക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തുണ്ട്. നേരത്തെ 40 സീറ്റുണ്ടായിരുന്ന യു.ഡി.എഫാണ് കഴിഞ്ഞതവണ 21 ലേക്ക് കൂപ്പുകുത്തിയത്. അതുകൊണ്ട് വിജയ സാധ്യതയുള്ളവരെയാണ് ഇക്കുറി യു ഡി എഫും കളത്തിലിറക്കുന്നത്.

നഗരസഭയിലെ പ്രധാന പ്രതിപക്ഷം ബി ജെ പിയാണ് എന്നാല്‍ ബി ജെ പി ജില്ലാ കമ്മിറ്റി അംഗവും യുവമോര്‍ച്ചാ നേതാക്കളും കൗണ്‍സിലര്‍മാരടക്കം പാര്‍ട്ടി വിട്ടത് ഇത്തവണ വിലിയ തിരിച്ചടിയാകും ബി ജെ പിക്കുണ്ടാക്കുന്നത്. എങ്കിലും പരിചയസമ്പന്നരായ സ്ഥാനാര്‍ത്ഥികളെ ഇറക്കി വോട്ട് പിടിക്കാനൊരുങ്ങുകയാണ് ബി ജെ പി. ഇത്തവണ മേയര്‍ സീറ്റ് വനിതാ സംവരണമാണ്. എല്ലാ മുന്നണികളും പരിചയസമ്പന്നരായ മുതിര്‍ന്ന വനിതാനേതാക്കളെ പോര്‍ക്കളത്തില്‍ ഇറക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News