തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍; പാലക്കാട് ബിജെപിയില്‍ വിഭാഗീയത രൂക്ഷം

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കേ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ഭരണകക്ഷിയായ ബിജെപിക്കെതിരായ ഭരണവിരുദ്ധ വികാരം ശക്തം‍.

അ‍ഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ നഗരം വികസനമുരടിപ്പിലെത്തിയെന്ന് ആരോപണമുയരുന്നു. പാര്‍ടിക്കകത്തെ വിഭാഗീയതയും സംസ്ഥാനത്ത് ഭരണത്തിലുള്ള ഏക മുനിസിപ്പാലിറ്റിയില്‍ ബിജെപിക്ക് തിരിച്ചടിയാവും.

അഞ്ച് വര്‍ഷം മുന്പ് ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായാണ് ബിജെപി പാലക്കാട് മുനിസിപ്പാലിറ്റിയില്‍ അധികാരത്തിലെത്തിയത്.

52 അംഗ മുനിസിപ്പാലിറ്റിയില്‍ ബിജെപി- 24, യുഡിഎഫ്-18, സിപിഐഎം-9, വെല്‍ഫയര്‍ പാര്‍ടി-1 എന്നിങ്ങനെയാണ് കക്ഷി നില. നിരവധി വാഗ്ദാനങ്ങളുമായി അധികാരത്തിലെത്തിയ ബിജെപിക്ക് വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല.

മാലിന്യസംസ്ക്കരണത്തില്‍ ശാസ്ത്രീയമാര്‍ഗ്ഗമില്ലാത്തതും, റോഡുകളുടെ ശോചനീയാവസ്ഥയും കുടിവെള്ള പ്രശ്നവുമെല്ലാമായി അടിസ്ഥാന സൗകര്യമേഖലയിലുള്‍പ്പെടെ വികസന പിന്നോക്കാവസ്ഥയിലാണ് നഗരം. അമൃത് പദ്ധതിയില്‍ 200 കോടി രൂപ ലഭിച്ചെങ്കിലും നഗര നവീകരണം ഇപ്പോ‍ഴും കടലാസില്‍ മാത്രമാണുള്ളത്.

വിവിധ പദ്ധതികളില്‍ അ‍ഴിമതി ആരോപണങ്ങളുമുയര്‍ന്നിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ ബിജെപി ഭരണത്തിലെ അ‍ഴിമതിയും കെടുകാര്യസ്ഥതയും പൊള്ളത്തരങ്ങളും ചൂണ്ടിക്കാട്ടിയുള്ള കുറ്റപത്രം എല്‍ഡിഎഫ് പുറത്തിറക്കിയിട്ടുണ്ട്. ബിജെപിയെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് പുറന്തള്ളുമെന്നാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷ.

പാര്‍ടിക്കകത്തെ വിഭാഗീയതയാണ് ബിജെപി നേരിടുന്ന ഏറ്റവും വലിയ ഭീഷണി. നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. നേരത്തെ ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ശോഭ സുരേന്ദ്രന് പാലക്കാട് അനുയായികള്‍ ഏറെയുണ്ട്.

മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നതിലുള്ള പ്രതിഷേധ മൂലം അതൃപ്തരായ പ്രവര്‍ത്തകര്‍ പാലക്കാട് വിവിധ മേഖലകളില്‍ നിന്ന് പാര്‍ടിയില്‍ നിന്ന് പുറത്ത് പോയിരുന്നു. പാര്‍ടിക്കകത്തെ വിഭാഗീയത തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടിനകത്തെ അടിയൊ‍ഴുക്കിന് കാരണമാകുമോയെന്നാണ് വരുംദിവസങ്ങളില്‍ കണ്ടറിയേണ്ടത്.

സംസ്ഥാനത്ത് തന്നെ ആദ്യമായി ഭരണം ലഭിച്ച മുനിസിപ്പാലിറ്റിയില്‍ ഭരണകക്ഷിയെന്ന നിലയില്‍ ആദ്യ തിരഞ്ഞെടുപ്പിനെ നേരിടുന്പോള്‍ ഭരണവിരുദ്ധവികാരവും പാര്‍ടിക്കകത്തെ വിഭാഗീയതയും മൂലം ബിജെപി വലിയ പ്രതിസന്ധിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News