നവഉദാരവൽക്കരണത്തിന്‍റെ പാപ്പരത്തമാണ്‌ ഇപ്പോഴത്തെ സാമ്പത്തിക തകർച്ച വ്യക്തമാക്കുന്നത്‌; സോഷ്യലിസമാണ്‌ ബദൽ – സീതാറാം യെച്ചൂരി എഴുതുന്നു

മഹത്തായ ഒക്‌ടോബർ സോഷ്യലിസ്‌റ്റ്‌ വിപ്ലവത്തിന്റെ വാർഷികം ഇത്തവണ ആഘോഷിക്കുന്നത്‌ ലോകത്തെ വലിയൊരുവിഭാഗം ജനങ്ങളും ഇരട്ടപ്രഹരത്തിന്റെ ഇരകളായിരിക്കുന്ന ഘട്ടത്തിലാണ്‌. ലോകമാകെ പടർന്നുപിടിച്ച കോവിഡ്‌-19 മഹാമാരി ജനങ്ങളുടെ ജീവനും ജീവനോപാധിക്കും കടുത്ത പ്രഹരമാണ്‌ ഏൽപ്പിച്ചത്‌.

കോവിഡിനെ തുടർന്നുള്ള അടച്ചിടലുകൾ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചു. മുതലാളിത്തലോകത്ത്‌ സാമ്പത്തിക തകർച്ച രൂക്ഷമാകുകയാണ്‌. ഈ സാഹചര്യത്തിൽ ഒക്‌ടോബർ വിപ്ലവത്തിന്റ പ്രാധാന്യവും മുതലാളിത്തത്തിനുമേൽ സോഷ്യലിസത്തിനുള്ള മേൽക്കൈയും വ്യക്തമാകുന്നു.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌. വിപ്ലവത്തിലൂടെ മുന്നോട്ടുവച്ച സാർവത്രിക വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യപരിപാലനം, സാമൂഹ്യസുരക്ഷ എന്നീ മേഖലകളിൽ ഉണ്ടാക്കിയ നേട്ടങ്ങൾ ലോക കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്‌ വലിയ ഉത്തേജനമായി. കൂടുതൽ രാജ്യങ്ങൾ സോഷ്യലിസ്‌റ്റ്‌ പാത സ്വീകരിക്കാനും നല്ല ലോകത്തിനായുള്ള ജനകീയ പോരാട്ടത്തിനും ഒക്‌ടോബർ വിപ്ലവം ഊർജം പകർന്നു.

രണ്ടാം ലോകയുദ്ധത്തിൽ സോവിയറ്റ്‌ യൂണിയൻ നേതൃപരമായ പങ്കുവഹിച്ചതിലൂടെ ഫാസിസത്തെയും ഹിറ്റ്‌ലറെയും പരാജയപ്പെടുത്താനായി. ഫാസിസത്തിന്റെ വിപത്തിൽനിന്ന്‌ ലോകത്തെ മോചിപ്പിക്കാനും കോളനി രാജ്യങ്ങളുടെ മോചന പോരാട്ടങ്ങൾക്ക്‌ ഉത്തേജനം പകരാനും സാധിച്ചു. ഇതിനുപുറമെ ജനങ്ങൾക്ക്‌ സാമൂഹ്യസുരക്ഷ വാഗ്‌ദാനം നൽകി ‘ക്ഷേമ രാഷ്ട്രം’ എന്ന ആശയം സ്വീകരിക്കാൻ പല മുതലാളിത്ത രാജ്യങ്ങളെയും നിർബന്ധിതരാക്കി. സോഷ്യലിസ്‌റ്റ്‌ ആശയത്തിന്‌ ജനങ്ങളിൽനിന്ന്‌ വലിയതോതിലുള്ള പ്രതികരണങ്ങൾ ലഭിച്ചതോടെയാണ്‌ ഈ സമീപനം സ്വീകരിക്കാൻ തയ്യാറായത്‌.

ശാസ്‌ത്ര–-സാങ്കേതിക രംഗങ്ങളിലും വലിയ മുന്നേറ്റം സൃഷ്ടിക്കാൻ സോവിയറ്റ്‌ യൂണിയന്‌ സാധിച്ചു. ബഹിരാകാശ സാങ്കേതികവിദ്യയിൽ മുന്നിലെത്തിയതോടൊപ്പം മറ്റ്‌ ശാസ്‌ത്രമേഖലയിലെ നേട്ടങ്ങളും എടുത്തുപറയേണ്ടതാണ്‌. കലാരംഗത്തും സിനിമാമേഖലയിലും വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു. സാമ്രാജ്യത്വത്തിന്റെ ലോകമേധാവിത്വം സ്ഥാപിക്കാനുള്ള ആക്രമണാത്മകമായ ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിരോധകോട്ട തീർത്തു. നിരവധി ദേശീയ വിമോചനപോരാട്ടങ്ങൾക്ക്‌ സോവിയറ്റ്‌ യൂണിയൻ പ്രചോദനവും കരുത്തുമായി മാറി.

സോവിയറ്റ്‌ യൂണിയന്റെ തകർച്ചയ്‌ക്കുശേഷം ആഗോള ധനമൂലധനത്താൽ നയിക്കുന്ന നവഉദാരവൽക്കരണ–-ആഗോളവൽക്കരണത്തിലൂടെ സാമ്രാജ്യത്വം നഗ്‌നമായ കടന്നാക്രമണം നടത്തുകയാണ്‌. സോവിയറ്റ്‌ യൂണിയന്റെ തകർച്ചയിലേക്ക്‌ നയിച്ച കാരണങ്ങൾ സിപിഐ എം പതിനാലാം പാർടി കോൺഗ്രസിൽ ‘പ്രത്യയശാസ്‌ത്ര പ്രമേയത്തിൽ’ വിശദമായി വിലയിരുത്തിയതാണ്‌. സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്‌. അതത്‌ രാജ്യങ്ങളിലെ കമ്യൂണിസ്‌റ്റ്‌ പാർടികൾ സാർവദേശീയ തലത്തിൽത്തന്നെ പ്രത്യേക കർമപദ്ധതികൾക്ക്‌‌ രൂപം നൽകണം. നമ്മൾ ഇന്ത്യൻ സാഹചര്യത്തിൽനിന്നുകൊണ്ടും പദ്ധതി തയ്യാറാക്കണം.

കോവിഡ്‌ ഭീഷണി നേരിടൽ

കോവിഡിനെ നേരിട്ട രീതിയിൽ സോഷ്യലിസ്‌റ്റ്‌–-മുതലാളിത്ത രാജ്യങ്ങൾ തമ്മിലെ വൈരുധ്യം പ്രകടമാണ്‌. മഹാമാരി പടർന്നുപിടിച്ച ഘട്ടത്തിൽ മുതലാളിത്ത ലോകം എങ്ങനെ ഇതിനെ നേരിടണമെന്നറിയാതെ ചക്രശ്വാസം വലിക്കുകയാണ്‌. പെട്ടെന്നുള്ള രോഗപ്പകർച്ചയും മരണവും മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണെന്ന്‌ വിദഗ്‌ധർ മുന്നറിയിപ്പുനൽകിയിട്ടും ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ മുതലാളിത്ത ലോകം പരാജയപ്പെട്ടു. എന്നാൽ, സോഷ്യലിസ്‌റ്റ്‌ രാജ്യങ്ങൾക്ക്‌ മഹാമാരി പടരുന്നത്‌ പെട്ടെന്ന്‌ നിയന്ത്രിക്കാനും സാമ്പത്തികപ്രവർത്തനം പുനരാരംഭിക്കുന്നതിനും‌ സാധിച്ചു.

നവഉദാരവൽക്കരണത്തിന്റെ പാപ്പരത്തമാണ്‌ ഇപ്പോഴത്തെ സാമ്പത്തിക തകർച്ച വ്യക്തമാക്കുന്നത്‌. നവഉദാരവൽക്കരണത്തിന്റെ മുഖ്യലക്ഷ്യം പരമാവധി ലാഭമുണ്ടാക്കുക എന്നതാണ്‌. ഇതിനായി ലോകമാനമുള്ള ഭൂരിഭാഗം ജനങ്ങളെയും തൊഴിലാളിവർഗത്തെയും ചൂഷണം ചെയ്യുന്നു. ഇത്‌ സാമ്പത്തിക അസമത്വം രൂക്ഷമാക്കി‌.

കോവിഡ്ക്കാലത്ത്‌ സാമ്പത്തിക മാന്ദ്യം രൂക്ഷമാകുമ്പോഴും ശതകോടിശ്വരന്മാർ ലാഭം വർധിപ്പിച്ച്‌ തടിച്ചുകൊഴുക്കുകയാണ്‌. ഭൂരിഭാഗം ജനങ്ങളുടെയും വാങ്ങൽശേഷി കുത്തനെ കുറയുന്നു എന്നത്‌ ഏറിവരുന്ന സാമ്പത്തിക അസമത്വത്തിന്റെ പ്രത്യാഘാതമാണ്‌. ഉൽപ്പാദിപ്പിക്കുന്നത്‌ വിറ്റഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ വളർച്ച നിലയ്‌ക്കും. വളർച്ചയില്ലെങ്കിൽ ചൂഷണം വർധിപ്പിച്ചും ജനങ്ങളെ പിഴിഞ്ഞും ലാഭം ഉയർത്താൻ മുതലാളിത്ത രാജ്യങ്ങൾ ശ്രമിക്കും. ഇപ്പോൾ ലോകമാകെ ഇതാണ്‌ സംഭവിക്കുന്നത്‌.

തൊഴിലവസരങ്ങളും ചോദനവും ഉയർത്താൻ പൊതുചെലവ്‌ വർധിപ്പിക്കാനുള്ള നീക്കങ്ങളെ നവഉദാരവൽക്കരണ ശക്തികൾ തടയുന്നു. അതുകൊണ്ടുതന്നെ ഉത്തേജക പാക്കേജുകളിൽ ഊന്നൽ നൽകിയിരിക്കുന്നത്‌ സ്വകാര്യ നിക്ഷേപത്തിനാവശ്യമായ ഫണ്ട്‌ ലഭ്യമാക്കുന്നതിലാണ്‌. പൊതുനിക്ഷേപം ഉയർത്തുന്നില്ല. അതുകൊണ്ടുതന്നെ സാമ്പത്തിക തകർച്ചയുടെ ആഴം കുറയ്‌ക്കാൻ നവഉദാരവൽക്കരണവാദികൾക്ക്‌ ഒരുവിധ പരിഹാരമാർഗവും നിർദേശിക്കാനാകുന്നില്ല. ഇതുമൂലം സാമ്പത്തിക തകർച്ച കൂടുതൽ രൂക്ഷമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News