രാജ്യത്ത് കൊവിഡ് മരണങ്ങൾ ഒന്നേകാൽ ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് മരണങ്ങൾ ഒന്നേകാൽ ലക്ഷം കടന്നു. ഇന്നലെ 577 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആകെ മരണങ്ങൾ 1,25,562 ആയി. ഇന്നലെ 50,357 പുതിയ കേസുകളും 53,920 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത് ഒൻപത് മാസം പിന്നിടുമ്പോളാണ് മരണ സംഖ്യ 1. 25 ലക്ഷം കടക്കുന്നത്. അമേരിക്കയ്ക്കും ബ്രസീലിനും പിന്നിലായി ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ച മൂന്നാമത്തെ രാജ്യമായി തുടരുകയാണ് ഇന്ത്യ. ഇന്നലെ 577 മരണങ്ങൾ സ്ഥിരീകരിച്ചതോടെ മരിച്ചവരുടെ ആകെ എണ്ണം 1,25,562 ആയി.

ആകെ മരണങ്ങളിൽ മുപ്പത്തിയഞ്ച് ശതമാനത്തിലേറെയും മഹാരാഷ്ട്രയിലാണ്. അവസാന 25000 മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ മുപ്പത്തിയഞ്ച് ദിവസങ്ങളാണ് എടുത്തത്. അതേസമയം 75000ത്തിൽ നിന്ന് മരണസംഖ്യ ഒരു ലക്ഷമാകാൻ ഇരുപത്തിരണ്ട് ദിവസമേ വേണ്ടി വന്നുള്ളു. ഇന്നലെ 50,357 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ രോഗം ബാധിച്ചത് 84,62,081 പേർക്കാണ്.

ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കുറയുന്നതാണ് കുറച്ചു നാളുകളായി ആശ്വാസം പകരുന്നത്. 5 ലക്ഷത്തിനടുത്ത് രോഗികൾ മാത്രമാണ് ചികിത്സയിലുള്ളത്. ഇന്നലെ 53,920 പേർ രോഗമുക്തി നേടിയതോടെ ചികിത്സയിൽ കഴിയുന്നവർ 5,16,632 ആണ്. ആക്റ്റീവ് കേസുകൾ ആറു ശതമാനത്തിനടുത്ത് മാത്രമാണ്‌ ഉള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 78 ലക്ഷം കടന്ന് 78,19,886 ആയി.

കൊവിഡ് വ്യാപനം രൂക്ഷമായ ദില്ലിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് ഏറ്റവും ഉയർന്ന പ്രതിദിന പോസിറ്റീവ് കേസുകളാണ്. 7178 പേരാണ് ഇന്നലെ രോഗ ബാധിതരായത്. തുടർച്ചയായ നാലാം ദിവസമാണ് കേസുകളുടെ എണ്ണം 6500 കടക്കുന്നത്. പശ്ചിമബംഗാളിൽ 3,942 കേസുകൾ റിപ്പോർട്ട് ചെയ്തു.

ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുത്തു. കർണാടകയിൽ 2960 പേർ രോഗ ബാധിതരായി. രോഗമുക്തരുടെ ആകെ എണ്ണം എട്ട് ലക്ഷത്തിനരികെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News