ഖുറാന്‍ വിതരണം; മന്ത്രി കെ ടി ജലീലിന് കസ്റ്റംസ് നോട്ടീസ് അയച്ചു

മന്ത്രി കെ ടി ജലീലിന് കസ്റ്റംസ് നോട്ടീസ് അയച്ചു. തിങ്ക‍ളാ‍ഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. യുഎഇ കോണ്‍സുല്‍ ജനറലിന്‍റെ അഭ്യര്‍ത്ഥപ്രകാരം ഖുറാന്‍ വിതരണം നടത്തിയ കാര്യങ്ങളില്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് മന്ത്രിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തിങ്കളാ‍ഴ്ച കൊച്ചിയിലെ കസ്റ്റംസ് പ്രവന്‍റീവ് ഓഫീസിന് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് മന്ത്രി കെ ടി ജലീലിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. യുഎഇ കോണ്‍സുല്‍ ജനറലിന്‍റെ ആവശ്യപ്രകാരം മലപ്പുറത്ത് രണ്ടിടങ്ങളില്‍ ഖുറാന്‍ വിതരണം ചെയ്യാന്‍ എത്തിച്ചിരുന്നതായി മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.

ഇക്കാര്യങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിന് വേണ്ടിയാണ് മന്ത്രിയെ വിളിച്ചുവരുത്തുന്നത്. നികുതിയളവോട് കൂടി യുഎഇയില്‍ നിന്നും ഖുറാന്‍ എത്തിച്ചത് വിദേശ സംഭാവന നിയന്ത്രണചട്ട ലംഘനമാണോയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഖുറാന്‍ കൈപ്പറ്റിയത് യുഎഇ കോണ്‍സുലറാണ്.

നയതന്ത്ര പരിരക്ഷയോടെ കോണ്‍സുലേറ്റില്‍ എത്തിയ മതഗ്രന്ഥം കോണ്‍സുല്‍ ജനറലിന്‍റെ അഭ്യര്‍ത്ഥന പ്രകാരമാണ് വഖഫ് ബോര്‍ഡിന്‍റെ കൂടി ചുമതലയുളള മന്ത്രി കെ ടി ജലീല്‍ കൈപ്പറ്റിയത്. 250തിലധികം പായ്ക്കറ്റുകളില്‍ 32 എണ്ണം മാത്രമാണ് മന്ത്രി മലപ്പുറത്ത് രണ്ടിടങ്ങളില്‍ വിതരണം ചെയ്യാനായി വാങ്ങിയത്. ഇവ സി ആപ്റ്റിന്‍റെ വാഹനങ്ങളില്‍ എത്തിക്കുകയായിരുന്നു. ഇവയില്‍ ഒരു പായ്ക്കറ്റ് മാത്രമാണ് പൊട്ടിച്ചിട്ടുളളത്.

ബാക്കി 31 എണ്ണവും കൊവിഡ് കാലമായതിനാല്‍ പൊട്ടിക്കാതെ സൂക്ഷിച്ചിട്ടുണ്ടെന്നും സംശയമുണ്ടെങ്കില്‍ ഏത് അന്വഷണ ഏജന്‍സികള്‍ക്കും പരിശോധിക്കാമെന്നും മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. ഖുറാന് പകരം സ്വര്‍ണ്ണം കടത്തിയെന്ന് ബിജെപിയും കോണ്‍ഗ്രസും ആരോപിച്ചതിന് പിന്നാലെയായിരുന്നു മന്ത്രി വിശദീകരണം നല്‍കിയത്.

നേരത്തേ എന്‍ഐഎയും സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തി മന്ത്രിയുടെ മൊ‍ഴി രേഖപ്പെടുത്തിയിരുന്നു. ഇഡിയും വിളിച്ചുവരുത്തി മൊ‍ഴിയെടുത്തിരുന്നു. പിന്നാലെയാണ് കസ്റ്റംസും മന്ത്രിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയാനായി നോട്ടീസ് നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News