ബിജെപിക്ക് കടന്നുവരാന്‍ കോണ്‍ഗ്രസ് അവസരം ഒരുക്കുന്നു; തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയംനേടും: കോടിയേരി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതിന് സഹായകമായ രാഷ്ട്രീയ സാഹചര്യമാണ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഉള്ളത്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെയും, കേരളത്തിലെ യുഡിഎഫ് നയങ്ങളെയും തുറന്നുകാണിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

തദ്ദേശ ഭരണസ്ഥാപനങ്ങളിലെ എല്‍ഡിഎഫ് ഭരണസമിതികളുടെ വികസന പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കും. കേന്ദ്രത്തിലെ ബിജെപി ഭരണവും, മുന്‍പുണ്ടായിരുന്ന യുഡിഎഫ് ഭരണവും വിലയിരുത്തിയുള്ള പോരാട്ടമാകും ഈ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് സമയത്തെ ദേശീയ സംഭവ വികാസങ്ങള്‍ പ്രധാനപ്പെട്ടതാണ്. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയല്ല, ആര്‍എസ്എസ് ഭരണഘടനക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മനുസ്മൃതി നടപ്പാക്കാനാണ് ആര്‍എസ്എസ് ശ്രമം. കോര്‍പ്പറേറ്റ് വല്‍ക്കരണമാണ് ബിജെപി നയം. അടുത്തിടെ കര്‍ഷക, തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയത് കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ്.

ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് വളര്‍ന്നുവരുന്നത്. സര്‍ക്കാര്‍ ജീവനക്കാരും ദേശീയതലത്തില്‍ പോരാട്ടത്തിലാണ്. സാമ്രാജ്യത്വ താല്‍പര്യമാണ് ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. മതനിരപേക്ഷ അടിത്തറയ്ക്ക് ആഘാതമാണ് കേന്ദ്ര ഭരണം ഉണ്ടാക്കുന്നത്. അതിനോടുള്ള പ്രതിഷേധമാണ് നവംബര്‍ 26 ലെ ദേശീയ പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. പൊതു പണിമുടക്ക് കേരളത്തില്‍ വന്‍ വിജമാക്കാന്‍ എല്ലാ പര്‍ട്ടി ഘടകങ്ങളും മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കണം.

ദേശീയതലത്തില്‍ ബിജെപിക്കെതിരായി ഒരു വിശാലമായ സഖ്യം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ബിഹാറില്‍ ഇടതുപക്ഷം അതിന് അനുസരിച്ച് പ്രവര്‍ത്തിക്കുണ്ട്. ഇത് രാജ്യവ്യാപകമായി വളര്‍ന്നുവരാന്‍ പോകുകയാണ്. ഇന്ത്യയില്‍ പ്രതിപക്ഷ ഐക്യമില്ല എന്ന ചിന്ത മാറിവരികയാണ്. അടുത്ത വര്‍ഷം കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. ഇതിന്റെ ഭാഗമായി ബംഗാളില്‍ ടിഎംസിയെയും ബിജെപിയേയും പരാജയപ്പെടുത്താനുള്ള പ്രവര്‍ത്തനം സിപിഐ എം ആരംഭിച്ചിരിക്കുകയാണ്. ഇവിടെ കോണ്‍ഗ്രസുമായി സീറ്റ് പങ്കിടുന്ന ചര്‍ച്ചകള്‍ നടന്നുവരികയാണ്.

തമിഴ്നാട്ടിലും വിശാല സഖ്യം രൂപപ്പെട്ട് വരുന്നുണ്ട്. എന്നാല്‍ ഇതില്‍നിന്നെല്ലാം വിഭിന്നമായി കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിക്കുന്ന നിലപാട് ബിജെപിക്ക് അനുകൂലമാണ്. കേരളത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ എടുക്കുന്ന സമീപനം കോണ്‍ഗ്രസിന് പ്രോത്സാഹനം നല്‍കുകയാണ്. അഖിലേന്ത്യ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടിന് അനുകൂലമായല്ല കേരളത്തിലെ കോണ്‍ഗ്രസ് നിലപാട്. കേന്ദ്ര നേതൃത്വത്തിനെവരെ തള്ളിപ്പറയുന്ന സ്ഥിതിയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ഉള്ളത്.

രാഹുല്‍ ഗാന്ധിയോട് കേന്ദ്ര നേതൃത്വം ഇവിടെ ഇടപെടേണ്ട എന്ന ചെന്നിത്തലയുടെ മറുപടി ഇതിന് ഉദാഹരണമാണ്. പശ്ചിമ ബംഗാളിലും ഈ സഖ്യം മുന്‍പ് ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷ സര്‍ക്കാരിനെ പുറത്താക്കാനായിരുന്നു ഇത്. കോണ്‍ഗ്രസും, ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും അടക്കം ഇടതുപക്ഷ സര്‍ക്കാരിനെ പുറത്താക്കാന്‍ ഒത്തുചേര്‍ന്നു. പിന്നീട് ടിഎംസിയും കോണ്‍ഗ്രസും തെറ്റി പിരിയുകയാണ് ഉണ്ടായത്. അന്ന് ആര്‍എസ്എസ് ലക്ഷ്യം ഭാവി രാഷ്ട്രീയത്തില്‍ ഇടപെടുക എന്നതായിരുന്നു. അതിന്റെ വില ബംഗാളില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ കൊടുക്കുന്നുണ്ട്.

ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരം എന്നായിരുന്നു കോണ്‍ഗ്രസിന്റെ നേതാക്കളുടെ പ്രചാരണം. എന്നാല്‍ അവിടെ ഇടതുപക്ഷം വിജയിച്ചു. കേരളത്തില്‍ സര്‍ക്കാരിനെ അസ്ഥിരീകരിക്കാനാണ് യുഡിഎഫ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മത വര്‍ഗീയ ശക്തികളുമായി ആപത്ക്കരമായ രാഷ്ട്രീയ കൂട്ടുകെട്ടിലാണ് കോണ്‍ഗ്രസ് അകപ്പെട്ടിട്ടുള്ളത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളോട് പറഞ്ഞ് എല്‍ഡിഎഫ് വോട്ടുതേടും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രകടനപത്രികയില്‍ പറഞ്ഞ 600 പദ്ധതികളില്‍ 20 എണ്ണം ഒഴികെ എല്ലാം പൂര്‍ത്തിയാക്കി. കോവിഡ് പശ്ചാത്തലത്തിലും പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് എല്‍ഡിഎഫ് തെളിയിച്ചു. യുഡിഎഫിന് അസാധ്യമായത് എല്‍ഡിഎഫിന് സാധ്യമാകും.

പ്രഖ്യാപിച്ച കാര്യങ്ങള്‍ ഓരോന്നായി നടപ്പാക്കാനാണ് എല്‍ഡിഎഫ് ശ്രമിച്ചിട്ടുള്ളത്. സാമൂഹ്യനീതി ഉറപ്പുവരുത്താന്‍ ഇടപെട്ട സര്‍ക്കാരാണിത്. ഇതാണ് മറ്റ് സര്‍ക്കാരുകളില്‍നിന്ന് എല്‍ഡിഎഫിനെ വ്യത്യസ്തമാക്കുന്നത്.

കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് ഇടപെടുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മുന്‍പ് ഇത്തരത്തില്‍ അന്വേഷണങ്ങളും ചോദ്യം ചെയ്യലുകളും ഉണ്ടായിട്ടുണ്ട്. അന്ന് പല വിഷയങ്ങളിലും സ്വീകരിച്ച നിലപാടല്ല കോണ്‍ഗ്രസ് ഇപ്പോള്‍ സ്വീകരിക്കുന്നത്.

ഇഡി പലരുടേയും മൊഴി എന്ന പേരില്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്ന രീതി മുന്‍പ് ഉണ്ടായിരുന്നില്ല. മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്പ്പോള്‍ ഏതെങ്കിലും മാധ്യമങ്ങള്‍ക്ക് ഇഡി വാര്‍ത്ത എന്ന് പറഞ്ഞ് എന്തെങ്കിലും നല്‍കിയിരുന്നോ?.

രാഷ്ട്രീയ നിലയിലാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് മറയില്ലാതെ വ്യക്തമാണ്. വളരെ നാളായി സംസ്ഥാനം ആവശ്യപ്പെടുന്ന ടൈറ്റാനിയം അഴിമതി അന്വേഷിക്കാന്‍പോലും സിബിഐ തയ്യാറല്ല. ഉമ്മന്‍ചാണ്ടി, ചെന്നിത്തല, ഇബ്രാഹിംകുഞ്ഞ് എന്നിവരാണ് പ്രതിസ്ഥാനത്ത് വരിക. മാറാട് കേസില്‍ നാല് വര്‍ഷമായി അന്വേഷണമില്ല. യുഡിഎഫും ബിജെപിയുും തമ്മിലുള്ള ധാരണക്കനുസരിച്ചാണ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. അത് വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങള്‍.

സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണ് ഉണ്ടാകുന്നത്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്നതിനെതിരെ എല്‍ഡിഎഫ് ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കും. അതിനുള്ള തീയതിയും മറ്റും എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അഴിമതി രഹിത ഭരണമാണ് എല്‍ഡിഎഫ് നടത്തുന്നത്. യുഡിഎഫിലെ ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ക്കെതിരെ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. ഇത്തരം പ്രശ്നങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ മാധ്യമങ്ങള്‍ മടിക്കുന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണ് കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News