വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രഹസ്യധാരണയ്ക്ക് കോണ്‍ഗ്രസ് തീരുമാനം

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രഹസ്യധാരണയ്ക്ക് കോണ്‍ഗ്രസ് തീരുമാനം. കെപിസിസി രാഷ്ട്രീയകാര്യസമിതി ഇതിന് പച്ചക്കൊടി കാട്ടി. സഖ്യം പരസ്യമായി പറയേണ്ടതില്ലെന്നും പ്രാദേശികമായി നീക്കുപോക്കുകള്‍ ആകാമെന്നും തീരുമാനം. സാമൂഹിക സംഘടനകളുടെ സഹായം സ്വീകരിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യനീക്കം പുറത്തുവന്നതിനുശേഷം ഉയര്‍ന്നുവന്ന എതിര്‍പ്പുകള്‍ പ്രതിരോധിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്നാണ് സഖ്യം പുറത്തുപറയേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിയത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ മാധ്യമങ്ങളോടുള്ള മറുപടി.

എന്നാല്‍, ചില സാമൂഹിക സംഘടനകളുടെ സഹായം സ്വീകരിക്കാന്‍ തീരുമാനിച്ചതായി മുല്ലപ്പള്ളി പറഞ്ഞു. ഇവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാന്‍ തയ്യാറായില്ല. പി സി ജോര്‍ജിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നാണ് രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം. കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗത്തെ യുഡിഎഫ് ഘടക കക്ഷിയാക്കില്ല. പകരം പി ജെ ജോസഫ് വിഭാഗവുമായി ലയിപ്പിച്ച് അവരെയും ഉള്‍പ്പെടുത്തി മുന്നോട്ട് പോകാനാണ് തീരുമാനം.

സീറ്റു വിഭജന ചര്‍ച്ചയില്‍ ഘടകകക്ഷികളുടെ അപ്രമാഥിത്വം അനുവദിക്കേണ്ടതില്ലെന്ന് ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കും. കൊല്ലത്ത് ആര്‍എസ്പിയും, കോട്ടയത്ത് ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസും, മലപ്പുറം അടക്കമുള്ള ജില്ലകളില്‍ മുസ്ലീംലീഗും കൂടുതല്‍ സ്ഥാനങ്ങള്‍ക്ക് പരസ്യവും രഹസ്യവുമായി അവകാശവാദം ഉന്നയിക്കുന്നതിനിടയിലാണ് ഈ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News