നാഗ്പൂരിൽ മരിച്ച മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറായില്ല; സംസ്കാരം മലയാളി സമാജങ്ങൾ ഏറ്റെടുത്ത് നടത്തി

കഴിഞ്ഞ ദിവസം നാഗ്പൂരിലെ മങ്കാപൂരിലുള്ള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളിയുടെ സംസ്കാര ചടങ്ങുകൾ പ്രദേശത്തെ മലയാളി സമാജങ്ങൾ ഏറ്റെടുത്ത് നടത്തി. നാഗ്പൂരിലെ വാടക വീട്ടിൽ താമസക്കാരനായിരുന്ന മുകുന്ദൻ കുമാരൻ നായരാണ് കുളിമുറിയിൽ മരിച്ചു കിടക്കുന്നതായി വീട്ടുടമസ്ഥൻ കണ്ടെത്തിയത്. 69 വയസ്സായിരുന്നു.

നാഗ്പൂരിലെയും മുംബൈയിലെയും സാമൂഹിക പ്രവർത്തകർ ഇടപെട്ട് ഇയാളുടെ ബന്ധുക്കളെ കുറിച്ചുള്ള വിവരങ്ങൾ സംഘടിപ്പിച്ചു ബന്ധപ്പെട്ടെങ്കിലും ഇവരാരും മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല എന്ത് ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. ഇത് ഏറെ പ്രതിസന്ധിയിലാക്കിയത് നാഗ്പൂരിലുള്ള മലയാളി സാമൂഹിക പ്രവർത്തകരെയായിരുന്നു.

മുംബൈയിൽ രണ്ടു സഹോദരന്മാരും മകളും താമസിക്കുന്നുണ്ട്. ഭാര്യ ഓമന കേരളത്തിൽ പാലക്കാട് കൊല്ലംകാവിലാണ് താമസം. മകൻ സദാനന്ദൻ സാൾട്ട് ആൻഡ് പെപ്പർ എന്ന മലയാളം ഹിറ്റ് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ്. ഇയാൾ ബാംഗ്ലൂരിലാണെന്ന് പറയപ്പെടുന്നു. ഫോണിൽ ബന്ധപ്പെടാനുള്ള ശ്രമങ്ങളെല്ലാം വിഫലമായി.

നോർക്ക മുംബൈ ഡെവലപ്പ്മെന്റ് ഓഫീസർ ശ്യാംകുമാറാണ് ചിറ്റൂർ, കൊല്ലംകാവ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് മുകുന്ദൻ നായരുടെ വീട്ടുകാരെ കണ്ടെത്തിയത്. തുടർന്ന് കൊല്ലംകാവ് സ്റ്റേഷനിലെ പോലീസുകാർ മുകുന്ദൻ നായരുടെ വീട്ടിലെത്തി ഭാര്യ ഓമനയെ കണ്ടു ഭർത്താവിന്റെ മരണ വിവരം അറിയിച്ചു.

എന്നാൽ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ട് വരുന്നതിൽ താല്പര്യമില്ലെന്നും സംസ്കാര ചടങ്ങുകൾ നാഗ്പൂരിൽ തന്നെ നടത്തുന്നതിൽ വിരോധമില്ലെന്നുമാണ് ഓമന പോലീസിനെ ധരിപ്പിച്ചത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇവർ പിരിഞ്ഞിരിക്കയാണെന്നും കുടുംബവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നുമാണ് ഓമന പോലീസിനോട് പറഞ്ഞത്. ഇതേ നിലപാടായിരുന്നു മുകുന്ദൻ നായരുടെ മുംബൈയിലെ സഹോദരന്മാരും അറിയിച്ചത്.

ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ മഹാരാഷ്ട്ര ഘടകം പ്രസിഡന്റ് അഡ്വക്കേറ്റ് പത്മ ദിവാകരൻ, എയ്മ നാഷണൽ സീനിയർ വൈസ് പ്രസിഡന്റ് ആർ എസ് പിള്ള, നാഗ്പുർ മലയാളി സമാജം പ്രസിഡന്റ് ശിവശങ്കരൻ നായർ, ജനറൽ സെക്രട്ടറി അനിൽ മാത്യു എന്നിവരുടെ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായാണ് കുടുംബാംഗങ്ങളുമായി ബന്ധപ്പെടുവാൻ കഴിഞ്ഞത്. ബന്ധുക്കൾ എല്ലാവരും കയ്യൊഴിഞ്ഞതോടെ നാഗ്പൂരിലെ മലയാളി സമാജവും നായർ സമാജവും ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. പ്രദേശത്തെ പോലീസുകാരുടെ സഹകരണത്തോടെ ഹിന്ദു ആചാര പ്രകാരം സംസ്കാര ചടങ്ങുകൾ നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News