‘വിഭജിക്കുന്ന നേതാവാകില്ല’ ഐക്യത്തിന് ആഹ്വാനം ചെയ്ത് ജോ ബൈഡന്‍; നൂറ്റാണ്ടുകള്‍ നീണ്ട അവകാശ പോരാട്ടങ്ങളെ എണ്ണിപ്പറഞ്ഞ് കമലാ ഹാരിസ്

മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അമേരിക്കയുടെ 46ാമത്തെ പ്രസിഡണ്ടായി ജോബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടു. ജനങ്ങള്‍ നല്‍കിയ പിന്‍തുണയ്ക്കും സ്നേഹത്തിനും നന്ദിപറഞ്ഞ് ജോബൈഡന്‍ അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്തു.

താന്‍ വിഭജിക്കുന്ന നേതാവാകില്ലെന്നുപറഞ്ഞ ജോബൈഡന്‍ ഐക്യത്തിന് വേണ്ടി ആഹ്വാനം ചെയ്തുകൊണ്ടാണ് ലോകത്തെയും അമേരിക്കന്‍ ജനതയെയും ആദ്യമായി അഭിസംബോധന ചെയ്തതെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്.

ട്രംപിന്‍റേത് വിഭജനത്തിന്‍റെ രാഷ്ട്രീയമായിരുന്നു അതിനെതിരായ വോട്ടുകളാണ് തന്‍റെ വിജയത്തിന് കാരണമായതെന്ന് പറഞ്ഞ ബൈഡന്‍ തനിക്ക് വോട്ട് ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും വേണ്ടി താന്‍ പ്രവര്‍ത്തിക്കുമെന്ന് ജോ ബൈഡന്‍ പറഞ്ഞു.

‘നമ്മുടെ മഹത്തായ രാജ്യത്തെ നയിക്കാനായി എന്നെ തെരഞ്ഞെടുത്തതിലൂടെ ഞാന്‍ ആദരിക്കപ്പെടുന്നു. നമുക്ക് മുന്നിലുള്ള ജോലി കാഠിന്യമേറിയതാണ്. എനിക്ക് നിങ്ങള്‍ വോട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ എല്ലാ അമേരിക്കക്കാരുടേയും പ്രസിഡണ്ടായിരിക്കുമെന്ന് ഞാന്‍ ഉറപ്പുതരുന്നു. നിങ്ങള്‍ എന്നിലര്‍പ്പിച്ച വിശ്വാസം ഞാന്‍ കാത്തുസൂക്ഷിക്കും’, ബൈഡന്‍ ട്വീറ്റ് ചെയ്തു.

രാജ്യത്തെ എറ്റവും മികച്ച പോരാളിയാണ് തന്‍റെ വൈസ് പ്രസിഡണ്ട് കമലാ ഹാരിസ് എന്ന് പറഞ്ഞ ബൈഡന്‍ കമലയിലൂടെ അമേരിക്ക എ‍ഴുതിച്ചേര്‍ത്ത പുതിയ ചരിത്രത്തെയും ഓര്‍മപ്പെടുത്തി.

നൂറ്റാണ്ടുകള്‍ നീണ്ട രാജ്യത്തെ സ്ത്രീ അവകാശ പോരാട്ടത്തെയും അടിച്ചമര്‍ത്തപ്പെട്ടവരുടെ ജീവിതത്തെയും എടുത്തുപറഞ്ഞാണ് കമല അമേരിക്കയെ അഭിസംബോധന ചെയ്തത്.

താനാണ് അമേരിക്കന്‍ ചരിത്രത്തില്‍ രാജ്യത്തിന്‍റെ വൈസ് പ്രസിഡണ്ട് പദവിയിലെത്തുന്ന ആദ്യത്തെ വനിത പക്ഷെ ഇതൊരു തുടക്കം മാത്രമായിരിക്കുമെന്നും അനേകര്‍ ഇനി തനിക്ക് പിന്നാലെ വരുമെന്നും അമേരിക്കയുടെ ചരിത്രത്തിന്‍റെ ഭാഗമാകുമെന്നുമുള്ള കമലയുടെ വാക്കുകളെ നിര്‍ത്താത്ത കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News