വിവാഹിതരല്ലാത്തവര്‍ക്കും ഒന്നിച്ച് താമസിക്കാം, 21 വയസ്സ് ക‍ഴിഞ്ഞാല്‍ മദ്യപാനം കുറ്റകരമല്ല

രാജ്യത്തെ ഇസ്‌ലാമിക വ്യക്തിഗത നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി യുഎഇ. അവിവാഹിതരായ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നത്, 21 വയസ്സ് പൂര്‍ത്തിയായവരുടെ മദ്യപാനം എന്നിവ കുറ്റകരമല്ലാതാക്കുന്ന നിയമ മാറ്റങ്ങളാണ് നടപ്പില്‍ വരുത്തുന്നത്.

ലൈംഗിക കേസുകളുമായി ബന്ധപ്പെട്ട നടപടികള്‍, അനന്തരാവകാശം, വിവാഹം, വിവാഹമോചനം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലും കാര്യമായ മാറ്റങ്ങളുണ്ടാകും.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് കനത്ത ശിക്ഷ തന്നെ ഏര്‍പ്പെടുത്തും. സ്ത്രീകളെ ഉപദ്രവിക്കുന്ന പ്രതി ബന്ധുവായ പുരുഷനാണെങ്കില്‍ ശിക്ഷയില്‍ ഇളവ് ലഭിക്കുന്ന രീതിയാണ് നിലവിലുള്ളത്. പുതിയ നിയമ പരിഷ്കാരത്തോടെ ഈ രീതി മാറും. എല്ലാം കുറ്റകൃത്യമായി കണ്ട് ശിക്ഷ നല്‍കും.

അതേസമയം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവരെ ബലാത്സംഗത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ ഏര്‍പ്പെടുത്താനും തീരുമാനമായി.

വിവിധ എമിറേറ്റുകളിലായി വ്യത്യസ്ത നിയമങ്ങളാണ് മദ്യപാനവുമായി ബന്ധപ്പെട്ട് പ്രാബല്യത്തിലുള്ളത്.
നിയമ പരിഷ്കാരം നിലവില്‍ വരുന്നതോടെ മദ്യപാനം സ്വകാര്യമായിട്ടോ അല്ലെങ്കില്‍ ലൈസന്‍സുള്ള ഇടങ്ങളിലോ ആകണം, മദ്യപിക്കുന്ന വ്യക്തിയ്ക്ക് 21 വയസ്സ് കഴിഞ്ഞിരിക്കണം എന്ന നിബന്ധന മാത്രമാണ് ഉണ്ടാകുക.

കൂടാതെ പ്രവാസികളുമായി ബന്ധപ്പെട്ട വ്യക്തി നിയമങ്ങളില്‍ ഇസ്‌ലാമിക നിയമങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനും പുതിയ പരിഷ്‌കാരം ലക്ഷ്യമിടുന്നുണ്ട്.

മാതൃരാജ്യത്ത് വിവാഹിതരാകുകയും യു.എ.ഇയില്‍ വെച്ച് വിവാഹമോചിതരാകുകയും ചെയ്യുന്ന ദമ്പതികള്‍ക്ക് അവരുടെ രാജ്യത്തെ നിയമമായിരിക്കും ബാധകമാകുക.

അറബി സംസാരിക്കാത്ത പ്രതികള്‍ക്കും സാക്ഷികള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കായി വിവര്‍ത്തകരെ അനുവദിക്കും. ആവശ്യമെങ്കില്‍ കൂടാതെ പ്രതികള്‍ക്കും സാക്ഷികള്‍ക്കും കോടതിയില്‍ വിവര്‍ത്തകരെ നല്‍കണമെന്നും പുതിയ നിയമം അനുശാസിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News