ട്രംപ് തോറ്റു എന്നത് സത്യം, പക്ഷെ ട്രംപിസത്തെ അത്ര പെട്ടെന്ന് തോൽപ്പിക്കാനാവില്ല: എൻ ലാൽകുമാർ

എൻ ലാൽകുമാർ എഴുതുന്നു :
ഒടുവിൽ അമേരിക്കൻ ജനത അവരുടെ തെറ്റ് തിരുത്തിയിരിക്കുന്നു. നിലവാരമില്ലാത്ത ഒരു പ്രസിഡന്റിനെയാണ് തങ്ങൾ തെരഞ്ഞെടുത്തതെന്ന് ട്രമ്പിന്റെ ഭരണത്തിന്റെ തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ അവർക്കു സാധിച്ചു. ഇംപീച്ച്‌മെന്റിലൂടെ അദ്ദേഹത്തെ പുറത്താക്കി, എത്രയും പെട്ടെന്ന് ആ തെറ്റ് തിരുത്താൻ അമേരിക്കൻ ജനത ശ്രമിച്ചുവെങ്കിപും അത് വിജയം കണ്ടില്ല. എന്നാൽ ആ ദുർഭരണം നാല് വർഷത്തിൽ ഒതുക്കാൻ അവർക്ക് സാധിച്ചു. അത് അഭിനന്ദനീയമായ കാര്യമാണ്. ട്രമ്പിന്റെ എല്ലാ കുതന്ത്രങ്ങളേയും തരണം ചെയ്തു വിജയം പിടിച്ചുവാങ്ങിയ ബൈഡൻ, എല്ലാ ജനാധിപത്യ വിശ്വാസികൾക്കും പ്രത്യാശ നൽകുന്നു.

ലോകമെമ്പാടും തീവ്രവലതുപക്ഷം തുടർച്ചയായി അധികാരത്തിലേറുന്ന, ആശങ്കാജനകമായ സാഹചര്യത്തിൽ വേണം നമ്മൾ ട്രമ്പിന്റെ ഈ പരാജയത്തെ നോക്കിക്കാണുവാൻ . അങ്ങേയറ്റം ജനവിരുദ്ധമായ ഭരണം കാഴ്ചവെച്ചിട്ടും, ആദ്യത്തെ തവണയേക്കാൾ കൂടുതൽ വോട്ടുനേടി ഇൻഡ്യയിൽ വീണ്ടും അധികാരത്തിൽ വന്ന എൻ.ഡി.എ തന്നെയാണ് അതിന്റെ ഏറ്റവും നല്ല ഉദാഹരണം.

വലതുപക്ഷം എപ്പോഴും വികാരം വിറ്റ് വോട്ട് നേടാൻ ശ്രമിക്കും. വെറുപ്പിന്റെ രാഷ്ട്രീയമാണ് അവരുടെ പ്രധാന ആയുധം.അതുതന്നെയാണ് ഇന്ത്യയിലും നാം അഭിമുഖീകരിക്കുന്നത്. ഹിന്ദി ബെൽറ്റിൽ ജീവിക്കുന്ന ജനങ്ങൾ വിവേകത്തോടെ വോട്ട് ചെയ്തിരുന്നുവെങ്കിൽ എന്താകുമായിരുന്നു മോദിയുടെ സ്ഥിതി ?. അയോദ്ധ്യയും, പാകിസ്ഥാനുമൊക്കെ മുഖ്യതെരഞ്ഞെടുപ്പ് വിഷയമാക്കുകയും, ഡീമോണിട്ടൈസേഷൻ, തൊഴിലില്ലായ്മ, സാമൂഹികനീതി മുതലായ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോവുകയും ചെയ്യുകയെന്നത് വലതുപക്ഷ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം വിജയം തന്നെയാണ്.

എത്ര നാൾ നമുക്കിങ്ങനെ തുടരാൻ കഴിയുമെന്നത് ഒരു വലിയ ചോദ്യമാണ്. അതിനുത്തരം പറയുകയെളുപ്പമല്ല. സാമൂഹികബോധമുള്ള ഒരു സമൂഹം വികാരപരമല്ലാതെ, വിവേകത്തോടെ വോട്ട് ചെയ്യുന്ന കാലംവരെ നാം ഇവരെയൊക്കെ സഹിച്ചേ മതിയാവൂ. അതുകൊണ്ടുതന്നെ ജനതയെ ബോധവൽക്കരിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വലതുപക്ഷരാഷ്ട്രീയം പടർത്തുന്ന വെറുപ്പിനെ ജനങ്ങൾക്ക് മുൻപിൽ തുറന്നു കാണിക്കുകയും അവരുടെ ജനവിരുദ്ധമായ സാമൂഹിക,സാമ്പത്തിക, നയപരമായ തീരുമാനങ്ങളെ ശക്തമായി എതിർക്കുകയും ചെയ്യുക വഴി ജനങ്ങളുടെ കണ്ണുതുറപ്പിക്കാൻ നമുക്ക് സാധിക്കും. അങ്ങനെ വിവേകമാർജിച്ച ജനത ബിജെപിയെ തള്ളിക്കളയുകതന്നെ ചെയ്യും.

നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, അമേരിക്കയിലെ ഭരണഘടന പ്രകാരം ഒരാൾക്ക് പരമാവധി രണ്ടുപ്രാവശ്യം മാത്രമേ പ്രസിഡണ്ടാകാൻ കഴിയൂ. അതായത്, ട്രമ്പ് ഈ ഇലക്ഷനിൽ ജയിച്ചിരുന്നുവെങ്കിൽക്കൂടി പരമാവധി നാലുവർഷം കൂടി മാത്രമേ ട്രമ്പിന് ഭരിക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇന്ത്യൻ ഭരണഘടനയിൽ എത്രപ്രാവശ്യം പ്രധാനമന്ത്രിയാകാമെന്നതിന് ഒരു പരിധിയുമില്ല. അതുകൊണ്ട് നരേന്ദ്രമോദിയുടെ ഭരണകാലം എത്രകാലം കൊണ്ടു തീരുമെന്ന് പ്രത്യാശപുലർത്താനുമാകില്ല.

അതിനോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ടത് ട്രമ്പിന് സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുപോലും പലതവണ വിമർശനം നേരിടേണ്ടിവന്നിട്ടുണ്ട് എന്നുള്ളതാണ്. നേരെമറിച്ച്, ഇൻഡ്യയിൽ നരേന്ദ്രമോദിയ്ക്കും അമിത്ഷായ്ക്കും പൂർണമായും വിധേയമായി വർത്തിക്കുന്ന പാർട്ടിയാണ് ബിജെപി. ഈ രണ്ടു വസ്തുതകളിൽ നിന്നും, ഇന്ത്യ നേരിടുന്നത്, അമേരിക്ക ട്രമ്പിൽ നിന്ന് നേരിട്ടതിനെക്കാൾ വലിയ ആപത്താണെന്ന് വ്യക്തമാകുന്നു.

അമേരിക്ക പൂർണമായും സാമൂഹിക പുരോഗതി നേടിയതുകൊണ്ട് തീവ്രവലതുപക്ഷ ആശയങ്ങളുടെ അപകടം മനസ്സിലാക്കി ട്രമ്പിനെ പുറത്താക്കിയതല്ല. അമേരിക്കൻ ജനത ബൈഡന് വോട്ട് ചെയ്തത്, ട്രമ്പിനെ ഒരുതരത്തിലും സഹിക്കാൻ വയ്യാതെയാണ്.

പക്ഷെ, ട്രമ്പ് എന്ന രാഷ്ട്രീയക്കാരൻ ഇപ്പോഴും അമേരിക്കയിൽ ബാക്കിവെച്ചിട്ടുള്ള വിഭജനത്തിന്റെ, വർണ്ണവെറിയുടെ, വർഗീയതയുടെ രാഷ്ട്രീയം ഇല്ലാതാകണമെങ്കിൽ കാലങ്ങളെടുക്കും. ട്രമ്പ് തോറ്റു എന്നത് സത്യം തന്നെ, എന്നാൽ ട്രമ്പിസ്സത്തെ അത്ര പെട്ടന്ന് പരാജയപ്പെടുത്താൻ കഴിയില്ല. അതിന് സാധിക്കും വരെ ലോകം ജാഗ്രതയോടെയിരിക്കണം. അല്ലാത്തപക്ഷം, വികാരം ഇളക്കിവിട്ടു എപ്പോൾ വേണമെങ്കിലും അധികാരത്തിൽ എത്താൻ മറ്റൊരു ട്രമ്പിന് സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News