രാഷ്ട്രീയത്തിന്‍റെ പേരില്‍ പോരിനുറച്ച് നടന്‍ വിജയിയും പിതാവ് എസ്എ ചന്ദ്രശേഖറും

നടന്‍ വിജയിയുടെ രാഷ്ട്രീയ പ്രവേശം പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഒരുപാട് നേരത്തെ തന്നെ താരത്തിന്‍റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും താരം ഒന്നിനോടും പ്രതികരിച്ചില്ല. എന്നാലിപ്പോള്‍ വിഷയത്തില്‍ വിജയിയുടെ പുതിയ നിലപാട് ചര്‍ച്ചയ്ക്ക് വ‍ഴിവച്ചിരിക്കുകയാണ്.

നടന്‍ വിജയ്‌യുടെ പേരില്‍ പിതാവും സംവിധായകനുമായ എസ്.എ ചന്ദ്രശേഖര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിലാണ് വിവാദം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നത്. ‘ഓള്‍ ഇന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം’ എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി ഇലക്ഷന്‍ കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇതിനെ തള്ളി വിജയ് രംഗത്ത് വന്നിരുന്നു.

പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ലെന്നും ആരാധകര്‍ അംഗമാകരുതെന്നും വിജയ് വ്യക്തമാക്കിയിരുന്നു. വിജയ്‌യുടെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് അച്ഛന്‍ എസ്. എ ചന്ദ്രശേഖര്‍. വിജയ്ക്ക് ചുറ്റും ക്രിമിനലുകളാണെന്നും താന്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയെ മകന്‍ തള്ളിപ്പറയില്ലെന്നും അത്തരമൊരു പ്രസ്താവന വിജയ്‌യുടെ അല്ലെന്നും ചന്ദ്രശേഖര്‍ തമിഴ് ചാനലുകളോട് വ്യക്തമാക്കി. മകനുമായി ശത്രുതയില്ല, മകന്റെ ആരാധകരുടെ ആഗ്രഹപ്രകാരമാണ് രാഷ്ട്രീയ പാര്‍ട്ടിയെന്നും എസ്.എ.

1993ല്‍ ‘രസിഗര്‍ മന്‍ട്രം’ എന്ന പേരില്‍ വിജയ് ആരാധകരുടെ സംഘടന രൂപീകരിച്ചത് താനാണ്. ഇത് വിജയ് ആവശ്യപ്പെട്ടിട്ടല്ല. അത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ‘മക്കള്‍ ഇയക്ക’മായി മാറി. ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ‘മക്കള്‍ ഇയക്കം’ വര്‍ഷങ്ങളായി സജീവമായതിനാലാണ് ആരാധകരുടെ ആഗ്രഹം പരിഗണിച്ച് രാഷ്ട്രീയ പാര്‍ട്ടിയാക്കിയതെന്നും എസ്. എ പറയുന്നു. പൊതുപ്രവര്‍ത്തനം നടത്തുന്ന ഈ സംഘടനക്ക് അംഗീകാരമുണ്ടാകണമെന്ന ലക്ഷക്കണക്കിന് വിജയ് ആരാധകരുടെ ആഗ്രഹത്താലാണ് രാഷ്ട്രീയ കക്ഷിയായത്.

എന്നാല്‍ വിഷയത്തില്‍ കടുത്ത നിലപാടാണ് വിജയ് സ്വീകരിക്കുന്നത്. തന്‍റെ പേരില്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിക്ക് താനുമായി യാതൊരു ബന്ധവുമില്ലെന്നും ആരാധകരും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകരുതെന്നാണ് വിജയിയുടെ പ്രതികരണം.

വിജയിയുടെ അറിവില്ലാതെയാണ് പിതാവ് എസ്എ ചന്ദ്രശേഖര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതെന്ന് അമ്മയും പ്രതികരിച്ചു. തന്‍റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള കമന്‍റുകള്‍ നടത്തുന്നതിലുള്ള അതൃപ്തി പിതാവിനോട് നേരത്തെ തന്നെ പങ്കുവച്ചിരുന്നെങ്കിലും എസ്എ ചന്ദ്രശേഖര്‍ വീണ്ടും ഇതേനടപടി സ്വീകരിക്കുകയായിരുന്നു.പിന്നീട് ഇരുവരും ഇതിനെക്കുറിച്ച് സംസാരിക്കാതെയായെന്ന് അമ്മ പറയുന്നു. പാര്‍ട്ടി രൂപീകരിച്ചതിന്‍റെ പേരില്‍ ജയിലില്‍ പോകേണ്ടിവന്നാല്‍ താന്‍ അതിന് തയ്യാറാണെന്നാണ് എസ് എ ചന്ദ്രശേഖറിന്‍റെ പ്രതികരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News