അർണബ് ഗോസ്വാമിയെ തലോജ ജയിലിലേക്ക് മാറ്റി; ജീവൻ അപകടത്തിലാണെന്ന് അർണബ്

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് രാവിലെ റിപ്പബ്ലിക് ടിവി മേധാവി അർണാബ് ഗോസ്വാമിയെ നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിലേക്ക് മാറ്റി. നവംബർ 4 ന് അറസ്റ്റുചെയ്ത അർണാബിനെ ക്വാറന്റൈൻ കേന്ദ്രമായി ഉപയോഗിച്ചിരുന്ന അലിബാഗ് ഗവൺമെന്റ് സ്‌കൂളിലാണ് ഇത് വരെ പാർപ്പിച്ചിരുന്നത്.

പോലീസ് വാനിൽ ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ തന്നെ പോലീസ് ഉദ്യോഗസ്ഥർ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും ജീവൻ അപകടത്തിലാണെന്നും അർണാബ് ഗോസ്വാമി വിളിച്ചു കൂവിയിരുന്നു.

ഇന്റീരിയർ ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട 2018 ലെ ആത്മഹത്യ പ്രേരണ കേസിൽ ഐപിസി സെക്ഷൻ 306 പ്രകാരമാണ് അർണാബിനെ അറസ്റ്റുചെയ്തത്.

ഞായറാഴ്ച രാവിലെ അലിബാഗ് ഗവൺമെന്റ് സ്‌കൂളിൽ നിന്ന് മാറ്റുന്നതിനിടെയാണ് തന്റെ ജീവൻ അപകടത്തിലാണെന്നും അഭിഭാഷകരുമായി സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും അർണാബ് പരാതിപ്പെട്ടത്.

“എന്റെ ജീവൻ അപകടത്തിലാണ്, എന്റെ ജീവൻ അപകടത്തിലാണ്, അഭിഭാഷകരുമായി സംസാരിക്കാൻ എന്നെ അനുവദിക്കുന്നില്ല, ഇന്ന് രാവിലെ കസ്റ്റഡിയിൽ എന്നെ മർദിച്ചു.. എന്റെ ജീവൻ അപകടത്തിലാണെന്ന് രാജ്യത്തെ ജനങ്ങളെ അറിയിക്കണം.” അർണാബ് പോലീസ് വാനിലിരുന്നു വിളിച്ചു പറഞ്ഞു.

ബി ജെ പി പ്രവർത്തകരും ശിവസേന അനുയായികളും യാത്രയിൽ ഉടനീളം പോലീസ് വാഹനത്തെ പിന്തുടർന്ന് അറസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും മുദ്രവാക്യങ്ങൾ മുഴക്കിയിരുന്നു. വലിയ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് അർണാബിനെ തലോജ ജയിലിൽ എത്തിച്ചത്.

അബു സലിം അടക്കമുള്ള നിരവധി അധോലോക കുറ്റവാളികളെ പാർപ്പിച്ചിരിക്കുന്നതും നവി മുംബൈയിലുള്ള തലോജ ജയിലിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News