‘ജനാധിപത്യം അവർക്കുകൂടിയുള്ളതാണെന്ന് ഈ ഫലം എൽജിബിടിക്യു സമൂഹത്തെ ബോധ്യപ്പെടുത്തും’; ചരിത്രം തീര്‍ത്ത് സാറ മക്ബ്രൈഡ്

ഡെലാവെയറിൽനിന്ന്‌ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയായി സെനറ്റിലെത്തുന്ന സാറാ മക്ബ്രൈഡ് എന്ന ട്രാൻസ്ജെൻഡർ യുവതി രചിച്ചത് ഒരു ചരിത്രമാണ്. സെനറ്റിൽ സാന്നിധ്യമറിയിക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ എന്ന നിലയില്‍. സ്വന്തം പാർട്ടിയിലെ ജോസഫ് മക്‌കോളിനെ തോൽപ്പിച്ചാണ് സാറ സെനറ്റിലെത്തുന്നത്.

ജനപ്രതിനിധിസഭയിലുൾപ്പെടെ നേരത്തേ ട്രാൻസ്ജെൻഡർ പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് സെനറ്റിൽ സാന്നിധ്യമറിയിക്കുന്നത്.

ജനാധിപത്യം അവർക്കുകൂടിയുള്ളതാണെന്ന് എൽ.ജി.ബി.ടി.ക്യു. വിഭാഗത്തിലുള്ളവരെ ബോധ്യപ്പെടുത്തുന്നതാണ് ഫലമെന്നാണ് സാറ വിജയത്തിന് ശേഷം പ്രതികരിച്ചത്.

സാറയുടെ വിജയത്തെ ലോകമെങ്ങുമുള്ള വ‍ളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുമ്പോള്‍ ഒരു ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

ഷിബു ഗോപാലകൃഷ്ണന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ;

സാറ മക്ബ്രൈഡിന്റെ പ്രസംഗങ്ങളെല്ലാം ആരംഭിക്കുന്നത് ഞാനൊരു അമേരിക്കൻ ട്രാൻസ്‌ജൻഡർ വുമണാണ് എന്ന അഭിമാനം നിറഞ്ഞ ആമുഖത്തോടെയാണ്. ഞാനൊരു മകളും സഹോദരിയുമാണ് എന്നുകൂടി അവർ കൂട്ടിച്ചേർക്കും. ഇങ്ങനെ ഒരു ആമുഖം പറയാൻ സാറയ്ക്ക് 21 വർഷങ്ങൾ വേണ്ടിവന്നു. അതുവരെയുള്ള രാത്രികളിൽ ഉറങ്ങാൻ കിടക്കുമ്പോൾ നാളെ ഞാനൊരു പെണ്ണായി ഉറക്കമുണർന്നിരുന്നെങ്കിൽ എന്നവർ പ്രാർത്ഥിക്കുമായിരുന്നു.

കണ്ണാടിക്കുമുന്നിൽ നിന്നു മുഖത്തുനോക്കി ഞാനൊരു ട്രാൻജൻഡറാണ് എന്നുപറയാൻ സ്വയം പോരാടുമായിരുന്നു. സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റായി സ്ഥാനമൊഴിയുന്നതിന്റെ അവസാനത്തെ ദിവസം കോളേജ് പത്രത്തിൽ പ്രസിദ്ധീകരിച്ച “ദി റിയൽ മി” എന്ന ലേഖനത്തിലൂടെ സാറ ലോകത്തോടു അതു തുറന്നുപറഞ്ഞു. അതുവരെ അണിഞ്ഞു നടന്നിരുന്ന എല്ലാ അസത്യങ്ങളും അഴിച്ചുവച്ചു അവർ ലോകത്തോടു പറയാൻ തുടങ്ങി: I’m a proud American transgender woman and a sister and a daughter.

തുടർന്നു LGBTQ സമൂഹത്തിന്റെ അഭിമാനത്തിനും അവകാശത്തിനും വേണ്ടിയുള്ള സമരവഴികളിൽ കണ്ടുമുട്ടിയ ആൻഡി എന്ന ട്രാൻസ്‌ജൻഡർ പുരുഷനുമായി പ്രണയത്തിലായി. ആൻഡിയാണ് തന്നിലെ രാഷ്ട്രീയത്തെയും സാമൂഹികപ്രവർത്തകയെയും രൂപപ്പെടുത്തിയതെന്നു “ടുമോറോ വിൽ ബി ഡിഫറൻറ്” എന്ന പുസ്തകത്തിൽ സാറ രേഖപ്പെടുത്തി. 24മത്തെ വയസ്സിൽ ക്യാൻസർ ബാധിതനായി ആൻഡി മരണത്തിനു കീഴടങ്ങുന്നതിനു നാലു ദിവസം മുൻപ് അവർ വിവാഹിതരായി. സാറ പിന്നെയും LGBTQ പോരാട്ടങ്ങളുടെ രാജ്യം മുഴുവൻ കേൾക്കുന്ന നാവായി മുന്നോട്ടു പോയി.

ആ സാറ മിനിഞ്ഞാന്ന് രാത്രി, ലോകം ഉറങ്ങാതെ കാത്തിരുന്ന വോട്ടെണ്ണലിന്റെ രാത്രി ഇങ്ങനെ ട്വീറ്റ് ചെയ്തു: I hope tonight shows an LGBTQ kid that our democracy is big enough for them, too.

അത് ഒരു ട്രാൻസ്‌ജൻഡർ അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സ്റ്റേറ്റ് സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട രാത്രി ആയിരുന്നു. സാറ മക്ബ്രൈഡ് ഡെൽവെയർ സംസ്ഥാനത്തിന്റെ സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട രാത്രി. അത്രയും വലിയ ഒരു ഔദ്യോഗികപദവിയിലേക്ക് ഒരു ട്രാൻസ്‌ജൻഡർ വുമൺ നടന്നുകയറി കൊടികുത്തിയ രാത്രി.

സാറ മക്ബ്രൈഡിന്റെ പ്രസംഗങ്ങളെല്ലാം ആരംഭിക്കുന്നത് ഞാനൊരു അമേരിക്കൻ ട്രാൻസ്‌ജൻഡർ വുമണാണ് എന്ന അഭിമാനം നിറഞ്ഞ…

Posted by Shibu Gopalakrishnan on Friday, 6 November 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here