നിങ്ങളുടെ വാട്സ് ആപ് ചാറ്റുകൾ സുരക്ഷിതമാണോ ? എന്തൊക്കെ ശ്രദ്ധിക്കണം 

വാട്സ് ആപ് എന്നത് ഒരു ജനപ്രിയ ഇന്‍സ്റ്റന്റ് മെസ്സേജ് അപ്ലിക്കേഷന്‍ ആണന്നു പ്രത്യേകിച്ചു പറയേണ്ടതില്ലലോ. വാട്സ് ആപ് ചാറ്റുകൾ എന്റ് റ്റു എന്റ് എന്‍ക്രിപ്റ്റഡ് (end to end encrypted ) ആണെന്നും അത് കൊണ്ട് അത് പൂര്‍ണ സുരക്ഷിതമാണെന്നും വാട്‌സാപ്പ് നമുക്ക് ഉറപ്പു നൽകുന്നുണ്ട് . എന്നാല്‍ ശരിക്കും ഇത് അങ്ങനെ തന്നെയാണോ ? അടുത്തിടെ പ്രമുഖ ബോളിവുഡ് നടി നിയമക്കുരുക്കിലാകാന്‍ ഇടയാക്കിയത് അവരുടെ പഴയ വാട്സ് ആപ് ചാറ്റുകള്‍ ചോർന്നതെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്റ് റ്റു എന്റ് എന്‍ക്രിപ്റ്റഡ് ആയിട്ടും വാട്‌സാപ്പ് ചാറ്റുകള്‍ എങ്ങനെയാണ് നമ്മൾ അറിയാതെ പുറത്താവുന്നത്.

ഇവിടെ നമ്മൾ മനസിലാക്കേണ്ടത് എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ എന്ന പ്രയോഗം തന്നെയാണ്. വാട്‌സാപ്പ് ചാറ്റില്‍ എന്റ് റ്റു എന്റ് എന്ന് പറഞ്ഞാൽ ഒരു അറ്റത്തു നിന്ന് മറ്റേ അറ്റം വരെ എന്നാണല്ലോ അപ്പോൾ ഒരു ചാറ്റിങ്ങിന്റെ end to end encription എന്ന്
പറഞ്ഞാൽ ചാറ്റിന്റെ രണ്ടറ്റം എന്നാണ് അര്‍ത്ഥം. കൂടുതൽ വിശദമായി പറഞ്ഞാൽ സന്ദേശം കൈമാറുന്ന രണ്ടുപേര്‍. ഒരാള്‍ വാട്‌സാപ്പില്‍ സന്ദേശം അയക്കുമ്പോൾ അത് മറ്റേയാള്‍ക്ക് കിട്ടുന്നതുവരെയുള്ള ആ സന്ദേശം സുരക്ഷിതമായിരിക്കും എന്നാണ് വാട്‌സാപ്പ് പറയുന്നത്. രണ്ട് പേര്‍ തമ്മിലുള്ള ചാറ്റിനിടയില്‍ മറ്റാര്‍ക്കും നുഴഞ്ഞു കയറാന്‍ സാധിക്കില്ല എന്നര്‍ത്ഥം. അത് എന്‍ക്രിപ്റ്റഡ് ആയാണ് വാട്‌സാപ്പ് നെറ്റ്‌വര്‍ക്കിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്.

എന്നാല്‍ ഈ സന്ദേശങ്ങള്‍ വാട്‌സാപ്പില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ എന്‍ക്രിപ്ഷന്റെ സംരക്ഷണം ലഭിക്കില്ല. നിങ്ങളുടെ ഫോണ്‍ ഏതെങ്കിലും രീതിയിൽ മറ്റൊരാളുടെ കയ്യിൽ കിട്ടുകയോ അല്ലെങ്കിൽ ആരെങ്കിലും നിങ്ങളുടെ വാട്ട്സ് ആപ്പ് ഹാക്ക് ചെയ്തോ മറ്റോ നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങൾ ഉൾപ്പടെ പുറത്താവാന്‍ എളുപ്പമാണ്. അതായത് ഫോണില്‍ ഒരു സന്ദേശം എത്തിക്കഴിഞ്ഞാല്‍ പിന്നെ സന്ദേശത്തിന്റെ സുരക്ഷയും സ്വകാര്യതയും എല്ലാം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ തന്നെ ഉത്തരവാദിത്വമാണ്.

വാട്ട്സ് ആപ് മെസ്സേജുകൾ മറ്റുള്ളവർ കൈക്കലാകാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കാം.

ബാക്ക് അപ്പ് ഓഫ് ആക്കി വെക്കുക : ചാറ്റുകള്‍ക്ക് എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ നല്‍കുന്നുണ്ടെങ്കിലും വാട്‌സാപ്പില്‍ നിന്ന് ഗൂഗിള്‍ ഡ്രൈവിലേക്കോ ഐക്ലൗഡിലേക്കോ നേരിട്ട് ബാക്ക് അപ്പ് ചെയ്യപ്പെടുന്ന ചാറ്റുകളുടെ സുരക്ഷിതത്വം വാട്‌സാപ്പ് ഉറപ്പുനല്‍കുന്നില്ല. അതായത് നിങ്ങളുടെ ഇമെയില്‍ ഐഡി കൈക്കലാക്കി അതിന്റെ ‌ ഡ്രൈവില്‍ പ്രവേശിക്കാന്‍ സാധിക്കുന്ന ഒരാള്‍ക്ക് ചാറ്റുകള്‍ ചോര്‍ത്താന്‍ സാധിക്കും. അതുകൊണ്ട് സുരക്ഷിതത്വത്തെ കുറിച്ച്‌ ആശങ്കപ്പെടുന്നവര്‍ തീര്‍ച്ചയായും വാട്‌സാപ്പിലെ ക്ലൗഡ് ബാക്ക് അപ്പ് ഓഫ് ആക്കിവെക്കുക. ഇതുവഴി ചാറ്റുകള്‍ ഫോണിന് പുറത്തുപോവാതെ സൂക്ഷിക്കാനാവും.

എങ്ങനെ വാട്ട്സ് ആപ്പ് ബാക്ക് അപ്പ് ഓഫ് ആക്കി വയ്ക്കാം 

വാട്‌സാപ്പ് തുറക്കുക – വലത് ഭാഗത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനു തുറക്കുക – സെറ്റിങ്‌സ് ക്ലിക്ക് ചെയ്യുക – ചാറ്റ്‌സ് തുറക്കുക – ചാറ്റ് ബാക്ക് അപ്പ് – ബാക്ക് അപ്പ് റ്റു ഗൂഗിള്‍ ഡ്രൈവ് തിരഞ്ഞെടുക്കുക – നെവര്‍ എന്നത് തിരഞ്ഞെടുക്കുക.

ഇങ്ങനെ ചെയ്യുമ്ബോള്‍ ഉള്ളൊരു നമ്മൾ നേരിടുന്ന ഒരു പ്രധാന പ്രശനം കൂടിയുണ്ട് . നിങ്ങള്‍ ഒരു ഫോണില്‍ നിന്ന് മറ്റൊരു ഫോണിലേക്ക് വാട്‌സാപ്പ് മാറ്റുമ്പോഴോ വീണ്ടും ലോഗിന്‍ ചെയ്യുമ്പോഴോ പഴയ ചാറ്റുകള്‍ തിരിച്ചെടുക്കാന്‍ സാധിക്കാതെ വരും.

നിങ്ങൾക്ക് വേണ്ട ചാറ്റുകൾ മാത്രമായി ബാക്കപ്പ് ചെയ്യാനുള്ള ഓപ്ഷൻ വാട്സ് ആപ്പിൽ ഉണ്ട് . അതിനായി മുകളിൽ പറഞ്ഞ രീതിയിൽ സെറ്റിങിസിൽ കയറിയതിനു ശേഷം ചാറ്റ്സ് സെലക്ട് ചെയ്യുക. അതിൽ ഏറ്റവും താഴെയായി ചാറ്റ് ഹിസ്റ്ററി എന്ന ഒരു ഓപ്ഷൻ ഉണ്ടാകും . അത് സെലക്ട് ചെയ്യുക . തുടർന്ന് എക്സ്പോർട് സെലക്ട് ചെയ്ത് നമുക്ക് വേണ്ട ചാറ്റുകൾ മാത്രമായി ബാക്കപ് ചെയ്ത സൂക്ഷിക്കാവുന്നതാണ്. ഫോണില്‍ ബാക്ക് അപ്പ് ചെയ്യപ്പെടുന്ന ചാറ്റുകള്‍ കോപ്പി ചെയ്ത് സുരക്ഷിതമായ മറ്റൊരിടത്ത് എന്‍ക്രിപ്റ്റ് ചെയ്ത് സൂക്ഷിക്കാന്‍ ശ്രമിക്കുക.

സ്‌ക്രീന്‍ ഷോട്ടുകള്‍ – വാട്‌സാപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പകര്‍ത്താതിരിക്കുക.

അപ്‌ഡേറ്റുകള്‍ – വാട്‌സാപ്പ് ഉള്‍പ്പടെയുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരന്തരം അപ്‌ഡേറ്റ് ചെയ്ത് ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങള്‍ എത്തിക്കുക. ഫോണ്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് വന്നാലും ഉടന്‍ അപ്‌ഡേറ്റ് ചെയ്യുക.

പെര്‍മിഷന്‍ – ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന എല്ലാ ആപ്ലിക്കേഷനുകള്‍ക്കും സ്റ്റോറേജിലേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കരുത്. ഇത് ആപ്പ് സെറ്റിങ്‌സില്‍ പോയി കൃത്യമായി പരിശോധിച്ചുറപ്പ് വരുത്തുക. ആപ്പുകള്‍ അനാവശ്യമായി ചോദിക്കുന്ന അനുവാദങ്ങള്‍ നല്‍കാതിരിക്കുക.

വാട്‌സാപ്പ് ലോക്ക് – ഫോണിന്റെ ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച്‌ വാട്‌സാപ്പ് ലോക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇതുവഴി വാട്‌സാപ്പ് ലോക്ക് ചെയ്ത് വെക്കുക.

വാട്ട്സ് ആപ്പിൽ എങ്ങനെ ബയോമെട്രിക് സംവിധാനം എങ്ങനെ ആക്ടിവേറ്റ് ചെയ്യാം

വാട്‌സാപ്പ് തുറക്കുക – മുകളിൽ കാണുന്ന ത്രീ ഡോട്ട് മെനു തുറക്കുക- സെറ്റിങ്‌സ് എടുക്കുക – അക്കൗണ്ട് തിരഞ്ഞെടുക്കുക – പ്രൈവസി – ഏറ്റവും താഴെ ഫിംഗര്‍പ്രിന്റ് എന്ന് കാണാം അത് തിരഞ്ഞെടുത്ത് ആക്റ്റിവേറ്റ് ചെയ്യുക.

ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍ (2FA) – വാട്‌സാപ്പില്‍ ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍ ആക്റ്റിവേറ്റ് ചെയ്യുന്നത് ആപ്ലിക്കേഷന് അധിക സംരക്ഷണം നല്‍കും. നിങ്ങളുടെ ഫോണ്‍ നമ്പറിന്റെ പകര്‍പ്പെടുത്ത് വാട്‌സാപ്പ് ഹാക്ക് ചെയ്യാന്‍ മറ്റൊരാള്‍ ശ്രമിച്ചാല്‍ ഇതുവഴി തടയാനാവും.

JINCE T.THOMAS
Cyber Journalist & Lawyer

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News