അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ തോല്‍വില്‍ ഏറ്റവുമധികം കളിയാക്കലുകള്‍ ഏറ്റുവാങ്ങുന്നത് നരേന്ദ്രമോദിയാണ്. മോദിയും ട്രംപും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയും ട്രോളുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. ‘ഹൗഡി മോദി’യാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുന്നത്.
‘ ഗുഡ് ബൈ റൗഡി ട്രംപ്’ എന്നാണ് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. കൂടാതെ നിരവധി പേരാണ് ഹൗഡി മോദി, നമസ്തേ ട്രംപ് എന്നീ ഹാഷ്ട്ടാഗ് ഉപയോഗിച്ച് ട്വീറ്റുകള്‍ ഇട്ടിരിക്കുന്നത്. സുഹൃത്തുക്കളേ ഹൗഡി മോദിയെക്കുറിച്ച് ചോദിക്കാന്‍ പറ്റിയ സമയം ഇതാണെന്നാണ് ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമമായ ജിഗ്‌നേഷ് മേവാനിയുടെ ട്വീറ്റ്.
നമസ്തേ ട്രംപിന് 100 കോടി ചെലവാക്കിയിട്ടും ട്രംപ് തോറ്റുപോയല്ലോ, ട്രംപിന്റെ അടുത്ത സുഹൃത്തായ മോദി ഏറെ വൈകാതെ ട്രംപിന് കൂട്ടായെത്തും, അടുത്ത ഊഴം മോദിയുടേത്, മോദി സര്‍ക്കാരിന്റെ നയതന്ത്രപരമായ മണ്ടത്തരമാണ് ട്രംപിനെ പിന്തുണച്ചത്, എന്നിങ്ങനെ നിരവധി ട്വീറ്റുകളാണ് ഹൗഡി മോദി എന്ന ഹാഷ്ടാഗില്‍ വന്നുകൊണ്ടിരിക്കുന്നത്.
നേരത്തെ ട്രംപിനെ വീണ്ടും വിജയിപ്പിക്കണമെന്ന് മോദി അമേരിക്കയിലെ ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിരുന്നു. ട്രംപ് സര്‍ക്കാറിനെ വീണ്ടും അധികാരത്തിലെത്തിക്കണമെന്നായിരുന്നു മോദിയുടെ ആഹ്വാനം.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനേയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനേയും അഭിനന്ദിച്ച് നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു.
ബൈഡന്റെ അത്ഭുതകരമായ വിജയത്തില്‍ അഭിന്ദനങ്ങള്‍ എന്നാണ് മോദിയുടെ പ്രതികരണം. ഇന്ത്യയും -യു.എസും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ബൈഡന്റെ സംഭാവന നിര്‍ണായകവും വിലമതിക്കാനാവാത്തതുമായിരുന്നെന്നുമാണ് മോദി പറഞ്ഞത്.

Get real time update about this post categories directly on your device, subscribe now.