ഇത് ചേകാടി; കരയേക്കാലേറെ വയലുകളുള്ള ഒരു വയനാടന്‍ ഗ്രാമം

വയനാട്ടിലെ പുരാതന ഗ്രാമങ്ങളിലൊന്നായ ചേകാടിക്ക് പറയാനുള്ളത് മുന്നൂറ് വര്‍ഷത്തെ കാര്‍ഷിക സംസ്‌ക്കാരത്തിന്റെ കഥയാണ്. കര്‍ണാടക കാറ്റ് തഴുകിയുണര്‍ത്തുന്ന ചേകാടി കരയേക്കാലേറെ വയലുകളുള്ള ഗ്രാമമാണ്. 250 ഏക്കര്‍ വിശാലമായ നെല്‍വയലാണ്. വീടുകളുള്‍പ്പെടെ 50 ഏക്കര്‍ കരയും. മൂന്ന് വശവും വനത്താല്‍ ചുറ്റപ്പെട്ട ചേകാടിയുടെ ഒരുവശം കബനി നദിയുമാണ്.

സേര്‍തൊട്ടു എന്ന കന്നട പദമാണ് ചേകാടിയായി മാറിയത്. കര്‍ണാടകയില്‍നിന്നു കുടിയേറിയ പുരാതന കുടിയേറ്റ ജനതയായ ചെട്ടിമാരുടെ സംസ്‌കാരമാണ് ചേകാടിയെ സമ്പന്നമാക്കുന്നത്. അടിയരുടേയും ചെട്ടിമാരുടേയും അധീനതയിലാണ് കൃഷിയിടങ്ങള്‍. കാലി വളര്‍ത്തലും നെല്‍കൃഷിയുമാണ് പ്രധാന ഉപജീവനമാര്‍ഗം. തങ്ങളുടെ സാംസ്‌കാരിക മൂല്യങ്ങളെ തകര്‍ക്കാതെ പരമ്പരാഗത രീതിയിയിലാണ് കൃഷിയിറക്കുന്നത്. മണ്ണിനേയും കാടിനേയും അകമഴിഞ്ഞ് സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരാണ് ചേകാടിക്കാര്‍.

മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പിവിടെ പാല്‍തൊണ്ടി, ചോമാല, മുള്ളന്‍ ചണ്ണ, തവളക്കണ്ണന്‍, പെളിയന്‍, സണ്‍ബത്ത, ഗന്ധകശാല, ജീരകശാല തുടങ്ങിയ പഴയ നെല്ലിനങ്ങള്‍ നൂറുമേനി വിളഞ്ഞിരുന്നു. കാലക്രമേണ ഇവയെല്ലാം അപ്രത്യക്ഷമായി. ആധുനിക നെല്ലിനമായ ജയ, എച്ച് 4, വലിച്ചൂരി എന്നിവയാണിപ്പോള്‍ കൂടുതല്‍ കൃഷിചെയ്യുന്നത്. പഴയ നെല്ലിനമായ ഗന്ധകശാലയെ തിരിച്ചു കൊണ്ടുവന്നതും ചേകാടിയിലെ കര്‍ഷകരാണ്. വയനാട്ടില്‍ ഏറ്റവും കൂടുതല്‍ ഗന്ധകശാല ഉത്പാദിപ്പിക്കുന്നതും ചേകാടിയിലാണ്. അധികമാരും കൃഷിചെയ്യാത്ത ഗന്ധകശാലയ്ക്ക് ആവശ്യക്കാരും ഏറെയാണ്. ചെട്ടി സമൂദായത്തിന്റെ വ്യത്യസ്ഥമായ ഭക്ഷണ രീതികളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത വിഭവമാണ് ഗന്ധകശാലയുടെ അരി. അതുകൊണ്ടുതന്നെ നെല്‍കൃഷിയും ഗന്ധകശാലയുമില്ലാത്ത ഒരു കാലം ഇവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല.

ചെട്ടി സമുദായത്തിന്റെ ഭാഷ, വസ്ത്രധാരണം, ഭക്ഷണം, ആചാരം, കൃഷിരീതി എന്നിവയെല്ലാം കര്‍ണാടകയുടേതായിരുന്നു. കേരളീയ സംസ്‌കാരങ്ങളെ സ്വീകരിച്ചപ്പോളും കൃഷിരീതികളിലും മണ്ണിനോടുമുള്ള സമീപനം മാറിയില്ല. കാലാവസ്ഥാ വ്യതിയാനവും ജലക്ഷാമവും കാരണം മറ്റു കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിക്കുമ്പോഴാണ് ഒരു ഗ്രാമം മുഴുവനും വയലിലിറങ്ങുന്നത്.

തലമുറകളായി പിന്തുടര്‍ന്ന കാര്‍ഷിക സംസ്‌ക്കാരം കൈവിടാതെ പാടത്തിറങ്ങുകയും വയലുകള്‍ പൂര്‍ണമായും നെല്‍കൃഷിക്കായി ഉപയോഗിക്കുകയും ചെയ്തു. മണ്ണിനെ കൊല്ലുന്ന രാസവളങ്ങളും കീടനാശിനികളും ഇവിടെയില്ല. സമ്പൂര്‍ണ ജൈവ ഗ്രാമമാകാനുള്ള ഒരുക്കത്തിലാണിപ്പോള്‍ ചേകാടി. പൂര്‍ണമായും ജൈവരീതിയില്‍ വിളയിച്ചെടുത്ത പച്ചക്കറികള്‍ പ്രകൃതി ദത്തമായി ആവശ്യക്കാരിലെത്തിക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍. എല്ലാവിധ പച്ചക്കറികളും പഴങ്ങളും ഇതില്‍പ്പെടും.

മുന്നൂറ് വര്‍ഷം പിന്നിട്ടിട്ടും തലയുയര്‍ത്തി നില്‍ക്കുന്ന കവിക്കല്‍ തറവാടാണ് ഗ്രാമത്തിന്റെ ഐശ്വര്യം. തട്ടുതട്ടായി നിര്‍മിക്കുന്ന വീടിന് ജനലുകളുണ്ടാവില്ല. മണ്ണ് കൊണ്ടുള്ളതും പുല്ലുമേഞ്ഞതുമായ വീട് ഏത് കാലാവസ്ഥയേയും പ്രതിരോധിക്കുന്നവയാണ്. വന്യമൃഗ ആക്രമണങ്ങളില്‍ നിന്നും മോഷ്ടാക്കളില്‍നിന്നും രക്ഷനേടാനുതകുന്ന രീതിയിലുള്ള നിര്‍മാണമാണ് വീടിന്റേത്.

അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി തുടങ്ങി 95 ശതമാനം ആദിവാസികള്‍ ഇവിടെകൃഷി ചെയ്തു ജീവിക്കുന്നു. ഇവരില്‍ 50 ശതമാനവും അടിയ വിഭാഗക്കാരാണ്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നവരാണിവര്‍. 80 ആദിവാസി കുടുംബങ്ങളാണിവിടെ നെല്‍കൃഷി ചെയ്യുന്നത്. ഏറ്റവുംകൂടുതല്‍ ആദിവാസികള്‍ നെല്‍കൃഷിചെയ്യുന്ന ഗ്രാമം എന്ന സവിശേഷതയും ചേകാടിക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News