കേരള കലാമണ്ഡലം കല്‍പിത ശര്‍വകലാശാല നവതിയുടെ നിറവില്‍

കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല ഇന്ന് നവതിയിലേക്ക്. കേരളീയ കലകള്‍ പരിശീലിപ്പിക്കുന്നതിനായി മഹാ കവി വള്ളത്തോളിന്റെ നേതൃത്വത്തിൽ 1930 നവംബര്‍ 9 നാണ് കലാമണ്ഡലത്തിന്റെ കളിവിളക്ക് തെളിഞ്ഞത്.

നാട്ടു രാജാക്കന്മാരുടെയും പ്രാദേശിക നാടുവാഴികളുടെയും സംരക്ഷണത്തില്‍ നിലനിന്നിരുന്ന കേരളീയ കലാരൂപങ്ങള്‍ ഔപചാരികമായി പഠിക്കുവാനും പരിശീലിപ്പിക്കുവാനും ഒരു സ്ഥാപനം വേണം എന്ന മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ സ്വപ്നത്തില്‍ നിന്നാണ് കലാമണ്ഡലത്തിന്റെ പിറവി.

കുന്നംകുളത്തിന് സമീപം കക്കാട് മഠപ്പാട്ട് തെക്കിനിയില്‍ കേരളത്തിന്റെ കലാപീഠത്തിന് തുടക്കമിടാൻ മഹകവിക്കൊപ്പം കുഞ്ഞുണ്ണി തമ്പുരാനും മണക്കുളം മുകുന്ദരാജയും ഉണ്ടായിരുന്നു. മഹത്തായ സംസ്കാരങ്ങളെല്ലാം വളർന്നു പന്തലിച്ചത് നദീതടങ്ങളിലായിരുന്നുവെന്ന വള്ളത്തോളിൻറെ കാഴ്ചപ്പാടാണ് 1934 ല്‍ ചെറുതുരുത്തിയില്‍ നിളാതീരത്ത് കലാമണ്ഡലത്തിന്റെ തറക്കല്ലിടാൻ കാരണമായത്.

തുടക്കത്തില്‍ മോഹനിയാട്ടവും കഥകളിയുമാണ് കലാമണ്ഡലത്തില്‍ പരിശീലിപ്പിച്ചിരുന്നത്. പിന്നീട് കൂടിയാട്ടം, കൂത്ത്, നങ്ങ്യാര്‍കൂത്ത് തുടങ്ങിയ കലാരൂപങ്ങളും, വിവിധ താളവാദ്യങ്ങളും കലാരൂപങ്ങള്‍ക്കാവശ്യമായ സംഗീത പാഠങ്ങളും പഠിപ്പിച്ചു തുടങ്ങി.

കല്യാണികുട്ടിയമ്മയും കലാമണ്ഡലം സത്യഭാമയും ഉള്‍പ്പെടെ ഇവിടെ നിന്ന് ഇറങ്ങിയ കലാകാരൻമാര്‍ കലാമണ്ഡലത്തിൻറെ പ്രശസതി വാനോളം ഉയര്‍ത്തി.

2007ലാണ് കല്പിത സർകലാശാല പദവി ലഭിച്ചത്.എട്ടാം ക്ലാസ് മുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് ഗുരുകുലസമ്പ്രദായം പിന്തുടര്‍ന്നാണ്. ബിരുദാന്തരബിരുദത്തിനും ഗവേഷണത്തിനും കലാമണ്ഡലത്തിൽ സൗകര്യമുണ്ട്.

കൊവിഡ് മൂലം കലാമണ്ഡലത്തിലെ കളരികള്‍ ഇന്ന് നിശ്ചലമാണ്. നാട്യശാസ്ത്രത്തിലെ നൂറ്റെട്ടു കരണങ്ങള്‍ ആലേഖനം ചെയ്ത കൂത്തമ്പലത്തിലും ഇപ്പോൾ ആളനക്കമില്ല.എന്നാല്‍ ചൊല്‍ക്കെട്ടിയാടാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News