കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ മറ്റൊരു മാതൃക കൂടി; വരുന്നു അത്യാധുനിക അറവുശാലകള്‍

കിഫ്‌ബി സഹായത്തോടെ സംസ്ഥാനത്ത്‌ അത്യാധുനിക അറവുശാലകൾ വരുന്നു. ആദ്യ ഘട്ടത്തിൽ ഏഴ്‌ പ്രോജക്ടിനാണ്‌ അംഗീകാരമായത്.

കണ്ണൂർ ജില്ലാ പഞ്ചായത്ത്, പെരിന്തൽമണ്ണ, തിരുവല്ല നഗരസഭകൾ എന്നിവിടങ്ങളിലാണ്‌ ആരംഭിക്കുക. 100 കോടിയാണ്‌ കിഫ്‌ബി പദ്ധതിക്കായി വകയിരുത്തിയത്‌.

അത്യാധുനിക അറവുശാലയിൽ ഒരു കേന്ദ്രത്തിൽ പ്രതിദിനം 100 വലിയ മൃഗങ്ങളെയും 50 ചെറിയ മൃഗങ്ങളെയും അറവ്‌ ചെയ്യാം. യന്ത്രസഹായത്തോടെ ശുചിയാക്കി വെറ്ററിനറി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്‌ നടത്തിപ്പ്‌.

മാലിന്യം നീക്കാൻ റെന്‍ററിങ് പ്ലാന്‍റുകളും മലിനജലം ശുചീകരിക്കാൻ മലിനജല സംസ്‌കരണ പ്ലാന്‍റുകൾ, ബയോഗ്യാസ്, ബയോഫിൽറ്റർ കമ്പോസ്റ്റും റഫ്രിജറേഷൻ സംവിധാനങ്ങളും ഉണ്ടാകും.

റെന്‍ററിങ്‌ പ്ലാന്‍റുകളിൽ ഉൽപാദിപ്പിക്കുന്ന അറവുമാലിന്യങ്ങൾ പൂച്ച, പട്ടി എന്നിവയ്ക്കുള്ള തീറ്റയാക്കും. അറവുശാലകളിൽ സ്വകാര്യ വ്യക്തികൾക്ക്‌ നേരിട്ടെത്തി മൃഗങ്ങളെ അറവുചെയ്യാം.

ഇതോടെ മാംസ വിതരണ ഉൽ‌പാദന മേഖലയുടെ ഹബ്ബായി കേരളം മാറുമെന്നാണ് പ്രതീക്ഷ. 35ഓളം വെറ്ററിനറി ഡോക്‌ടർമാർക്കുൾപ്പെടെ ആയിരത്തോളം പേർക്ക്‌ നേരിട്ടും 5000ത്തോളംപേർക്ക്‌ അല്ലാതെയും പദ്ധതിവഴി തൊഴിലും ലഭിക്കും.

ഒരു വർഷം ആറു ലക്ഷം മെട്രിക്‌ ടൺ മാംസം മലയാളി കഴിക്കുന്നുണ്ട്. 31 ലക്ഷത്തിലധികം മൃഗങ്ങളെ അറവ്‌ ചെയ്യുന്നു‌. എന്നാൽ, സംസ്ഥാനത്തെ ആയിരത്തോളം അറവുശാലകളിൽ നാലെണ്ണംമാത്രമാണ്‌ അംഗീകൃതമായി പ്രവർത്തിക്കുന്നത്‌.

അറവ്‌ മാലിന്യത്തിൽ 95 ശതമാനവും അനധികൃതമായി സംസ്‌കരിക്കുകയാണ്‌. ഇൗ സാഹചര്യത്തിൽ കൂടിയാണ് സർക്കാർ ഇടപെടൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News