നീയില്ലാത്ത ലോകത്ത് പോരാട്ടം കനക്കുന്നു; ഷീന ജോസിനെക്കുറിച്ച് ദീദി ദാമോദരൻ

കേരളത്തിലെ ഫെമിനിസ്റ്റ് പോരാട്ടങ്ങളിലെ മുൻനിര പോരാളിയായായിരുന്ന ഷീന ജോസിന് വിട പറഞ്ഞ് സുഹൃത്തും സഖാവും സഹപ്രവർത്തകയുമായിരുന്ന ദീദി ദാമോദരൻ ഫേസ് ബുക്കിലെഴുതിയ കുറിപ്പ്:

” പ്രിയമുള്ള ഷീന ,
വിട പറച്ചിലില്ല.

ഇന്ന് നീയില്ലാത്ത ഒരു ലോകത്ത് നിന്റെ പഴയ കൂട്ടുകാർ പലയിടങ്ങളിലിരുന്ന് നിന്നെ ഓർക്കാൻ ഒത്തുകൂടി .
കോഴിക്കോട്ട് ദേവഗിരി കോളേജിൽ നടന്ന ആദ്യത്തെ ഫെമിനിസ്റ്റ് കൂട്ടായ്മയിൽ – 1990 ലെ സ്ത്രീ വിമോചന സംഘടനങ്ങളുടെ ദേശീയ സമ്മേളനം – നമ്മളൊക്കെ ഒത്തുചേർന്നതിന്റെ ഓർമ്മകൾ എല്ലാവരിലും വീണ്ടും ഉണർന്നു.
അത്രയും ആവേശത്തോടെ മുമ്പൊരിക്കലും നാം കൂടിച്ചേർന്നിരുന്നില്ല. പാട്ടു പാടി നൃത്തം വച്ചിരുന്നില്ല. കോഴിക്കോട്ടുകാരി ആയതു കൊണ്ട് മാത്രമല്ല ഞാനന്ന് ദേവഗിരി കോളേജിലെ വിദ്യാർത്ഥിനി ആയിരുന്നതു കൊണ്ടു കൂടിയാണ് നിങ്ങളൊക്കെ അന്നെന്റെ അതിഥികളായത് .

രാത്രിയും പകലുകളും നമ്മളന്ന് സ്വപ്നം കണ്ടു നടന്നു.
ലോകമിതാ ഉടൻ കീഴ്മേൽ മറിയാൻ പോകുന്നു എന്ന വിശ്വാസം സിരകളിൽ ഇരച്ചുകയറി. അത്രയും ചോരത്തിളപ്പായിരുന്നു എല്ലാവർക്കും. അതിൽ പിന്നെ 30 വർഷം പിന്നിട്ടു. ലോകം വലുതായൊന്നും മാറിയില്ലെന്നതിന്റെ ഖേദം ഇന്ന് ചുററിനുമുണ്ട്. പിന്നീടൊരു യോഗത്തിൽ നീയത് വിളിച്ചു പറഞ്ഞത് ഞാൻ ഓർക്കുന്നു. എങ്കിലും നമ്മൾ തളർന്നു പോയിട്ടില്ല. നിന്റെ കൂട്ടുകാർക്ക് നീ എന്നും ഒരാവേശമായിരുന്നു. യുറോ സെൻട്രിസിസത്തിൻ്റെ യാതൊരു സങ്കീർണ്ണതകളുമില്ലാതെ തൃശൂർക്കാരിയുടെ തനത് ശൈലിയിൽ എങ്ങിനെ ഫെമിനിസം പറയാമെന്ന് നീ ഞങ്ങൾക്ക് കാട്ടിത്തന്നു. ആണഹങ്കാരത്തിന്റെ ധിക്കാരം ഉയരുമ്പോൾ ടാ എന്ന നിൻ്റെ ഒരൊറ്റ വിരലുയർത്തൽ. ഇത്രയേയുള്ളൂ ആ അധികാരത്തിന്റെ ബലൂണുകൾ പൊട്ടിത്തകരാൻ എന്നു ഞങ്ങൾ കണ്ടറിഞ്ഞു .

നീയില്ലാത്ത ലോകത്ത് പോരാട്ടം കനക്കുന്നു. എത്ര വലിയ ഇരുട്ടാണ് നീ ഒഴിച്ചിട്ട ശൂന്യത ഇവിടെ അവശേഷിപ്പിക്കുന്നതെന്ന് ഞങ്ങളെയെല്ലാവരെയും നടുക്കുന്നു. നീയില്ലാതെ നിന്റെ സന്തോഷുമായി സംസാരിക്കുകയെന്നത് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു. നിന്നോടൊപ്പമല്ലാതെ അവന്റെയൊരു ചിത്രം പോലും എന്റെ ഓർമ്മയിലില്ല. നിനക്ക് സംഭവിച്ച ഏററവും നല്ല കാരൃം അവനായിരുന്നു എന്നു പറഞ്ഞപ്പോൾ അവൻ പെട്ടിക്കരഞ്ഞു. ഈ വേർപാട് താങ്ങാൻ കാലം അവന് കരുത്തു നൽകട്ടെ .

നീ എനിക്കാരായിരുന്നു!ഒപ്പം മുതിർന്നവൾ, ഉടപ്പിറപ്പ് . പറയാതെ തന്നെ പരസ്പരം അറിയാവുന്നവർ . നീ വിട പറയുമ്പോൾ ഇടിഞ്ഞു വീഴുന്നത് പിടിച്ചു നിന്ന തറ തന്നെയാണ്. അങ്ങിനെ അധികം പേരില്ല, ഒപ്പം നടന്നവരായി.

കഴിഞ്ഞ ഐ.എഫ്.എഫ്.കെ.യ്ക്കാണ് നിന്നെ അവസാനം കാണുന്നത് . അന്നാദ്യമായി രോഗമേല്പിച്ച പീഢകൾ നിന്നെ കുറച്ച് തളർത്തിയതായി തോന്നി. എങ്കിലും ആ ചിരിയിലെ തൻ്റേടം തലതാഴ്ത്താതെ നിന്നിരുന്നു. ഞാനും നീന്തി കടന്ന കടലായായിരുന്നത് കൊണ്ട് നിനക്കും അതിനാവുമെന്ന ഒരു വലിയ പ്രതീക്ഷയായിരുന്നു. നടന്ന വഴികൾ ഒന്നുകൂടി പങ്കുവച്ച് ഇനിയും കാണാം എന്ന് പിരിഞ്ഞതാണ് . കാലം കാത്തില്ല.

ഇനി കാണൽ ഓർമ്മകളിൽ മാത്രം .

നേരിൽ കാണും മുമ്പ് അറിഞ്ഞതാണ് ഷീന എന്ന സൗഹൃദം. എൺപതുകളുടെ മധ്യത്തിൽ ഫെമിനിസം എന്ന സ്വപ്നം മലയാളത്തിൽ പൊട്ടി മുളച്ചു തുടങ്ങിയ കാലത്ത് . പ്രിയ അധ്യാപിക സുമംഗലകുട്ടി ടീച്ചർ കോഴിക്കോട് ഗവ.ആട്സ് കോളേജിലേക്ക് സ്ഥലം മാറിയെത്തി ഞങ്ങളെ കണ്ടപ്പോഴാണ് നിങ്ങളെപ്പോലെത്തന്നെയുള്ള കുറെ മക്കൾ തനിയ്ക്കവിടെ തൃശൂരിലും പാലക്കാട്ടും ഉണ്ട് എന്ന് പറഞ്ഞത്.

അതൊരു വലിയ പെൺകൂട്ടിൻ്റെ തുടക്കമായിരുന്നു , എന്തുവന്നാലും പിരിയാത്ത , വിയോജിപ്പുകളും ശക്തിയാവുന്ന കൂട്ടുകെട്ടിൻ്റെ തുടക്കം . കോഴിക്കോട്ട് അജിയേച്ചി പകർന്നു തന്ന ചുവടുവപ്പുകളുടെ അതേ ഭാഷയായിരുന്നു തൃശൂരിൽ സാറ ടീച്ചറുടെയും സുമംഗലക്കുട്ടി ടീച്ചറുടെയും ചുവടുവപ്പുകൾക്കും. ചൊൽക്കാഴ്ചയുമായി സാറ ടീച്ചർ വന്നത് അതിൻ്റെ തുടർച്ചയായായാണ്. മീഞ്ചന്തയിലെ എന്റെ വീട്ടിൽ വച്ചായിരുന്നു റിഹേഴ്സൽ .
ഞങ്ങൾക്ക് സാറ ടീച്ചർ പുതിയ പാട്ടു പഠിച്ചു തന്നു .
” ഉണർന്നെണീക്കുക സോദരി…. ” .

” നൃത്തം ചവിട്ടുമ്പോൾ മുലകൾ ഇളകാതെ നോക്കേണ്ട. അത് തോന്നിയത് പോലെ ഇളകി മറിയട്ടെ ” – സാറ ടീച്ചർ ഞങ്ങളെ തിരുത്തിയത് എന്നത്തേക്കുമുള്ള പാഠമായിരുന്നു . വെറും മുലകളല്ല ഞങ്ങൾ എന്ന ഉയിർത്തെഴുന്നേല്പായിരുന്നു ആ ചൊൽക്കാഴ്ച. മലയാളി ഫെമിനിസത്തിൻ്റെ അന്താരാഷ്ട്ര മാർച്ചിങ്ങ് സോങ്ങിന് അത് തുടക്കമിട്ടു എന്നു പറയാം . അതേ ചൊൽക്കാഴ്ച അതേ സമയത്ത് തൃശൂരിലും പട്ടാമ്പിയിലും ഏറ്റുചൊല്ലി.

അത് ഒരു ബലമായിരുന്നു. ഒറ്റയ്ക്കല്ല, ഒറ്റയ്ക്കാവില്ല എന്നതിന്റെ . പിൽക്കാലം അതിന്റെ തെളിവായി തെളിഞ്ഞൊഴുകി .

ഇത്തിരി ആകാശത്തിന് വേണ്ടിയുള്ള എത്രയെത്ര പോരാട്ടങ്ങൾ. ചേതന , ബോധന, മാനുഷി, അന്വേഷി , സ്ത്രീവേദി , വിംങ്ങ്സ്, പെൺകൂട്ട്, ഡബ്യു.സി.സി. അങ്ങിനെ എന്തൊക്കെ രൂപത്തിൽ .
മൂന്നര പതിറ്റാണ്ടിൻ്റെ മായാത്ത ഓർമ്മകളാണ് ഷീനയിലൂടെ തിങ്ങി വരുന്നത് .

ഷീന ഒരു തിളങ്ങുന്ന നക്ഷത്രമായിരുന്നു . അതങ്ങിനെത്തന്നെയായിരിക്കുകയും ചെയ്യും. എന്നും.

ഉടപ്പിറപ്പുകൾ വിട പറയാറില്ല.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News