ബൈഡനും കമലയ്ക്കും ആശംസയുമായി ലോകാരോഗ്യ സംഘടന; കൊവിഡിനെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കാമെന്ന് WHO തലവന്‍

അമേരിക്കയുടെ 46ാം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് ആശംസയുമായി ലോകാരോഗ്യ സംഘടനയുടെ തലവന്‍. ടെട്രോസ് അഥനോം ഗബ്രിയേസിസ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൊവിഡ് ലോകത്ത് വലിയ ഭീഷണിയാവുകയാണ് കൊവിഡിന് എതിരെയുള്ള പോരാട്ടത്തില്‍ ഒരു കൂട്ടായ പ്രവര്‍ത്തനം ആഗ്രഹിക്കുന്നുവെന്നും WHO തലവന്‍ പറഞ്ഞു.

പ്രസിഡണ്ട് ജോ ബൈഡനും വൈസ് പ്രസിഡണ്ട് കമല ഹാരിസിനും അഭിനന്ദനങ്ങള്‍. കൊവിഡ് 19 പോലുള്ള പ്രതിസന്ധികളില്‍ നിങ്ങളോടൊത്തുള്ള കൂട്ടായ പ്രവര്‍ത്തനത്തിന് ആഗ്രഹിക്കുന്നു. ആഗോള സാഹോദര്യവും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിത്- അദ്ദേഹം പറഞ്ഞു.

നേരത്തെ ലോകാരോഗ്യ സംഘടനയുടെ പല നടപടികളെയും തീരുമാനങ്ങളെയുമെല്ലാം രൂക്ഷമായി വിമര്‍ശിക്കുന്ന സമീപനമാണ് അമേരിക്കയുടെ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചിരുന്നത്. ലോകാരോഗ്യ സംധടനയുടെ പല നിര്‍ദേശങ്ങളെയും പരസ്യമായി ലംഘിച്ചിരുന്ന ഒരു ലോക നേതാവ് കൂടിയായിരുന്നു മുന്‍ പ്രസിഡന്‍റ് ട്രംപ്. കൊവിഡിനെ ചെറുക്കാന്‍ ഒരുമിച്ച് നില്‍ക്കാം എന്നാണ് തെരഞ്ഞെടുക്കപ്പെട്ട ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത ബൈഡന്‍ പറഞ്ഞത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെ നിരവധി ലോകനേതാക്കള്‍ ബൈഡനെ അഭിനന്ദിച്ച് രംഗത്തത്തിയിരുന്നു. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍, തുടങ്ങിയവര്‍ തെരഞ്ഞെടുപ്പ് വിജയത്തില്‍ ബൈഡനെ അഭിനന്ദിച്ചിരുന്നു.

അതേസമയം മുന്‍ പ്രസിഡന്‍റ് ട്രംപ് തന്‍റെ പരാജയം സമ്മതിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നും തെരഞ്ഞെടുപ്പ് വിജയം തട്ടിപ്പറിക്കപ്പെട്ടതാണെന്നുമുള്ള പ്രതികരണമാണ് ട്രംപും അനുകൂലികളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here