അമേരിക്കയുടെ പുതിയ പ്രസിഡന്‍റ് ജോ ബൈഡന്‍ ആദ്യം പൊളിച്ചെഴുതുക ട്രംപിന്റെ നയങ്ങളെയായിരിക്കും. കുടിയേറ്റം തടയാന്‍ ഡോണള്‍ഡ് ട്രംപ് നടപ്പാക്കിയ നയം തിരുത്തുമെന്നാണ് റിപ്പോര്‍ട്ട്.
അഞ്ച് ലക്ഷം ഇന്ത്യക്കാരടക്കം രേഖയിലില്ലാത്ത 11 ലക്ഷത്തോളം കുടിയേറ്റക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വത്തിന് വഴിതുറക്കുന്ന മാര്‍ഗരേഖയ്ക്ക് ബൈഡന്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹത്തിന്റെ പ്രചാരണ വിഭാഗം അറിയിച്ചു. ചില മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിരോധിച്ച ട്രംപിന്റെ ഉത്തരവ് റദ്ദാക്കും.
അമേരിക്കയിലേക്ക് സ്വാഗതം ചെയ്യുന്ന അഭയാര്‍ഥികളുടെ വാര്‍ഷിക എണ്ണം 1,25,000 ആക്കും. കാലക്രമത്തില്‍ അമേരിക്കയുടെ ഉത്തരവാദിത്തത്തിനും മൂല്യങ്ങള്‍ക്കും അഭൂതപൂര്‍വമായ ആഗോള ആവശ്യത്തിനുമനുസരിച്ച് അതുയര്‍ത്തും. വര്‍ഷത്തില്‍ കുറഞ്ഞത് 95000 അഭയാര്‍ഥികളെയെങ്കിലും ഉള്‍ക്കൊള്ളാന്‍ ബൈഡന്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
നിയമപരമായ കുടിയേറ്റ പരിഷ്‌കരണം പാസാക്കാനും അമേരിക്കന്‍ വ്യവസ്ഥയെ ആധുനികവല്‍ക്കരിക്കാനും ഉടന്‍തന്നെ നടപടി ആരംഭിക്കും. കുടുംബങ്ങളെ വേര്‍പെടുത്തിയ ട്രംപിന്റെ നയത്തിന് പകരം കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിനായിരിക്കും മുന്‍ഗണന. കുടുംബാധിഷ്ഠിത കുടിയേറ്റത്തെ പിന്തുണയ്ക്കും. കുടുംബങ്ങളെ ഒന്നിപ്പിക്കല്‍ അമേരിക്കന്‍ കുടിയേറ്റ സംവിധാനത്തിന്റെ പ്രധാന തത്വമായി സംരക്ഷിക്കും.
കുട്ടിയായിരിക്കെ അമേരിക്കയില്‍ എത്തിക്കപ്പെട്ട് നാടുകടത്തലിന്റെ ഭീഷണിയില്‍ കഴിയുന്നവരുടെ കാര്യത്തില്‍ അനിശ്ചിതത്വം നീക്കും. മനുഷ്യത്വവിരുദ്ധമായി വേര്‍പെടുത്തുന്നതില്‍നിന്ന് അവരുടെ കുടുംബങ്ങളെ സംരക്ഷിക്കാന്‍ നിയമപരമായ എല്ലാ വഴികളും തേടും. ഇത്തരക്കാരെ കണ്ടുപിടിക്കാന്‍ തൊഴിലിടങ്ങളിലും മറ്റും നടത്തുന്ന മിന്നല്‍പരിശോധനകള്‍ നിര്‍ത്തലാക്കും. കുട്ടിയായിരിക്കെ വന്ന് നിയമവിരുദ്ധമായി കഴിയുന്നവരെ നാടുകടത്തലില്‍നിന്ന് രക്ഷിക്കാന്‍ ഒബാമയുടെ ഭരണകാലത്ത് നടപ്പാക്കിയ നയം നടപ്പാക്കുന്നതാണ് പദ്ധതി.
അത്തരക്കാരെ നാടുകടത്തുന്നത് രണ്ട് വര്‍ഷം കൂടുമ്പോള്‍ നീട്ടിവയ്ക്കാനും അവര്‍ക്ക് അക്കാലത്ത് തൊഴില്‍ പെര്‍മിറ്റ് നല്‍കാനും അനുവദിക്കുന്ന ആ നയം അവസാനിപ്പിക്കാന്‍ ട്രംപ് ശ്രമിച്ചെങ്കിലും ഒടുവില്‍ സുപ്രീംകോടതി തടയുകയായിരുന്നു.

Get real time update about this post categories directly on your device, subscribe now.