തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാർട്ടി എംഎൽഎമാരെ ബിഹാറിൽ നിന്ന് മാറ്റാൻ കോൺഗ്രസ്

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാർട്ടി എംഎൽഎമാരെ ബിഹാറിൽ നിന്ന് മാറ്റാൻ കോൺഗ്രസ്. പഞ്ചാബിലേക്കോ, രാജസ്ഥാനിലേക്കോ മാറ്റാനാണ് ആലോചന. വിജയിക്കുന്നവരെ പട്നയിലെ റിസോർട്ടിൽ എത്തിക്കാൻ എഐസിസി അംഗം രൺദീപ് സിംഗ് സുർജെവാലെയെ ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

മഹാസഖ്യത്തിന് മികച്ച വിജയം പ്രവചിച്ച എക്‌സിറ്റ് പോളുകൾ കൂടാതെ തൂക്കു സഭയുടെ സാധ്യതകളിലേക്കും ചില എക്സിറ്റ് പോളുകൾ വിരൽ ചൂണ്ടുന്നുണ്ട്. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സ്ഥിതി ഉണ്ടായാൽ സർക്കാരുണ്ടാക്കാൻ ബിജെപി പാർട്ടി അംഗങ്ങളെ അടർത്തിയെടുക്കുമെന്ന് കോൺഗ്രസ് കരുതുന്നു.

അധികാരവും പണവും കാണിച്ച് വിളിച്ചാൽ എംഎൽഎമാർ ബിജെപിയിലേക്ക് പോകുമെന്നും കോൺഗ്രസിന് അറിയാം.കർണാടക, മധ്യപ്രദേശ് അനുഭവങ്ങളും മുന്നിലുണ്ട്.

ഇതാണ് മുൻകരുതൽ സ്വീകരിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്നത്. ഫലം വന്നാൽ വിജയിക്കുന്നവരെ ബിഹാറിൽ നിന്ന് മാറ്റാനാണ് നീക്കം. വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സ്ഥിതി ഉണ്ടായാൽ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്കോ പഞ്ചാബിലേക്കോ ആയിരിക്കും ഇവരെ മാറ്റുക.

ഇതിനായി AICC അംഗം രൺദീപ് സിംഗ് സുർജെവാലയെ ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. രൺദീപ് സിംഗ് സുർജെവാല, അവിനാശ് പാണ്ഡെ എന്നിവരെ AICC നേരത്തെ തന്നെ നിരീക്ഷകരായി നിയമിച്ചിരുന്നു. ഫലം വന്നാൽ എം എൽ എമാരെ ആദ്യം പട്നയിലെ റിസോർട്ടിൽ എത്തിക്കും.

ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടാകുമോ ഇല്ലയോ എന്നതിന് അനുസരിച്ച് അടുത്ത നടപടി. ഇതാണ് പദ്ധതി. എം എൽ എമാരെ മാറ്റാൻ ആലോജിക്കുന്നുവെന്ന റിപ്പോർട്ടുകൾ ശരിവയ്ക്കുകയാണ് AICC അംഗം കിഷോർ കുമാർ ജാ. മുൻ കരുതൽ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.

70 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുമെന്ന ആരോപണങ്ങൾ ബിജെപി നിഷേധിച്ചു. NDA വൻഭൂരിപക്ഷത്തിൽ വിജയിക്കും. അതിനാൽ ഇത്തരം ആക്ഷേപങ്ങൾ തീർത്തും അടിസ്ഥാന രഹിതമെന്ന് ബിജെപി നേതാവ് സഞ്ജയ് ടൈഗർ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here