രാജ്യത്തെ പ്രതിവാര കൊവിഡ് കേസുകളിലും മരണങ്ങളിലും വര്‍ധന

ദില്ലി: രാജ്യത്തെ പ്രതിവാര കൊവിഡ് കേസുകളിലും മരണങ്ങളിലും നേരിയ വര്‍ധന. ഒക്ടോബര്‍ അവസാന ആഴ്ചയും നവംബര്‍ ആദ്യ ആഴ്ചയും തമ്മിലുള്ള താരതമ്യത്തിലാണ് വര്‍ധനവ്.ഇന്നലെ 45903 പുതിയ കേസുകളും 48,405 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. 490 മരണങ്ങളും സ്ഥിരീകരിച്ചു.

സെപ്റ്റംബര്‍ പകുതിക്ക് ശേഷം രാജ്യത്തെ പ്രതിവാര കൊവിഡ് കേസുകളും മരണങ്ങളും കുറയുകയായിരുന്നു. എന്നാല്‍ ഇതിന് വിപരീതമാണ് കഴിഞ്ഞ ആഴ്ചയിലെ കണക്കുകള്‍. പ്രതിവാര കേസുകളിലും മരണങ്ങളിലും നേരിയ വര്‍ധനവുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ എട്ട് വരെ 3,25000ത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

ഒക്ടോബറിലെ അവസാന ഏഴ് ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതാകട്ടെ 3,19,253 കേസുകളും. കഴിഞ്ഞ എട്ട് ആഴ്ചകള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പോയ വാരമാണ്. ഒക്ടോബര്‍ അവസാനം റിപ്പോര്‍ട്ട് ചെയ്തത് 3,586 മരണങ്ങളാണ്. എന്നാല്‍ പോയവാരം 4014 മരണങ്ങള്‍ സ്ഥിരീകരിച്ചു. ആറ് ആഴ്ചകള്‍ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിവാര മരണങ്ങളാണ് ഇത്. ഉത്സവ സീസണായതിനാല്‍ ഈ കണക്കുകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആശങ്ക നല്‍കുന്നു. അതേസമയം രാജ്യത്ത് കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 79 ലക്ഷം കടന്നു.

ഇന്നലെ രോഗമുക്തി നേടിയത് 48,405 പേരാണ്. ആകെ രോഗമുക്തരുടെ എണ്ണം 79,17, 373. ഇന്നലെ 45903 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗബാധിതരുടെ എണ്ണം 85,53,657 ആയി. രോഗം സ്ഥിരീകരിച്ച 93 ശതമാനത്തോളം പേരും രോഗമുക്തി നേടി. 490 മരണങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചത്. ആകെ മരണ സംഖ്യ 1,26,611 ആയി. ആകെ രോഗബാധിതരുടെ ആറു ശതമാനത്തില്‍ താഴെ രോഗികള്‍ മാത്രമാണ് ചികിത്സയിലുള്ളത്. 5,09,673 പേര്‍ ചികിത്സയില്‍ കഴിയുന്നു. 3 സംസ്ഥാനങ്ങളില്‍ മാത്രമാണ് ആക്റ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സ്ഥിതിയുള്ളത്. ദില്ലി, ഹരിയാന, മിസോറാം എന്നിവിടങ്ങളിലാണ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം കൂടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News