ഇഡ്‌ഡലി അന്നദാനമാക്കി അമ്പലം :മല്ലികപ്പൂക്കൾ :വീട്ടുമുറ്റത്ത് കോലങ്ങൾ : സന്തോഷത്തോടെ തുളസീന്ദ്രപുരം കമലയ്ക്കായി

കാലിഫോർണിയയിൽ നിന്നുള്ള 55 കാരിയായ സെനറ്റർ കമല ഹാരിസിന്‍റെ വിജയത്തിന് ഒട്ടേറെ സവിശേഷതകളുണ്ട്.ദക്ഷിണേന്ത്യ മാത്രമല്ല ഇന്ത്യ ഒട്ടാകെ തങ്ങളുടെ പുത്രിയാണ് കമല എന്ന് അഭിമാനത്തോടെ പറയുമ്പോൾ ,വൈസ് പ്രസിഡന്റ സ്ഥാനാർഥി ആയി കമല ഹാരിസിന്റെ പേര് പ്രഖ്യാപിച്ച അന്ന് മുതൽ പ്രാർത്ഥനയോടെ നാളുകൾ നീക്കിയ ഒരു ഗ്രാമമുണ്ട് .തുളസീന്ദ്രപുരം എന്ന തമിഴ് കർഷക ഗ്രാമം.അവിടെയുള്ള ജനതക്ക് കമല അവരുടെ മണ്ണിന്റെ മകളാണ് .സ്വന്തം വീട്ടുകാര്യം പോലെ കമലയുടെ വിജയത്തിനായി അമ്പലങ്ങളിൽ വഴിപാടും പ്രാർത്ഥനകളും. കമലയ്ക്ക് പിന്തുണയുമായി പോസ്റ്ററുകളും ഫ്ലക്സുകളും ഗ്രാമത്തിൽ ഒരുക്കിയിരുന്നു.സ്വന്തം വീട്ടുമുറ്റത്തു കമലയ്ക്കായി കോലങ്ങൾ.


കമല ഹാരിസിന്റെ വിജയത്തിൽ അഭിനന്ദനങ്ങൾ. നമ്മുടെ ഗ്രാമത്തിന്റെ അഭിമാനം. വണക്കം അമേരിക്ക- എന്നിങ്ങനെയാണ് വീടുകളുടെ മുൻവശത്ത് വരച്ച കോലങ്ങളിൽ രേഖപ്പെടുത്തിയത്.പൂത്തിരികത്തിച്ചും മധുരം വിളമ്പിയും അവർ സ്വയം ആഘോഷിക്കുകയാണ്.

ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ആവി പറക്കുന്ന ഇഡ്ഡലിയാണ് എന്ന് കമല ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയതോടെ അമ്പലങ്ങളിൽ അന്നദാനമായി ഇഡ്ഡലി.ഒരു നാട് മുഴുവൻ കമലയ്ക്കായി ഒന്ന് ചേർന്നപോലെ.

കമലയുടെ അമ്മ ശ്യാമള ഗോപാലൻ ചെന്നൈ സ്വദേശിയായിരുന്നു; ജമൈക്കയിൽ നിന്നുള്ള ഡൊണാൾഡ് ഹാരിസ് ആയിരുന്നു ശ്യാമളയുടെ ഭർത്താവ് . ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ ബിരുദ വിദ്യാർത്ഥികളായിരിക്കെയാണ് കമലയുടെ അച്ഛനമ്മമാർ ആദ്യമായി കണ്ടുമുട്ടിയത്.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കമല ഹാരിസ് നടത്തിയ ആദ്യ പ്രസംഗത്തിൽ തിരുവാരൂര്‍ സ്വദേശിയായ അമ്മ ശ്യാമള ഗോപാലനെ അനുസ്മരിച്ചിരുന്നു. “എന്റെ അമ്മ 19 ആം വയസ്സിൽ ഇന്ത്യയിൽ നിന്ന് ഇവിടെയെത്തിയപ്പോൾ, അവർ ഇങ്ങനെയൊരു നിമിഷത്തെ കുറിച്ച് സങ്കൽപ്പിച്ചിട്ടുപോലും ഉണ്ടാകില്ല. എന്നാൽ ഇതുപോലുള്ള ഒരു നിമിഷം സാധ്യമാകുന്ന ഒരു അമേരിക്കയെ കുറിച്ച് വളരെ ആഴത്തിൽ വിശ്വസിച്ചിരുന്നു’-
”ചുമ്മാതി​രുന്ന് ഓരോ കാര്യങ്ങളെപ്പറ്റി​ കുറ്റം പറയരുത്. ആ സമയത്ത് എന്തെങ്കി​ലും ചെയ്യാൻ ശ്രമി​ക്കുക” – അമ്മ ശ്യാമള ഗോപാലൻ തനിക്ക് നൽകിയ ഏറ്റവും വിലപ്പെട്ട ഉപദേശം ഇതായിരുന്നു എന്ന് കമല എഴുതിയിട്ടുണ്ട്. അമ്മയുടെ ഈ വാക്കുകൾ ഒരു മന്ത്രം പോലെ എന്നും ഉള്ളിൽ ഉരുവിടുമായിരുന്നു എന്നും കമല.

തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ശ്യാമള ഗോപാലനും അമേരിക്കയില്‍ മനുഷ്യാവകാശപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.കമലയ്ക്ക് ഏഴ് വയസ്സായപ്പോള്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. അന്ന് അച്ഛനെ കാണാന്‍ പോകുമ്പോള്‍ കറുത്തവരയാതുകൊണ്ട് പരിസരത്തെ കുട്ടികള്‍ കൂടെ കളിക്കാന്‍ കൂട്ടാത്ത കാര്യം കമലാ ഹാരിസ് ഓര്‍ത്തെടുക്കുന്നുണ്ട്. പിന്നീട് വര്‍ണ വിവേചനത്തിനെതിരായ നിലപാടുകള്‍ കൈകൊള്ളുന്നതില്‍ കമലാ ഹാരിസ്സിന് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ വ്യക്തിപരമായി ഊർജം നല്കിയിരിക്കാം.

ഹിന്ദു-ക്രൈസ്തവ വിശ്വാസങ്ങളിലൂടെ വളർന്ന കമല ഒരു യഹൂദ പുരുഷനെ വിവാഹം കഴിച്ചു. ലോസ് ഏഞ്ചൽസ് അഭിഭാഷകൻ ഡഗ്ലസ് എംഹോഫിനെ സാൻ ഫ്രാൻസിസ്കോയിൽ വെച്ചാണ് കമല ഹാരിസ് ആദ്യമായി കാണുന്നത്. അവർ 2014 ൽ വിവാഹിതരായി.

അഭിഭാഷക എന്ന നിലയിൽ കമൽ ഹാരിസ് ഒട്ടേറെവർത്തകളിൽ ഇടം പിടിച്ചിരുന്നു. മതവിശ്വാസങ്ങൾ കാരണം ഗർഭനിരോധനത്തിനായി സ്ത്രീകളുടെ ആരോഗ്യ പരിരക്ഷ നിഷേധിക്കാനുള്ള ഹോബി ലോബിയുടെ അഭ്യർത്ഥന നിരസിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ കമൽ ഏറെ ശ്രദ്ധിക്കപ്പെട്ടു . ഇതുസംബന്ധിച്ച് സുപ്രീം കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യുകയും ചെയ്തു. മതപരമായ കാരണങ്ങളാൽ ജനന നിയന്ത്രണ പരിരക്ഷ തടയാൻ ഹോബി ലോബിയെ അനുവദിക്കുകയാണെങ്കിൽ, മറ്റ് കോർപ്പറേറ്റുകളും രാജ്യത്തിന്റെ പൗരാവകാശ നിയമങ്ങളിൽ നിന്ന് സമാനമായ ഇളവുകൾ ആവശ്യപ്പെടാൻ ഇടയാക്കുമെന്ന് 15 സംസ്ഥാനങ്ങളും വാഷിംഗ്ടൺ ഡി.സിയും പിന്തുണയ്ക്കുന്ന 2014 ലെ ഹർജിയിൽ ഹാരിസ് വ്യക്തമാക്കി. സുപ്രധാനമായ തീരുമാനത്തിൽ, കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കോർപ്പറേഷനുകൾക്ക് അവരുടെ മതവിശ്വാസത്തെ വ്രണപ്പെടുത്തിയാൽ താങ്ങാനാവുന്ന പരിപാലന നിയമപ്രകാരം ഗർഭനിരോധനത്തിനായി ഇൻഷുറൻസ് പരിരക്ഷ നൽകേണ്ടിവരില്ലെന്ന് സുപ്രീം കോടതി വിധിച്ചു.

വംശീയ വിദ്വേഷത്തിന്റെ മോശം അന്തരീക്ഷം നിലനില്‍ക്കുന്ന അമേരിക്കയിലെ സമകാലിന അവസ്ഥയിലാണ് കമല ഹാരിസ്സ് വൈസ് പ്രസിഡന്റ്കുന്നതെന്നതാണ് പ്രധാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here