ക്വാറന്‍റൈന്‍ സെന്‍ററില്‍ സെല്‍ഫോണ്‍ ഉപയോഗം; അര്‍ണബ് ഗോസ്വാമിയെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

2018 ല്‍ അലിബാഗിലെ ഇന്‍റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്‍റെയും അമ്മയുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നവംബര്‍ 4 ന് അര്‍ണബിനെ അറസ്റ്റ് ചെയ്യുന്നത്. കോടതി ഹാജരാവാന്‍ നോട്ടീസ് നല്‍കിയെങ്കിലും ഇത് ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. അറസ്റ്റിന് ശേഷം പ്രദേശിക ജയില്‍ അധികൃതര്‍ മുനിസിപ്പല്‍ സ്കൂളിലെ ക്വാറന്‍റൈന്‍ സെന്‍ററിലേക്ക് മാറ്റി. അര്‍ണബിനെ അറസ്റ്റ് ചെയ്ത പൊലീസ് ഫോണ്‍ പിടിച്ചെടുത്തിരുന്നു.

ക്വാറന്‍റൈനില്‍ ക‍ഴിയവെ അര്‍ണബ് ഗോസ്വാമി മൊബൈൽ ഫോൺ ഉപയോഗിച്ചതായി റായ്ഗഡ് ജില്ലാ പോലീസിന്റെ ലോക്കൽ ക്രൈംബ്രാഞ്ചിലെ ഇൻസ്പെക്ടർ ജമീൽ ഷെയ്ഖ് പറഞ്ഞു. അറസ്റ്റിന് ശേഷം വെള്ളിയാ‍ഴ്ച ക്വാറന്‍റൈന്‍ സെന്‍ററിലെ തന്‍റെ അവസ്ഥ വിവരിച്ചുകൊണ്ട് അര്‍ണബ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. ശനിയാ‍ഴ്ചയാണ് ഇത് പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. അര്‍ണബ് ആരുടെ ഫോണാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചതായും പൊലീസ് അധികൃതര്‍ പറഞ്ഞു.

ഇടക്കാല ജാമ്യാപേക്ഷ സംബന്ധിച്ച തീരുമാനത്തിന് മുന്നോടിയായി അർണബ് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. ഇന്ന് ഉച്ച കഴിഞ്ഞാണ് അർണബിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ക്വാറന്റൈൻ കേന്ദ്രത്തിൽ വെച്ച് തന്നെ ആക്രമിച്ചുവെന്ന് അർ​ണബ് ആരോപിക്കുന്ന ഒരു വീഡിയോ റിപ്പബ്ലിക് ടിവി പുറത്തുവിട്ടിരുന്നു. “എന്റെ അഭിഭാഷകരുമായി സംസാരിക്കാൻ എനിക്ക് അനുവാദമില്ല, എന്റെ ജീവൻ അപകടത്തിലാണ്. ഇന്ന് രാവിലെ എന്നെ ഉന്തിയിട്ടു. 6 മണിക്ക്, അവർ എന്നെ ഉണർത്തി, അഭിഭാഷകരോട് സംസാരിക്കാൻ എന്നെ അനുവദിക്കില്ലെന്ന് അവർ പറഞ്ഞു. ദയവായി രാജ്യത്തെ ജനങ്ങളോട് പറയുക, എന്റെ ജീവൻ അപകടത്തിലാണ്. എന്റെ ജീവൻ അപകടത്തിലാണ്, എന്നെ സഹായിക്കാൻ കോടതികളോട് പറയുക. എന്നെ ജയിലിൽ അടിച്ചതായി കോടതിയോട് പറയുക. ”

ജയിലുകൾക്കുള്ളിലും ക്വാറന്റൈൻ കേന്ദ്രങ്ങളിലും തടവുകാർക്ക് വീഡിയോ കോളിംഗ്, കോയിൻ ബോക്സ് സൗകര്യങ്ങൾ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന ജയില്‍ വക്താവ് പറഞ്ഞു. “അലിബാഗ് ക്വാറന്റൈൻ സെന്ററിൽ, ജയിൽ വകുപ്പ് നൽകിയ ഒരു സ്മാർട്ട് ഫോൺ ഒരു ഗാർഡിനെ ഏൽപ്പിച്ചിരിക്കുന്നു, ഇത് തടവുകാർക്ക് അവരുടെ അഭിഭാഷകരുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെടാൻ അത് ഉപയോഗിക്കാം,” അദ്ദേഹം പറഞ്ഞു. മാറ്റിപ്പാർപ്പിക്കുന്നതിനിടെ ജയിൽ ഉദ്യോഗസ്ഥർ തന്നെ ആക്രമിച്ചുവെന്ന ഗോസ്വാമിയുടെ ആരോപണം വക്താവ് നിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News