ബിലീവേഴ്സ് ചര്‍ച്ചിലെ റെയ്ഡിനിടെ വൈദികന്‍ ഫോണ്‍ തട്ടിപ്പറിച്ചോടി; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം

ബിലീവേഴ്സ് ചര്‍ച്ചില്‍ ആദായ നികുതി വിഭാഗം നടത്തിയ റെയ്ഡിനിടെ നാടകീയ രംഗങ്ങള്‍. ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത ഐഫോണ്‍ വൈദികന്‍ തട്ടിപ്പറിച്ചോടി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. റയ്ഡിന്റെ ആദ്യ ദിവസമാണ് സംഭവം.

സഭാ വക്താവും മെഡിക്കല്‍ കോളേജ് മാനേജരുമായ ഫാദര്‍ സിജോ പണ്ടപ്പള്ളിലിന്റെ ഐ ഫോണ്‍ ആയിരുന്നു ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. എന്നാല്‍ ഫോണ്‍ പരിശോധിക്കുന്നതിനിടെ ഫാദര്‍ സിജോ ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച് ബാത്ത്റൂമിലേക്ക് ഓടുകയും ടൊയ്ലെറ്റില്‍ ഇട്ട് ഫ്ളഷ് ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.

ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നെത്തിയെങ്കിലും ഫോണ്‍ തറയില്‍ എറിഞ്ഞ് തകര്‍ത്തിരുന്നു. ഇതിനിടെ ഒരു പെന്‍ഡ്രൈവ് തകര്‍ക്കാനുള്ള ജീവനക്കാരിയുടെ ശ്രമവും ഉദ്യോഗസ്ഥര്‍ തടഞ്ഞു. അഞ്ച് വര്‍ഷത്തിനിടെ ആറായിരം കോടി രൂപ വിദേശത്ത് നിന്നും എത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പതിനാലര കോടി രൂപയോളമാണ് ഇതുവരെ പിടിച്ചെടുത്തത്.

ഇതില്‍ ഏഴുകോടി രൂപ ബിലീവേഴ്സിന്റെ ആശുപത്രി ജീവനക്കാരന്റെ കാറില്‍ നിന്നും ബാക്കി തുക ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുമാണ് കണ്ടെടുത്തത്. ബിലീവേഴ്സ് സ്ഥാപകന്‍ കെ.പി യോഹന്നാനും പ്രധാന ചുമതല വഹിക്കുന്ന ഫാദര്‍ ഡാനിയല്‍ വര്‍ഗീസും വിദേശത്താണ്. ഇവരെ ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. വിദേശ സംഭാവന നിയന്ത്രണ ചട്ടവും (എഫ്.സി.ആര്‍.എ) വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടവും (ഫെറ) ലംഘിച്ച് ബിലീവേഴ്‌സ് വന്‍തോതില്‍ സംഭാവനകള്‍ സ്വീകരിച്ചതായാണ് കണ്ടെത്തല്‍.

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ 30ലേറെ ട്രസ്റ്റുകള്‍ രൂപീകരിച്ച് 60 കേന്ദ്രങ്ങളിലേക്കായി ബിലീവേഴ്‌സ് ഗ്രൂപ്പ് വിദേശ സഹായം സ്വീകരിച്ചിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരിലാണ് ബിലീവേഴ്‌സ് ചര്‍ച്ച് ആഗോളതലത്തില്‍ അറിയപ്പെടുന്നത്.

2005ല്‍ 2223 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് വാങ്ങിയിരുന്നു. സഭക്കുകീഴില്‍ ലാസ്റ്റ് ഔവര്‍ മിനിസ്ട്രി, ലവ് ഇന്ത്യ മിനിസ്ട്രി, അയന ചാരിറ്റബിള്‍ ട്രസ്റ്റ്, ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് ഓഫ് ഇന്ത്യ എന്നീ ചാരിറ്റബിള്‍ ട്രസ്റ്റുകളാണ് ചര്‍ച്ചിന്റെതായി ഉള്ളത്. ഇതിന് പുറമെ തിരുവല്ല മെഡിക്കല്‍ കോളജ് ആശുപത്രി, ആത്മീയ യാത്ര ടെലിവിഷന്‍ ചാനല്‍, തിരുവല്ല, തൃശൂര്‍ എന്നിവിടങ്ങളില്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവയും ബിലീവേഴ്‌സ് ചര്‍ച്ചിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News