അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല; ഇടക്കാല ജാമ്യം ബോംബെ ഹൈക്കോടതി നിഷേധിച്ചു

ദില്ലി: റിപബ്ലിക് ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് തിരിച്ചടി. ആത്മഹത്യ പ്രേരണ കേസില്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല. ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു. അധികാര പരിധി മറികടന്ന് അത്യസാധാരണമായി ഇടപെടേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി. ജാമ്യത്തിനായി അര്‍ണബ് സെഷന്‍സ് കോടതിയെ സമീപിച്ചു. 4 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

2018 ല്‍ ആലിബാഗ് സ്വദേശിയായ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായികും അമ്മ കുമുദ് നായികും ആത്മഹത്യ ചെയ്ത കേസില്‍ പ്രേരണാ കുറ്റം ചുമത്തി കഴിഞ്ഞ ബുധനാഴ്ചയാണ് റിപ്പബ്ലിക് ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റ് കോടതി നവംബര്‍ പതിനെട്ട് വരെ റിമാന്‍ഡും ചെയ്തു. ഈ റിമാന്‍ഡ് ഉത്തരവ് നില്‍നില്‍ക്കെയാണ് നിയമ വിരുദ്ധ തടങ്കല്‍ ആരോപിച്ച് അര്‍ണബ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. ഈ നീക്കമാണ് തിരിച്ചടിയായത്.

അധികാരപരിധി ലംഘിച്ച് അത്യസാധാരണമായി കോടതി ഇടപെടേണ്ട കാര്യമില്ലെന്ന് ഇടക്കാല ജാമ്യം നിരസിച്ച് ബോംബേ ഹൈക്കോടതി വ്യക്തമാക്കി. ജാമ്യത്തിനായി അര്‍ണബിന് സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഉത്തരവിലെ നിരീക്ഷങ്ങള്‍ ജാമ്യാപേക്ഷയെ സ്വാധീനിക്കരുതെന്ന് സെഷന്‍സ് കോടതിക്ക് നിര്‍ദേശവും നല്‍കി. ജാമ്യത്തിനായി അര്‍ണബ് സെഷന്‍സ് കോടതിയെ സമീപിച്ചു. 4 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മഹാരാഷ്ട്ര സര്‍ക്കാരും അന്‍വൈ നായിക്കിന്റെ കുടുംബവും ജാമ്യത്തെ എതിര്‍ത്തിരുന്നു.

അര്‍ണബ് കേസില്‍ മഹാരാഷ്ട്ര ഗവര്‍ണറും ഇടപെടലുമായെത്തിയത് കേസിന്റെ രാഷ്ട്രീയ നിറം കൂട്ടി. ജയിലിലെ അര്‍ണബിന്റെ സുരക്ഷയിലും ആരോഗ്യത്തിലും ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരി സംസ്ഥാന ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെ ആശങ്ക അറിയിച്ചു. അര്‍ണബ് ഗോസ്വാമിയെ ഇന്നലെ ക്വാറന്റീന്‍ സെന്ററില്‍ നിന്ന് തലോജ ജയിലിലിക്ക് മാറ്റിയിരുന്നു. ഇതിനെതിരെയാണ് ഗവര്‍ണറുടെ ഇടപെടല്‍. അര്‍ണബിന്റെ ജയില്‍ മാറ്റത്തില്‍ റിപ്പബ്‌ളിക് ടി വി മനുഷ്യാവകാശ കമ്മീഷനും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും കത്തയച്ചു. അര്‍ണബിന്റെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നുമാണ് കത്തിലെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News