പിജെ ജോസഫ് ഗ്രൂപ്പിന് കൂടുതൽ സീറ്റ് നൽകി; കോൺഗ്രസ്സിൽ പൊട്ടിത്തെറി

കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പിജെ ജോസഫ് ഗ്രൂപ്പിന് കൂടുതൽ സീറ്റ് നൽകിയതിൽ കോൺഗ്രസ്സിൽ പൊട്ടിത്തെറി. കഴിഞ്ഞ തവണ രണ്ടു സീറ്റുകളിൽ മാത്രം ജയിച്ച ജോസഫ് ഗ്രൂപ്പ് ഇത്തവണ 22 ഡിവിഷനുകളിൽ ഒൻപതിടത്ത്‌ മത്സരിക്കും.

ജില്ലയിലെ കോൺഗ്രസിനെ തകർക്കുന്നതാണ് യുഡിഎഫ് തീരുമാനം എന്ന് കാണിച്ചു ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ഇതിനിടെ എരുമേലി ഡിവിഷനിൽ അവകാശവാദമുന്നയിച്ച് മുസ്ലിം ലീഗ് രംഗത്തെത്തി.

ജോസ് കെ മാണി പക്ഷം യുഡിഎഫിൽ നിന്നും പുറത്തു പോയതോടെ കോൺഗ്രസ് ഏറ്റെടുക്കാൻ ഇരുന്ന ജില്ലാ പഞ്ചായത്ത് സീറ്റുകളാണ് ജോസഫ് വിഭാഗത്തിന് വിട്ടുനൽകിയത്. ഉമ്മൻചാണ്ടിയുടെ ഇടപെടലിലൂടെയാണ് ജോസഫ് വിഭാഗത്തിന് കൂടുതൽ സീറ്റുകൾ നൽകാൻ തീരുമാനമായത്.

ഇന്നലെ ചേർന്ന ഘടക കക്ഷി യോഗത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ച നടന്നിരുന്നില്ല. എന്നാൽ ഇന്ന് രാവിലെയോടെ കോട്ടയം ജില്ലാ പഞ്ചായത്തിലെ 22 ഡിവിഷനുകളിൽ ജോസഫിന് 9 എണ്ണം നൽകിയതായി പ്രഖ്യാപനം ഉണ്ടാവുകകയായിരുന്നു.
വെള്ളൂർ, കുറവിലങ്ങാട്, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, കങ്ങഴ, തൃക്കൊടിത്താനം, കിടങ്ങൂർ, അതിരമ്പുഴ, വൈക്കം എന്നീ ഡിവിഷനുകളിൽ ആണ് കേരള കോൺഗ്രസ് മത്സരിക്കുക.

ഇത് ജില്ലയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരോടും യുവജന വിഭാഗത്തോടുമുള്ള കടുത്ത അനീതിയാണെന്ന് കാണിച്ച് ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തി. കഴിഞ്ഞതവണ കേരള കോൺഗ്രസിനു നൽകിയ 11 ഡിവിഷനുകളിൽ രണ്ടിടങ്ങളിൽ മാത്രമാണ് ജോസഫ് വിഭാഗത്തിന് ജയിക്കാൻ സാധിച്ചത്.

മാത്രമല്ല ഒട്ടും ജയ സാധ്യതയില്ലാത്ത കടുത്തുരുത്തി, പൂഞ്ഞാർ ഡിവിഷനുകൾ ജോസഫിൽ നിന്ന് കോൺഗ്രസ്‌ ഏറ്റെടുത്തത്തിലും വലിയ എതിർപ്പാണ് ഉയരുന്നത്. ഇതിനിടെ മുസ്ലിം ലീഗ് ഒരു സീറ്റ് ആവശ്യപ്പെട്ട് രംഗത്തെത്തി. എരുമേലി, കാഞ്ഞിരപ്പള്ളി ഡിവിഷനുകളിലൊന്ന് വേണമെന്നാണ് ആവശ്യം.

എന്നാൽ രണ്ടു സീറ്റുകൾ വിട്ടു നൽകിയതിനാൽ, ലീഗിൻറെ ആവശ്യത്തിന് കോൺഗ്രസ് പരിഹാരം ഉണ്ടാക്കണമെന്ന് ജോസഫ് പക്ഷം വ്യക്തമാക്കി. മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും കോട്ടയത്ത്‌ യുഡിഎഫിൽ തർക്കം തുടരുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News