അഭിമാനമായി ടീച്ചര്‍; വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍ കെ കെ ശെെലജ ടീച്ചര്‍

വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍ 2020 ആയി ആരോഗ്യമന്ത്രി കെ കെ ശെെലജ ടീച്ചര്‍. ശെെലജ ടീച്ചറെ മുഖചിത്രമാക്കിയാണ് ലോകപ്രശസ്ത ഫാഷന്‍ മാഗസിനായ വോഗ് ഇന്ത്യയുടെ നവംബര്‍ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.

കൊവിഡ് മഹാമാരിയെ സംസ്ഥാന ആരോഗ്യ മേഖലയുടെ മുന്നില്‍ നിന്ന് അതിജീവിക്കുന്ന ശെെലജ ടീച്ചറുമായുള്ള അഭിമുഖവും പുതിയ പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘ ഭയപ്പെടാനുള്ള സമയം ഇല്ല. ഭയത്തേക്കാളധികം ഈ പ്രതിസന്ധിയില്‍ ഇടപെടുന്നത് എനിക്ക് ആവേശകരമായിരുന്നു,’ കെ.കെ ശൈലജ വോഗിനോട് പറഞ്ഞു.

ലോകത്തെ വനിതാ നേതാക്കൾ പ്രതിസന്ധി ഘട്ടങ്ങൾ നേരിടുന്നതിൽ കാണിക്കുന്ന മികവ്‌ മാഗസിൻ ചൂണ്ടിക്കാണിക്കുന്നു. ന്യൂസിലൻഡിലെ ജസിന്ത ആൻഡേൺ,ജർമ്മനിലെ ആങ്കല മെൽക്കൽ, തായ്‌വാനിലെ സായ്‌ ഇങ്‌ വെൻ തുടങ്ങിയവരുടെ പേരുകൾക്കൊപ്പമാണ്‌ കെ കെ ശൈലജയുടെ പേരും പറയുന്നത്‌.

കോവിഡ് പ്രതിരോധത്തിലെ കേരള മോഡൽ പ്രശംസിച്ചു കൊണ്ടാണ് കെ കെ ശൈലജയെ മാഗസിനിൽ അവതരിപ്പിക്കുന്നത്. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ഉന്നമനം എന്നിവയിൽ കേരളം മുൻപ് തന്നെ മുൻപന്തിയിലാണെന്നും ലേഖനത്തിൽ പറയുന്നു.

നേരത്തെ കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള വനിതകളെ ആദരിക്കാന്‍ വോഗ് അവതരിപ്പിച്ച വോഗ് വാരിയേഴ്സ് സീരിസിലും ശൈലജ ടീച്ചര്‍ ഇടം നേടിയിരുന്നു. കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളിലെ മികവ് ചൂണ്ടിക്കാട്ടിയാണ് ശൈലജ ടീച്ചറെ സീരീസിലേക്ക് തെരഞ്ഞെടുത്തത്. കൊവിഡ് മഹാമാരിയിൽ നിന്നും കേരളത്തെ തിരിച്ചുപിടിക്കുന്ന ആരോഗ്യമന്ത്രി.’ എന്നാണ് വോഗ് വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ആരോഗ്യമന്ത്രിയും സംഘവും 2018ൽ നടത്തിയ നിപാ പ്രതിരോധത്തെയും 2020 ല്‍ നടത്തിയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും വോഗ് പ്രശംസിച്ചിരുന്നു.

നേരത്തെ കൊവിഡ് 19 കാലത്തെ ലോകത്തെ മികച്ച 50 ചിന്തകരുടെ പട്ടികയിലും ഒന്നാം സ്ഥാനം കെ.കെ ശൈലജ നേടിയിരുന്നു.

ഇതിനകം സിനിമാ താരങ്ങളായ ഫഫദ് ഫാസില്‍, നസ്രിയ നസീം, റിമ കല്ലിങ്കല്‍ തുടങ്ങിയ പ്രമുഖ താരങ്ങളും കെ.കെ. ശൈലജയുള്ള വോഗിന്റെ കവര്‍ പേജ് ഷെയര്‍ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here