അനധികൃത സ്വത്ത് സമ്പാദനക്കേസ്; ആശ ഷാജിയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് 11 മണിക്കൂർ ചോദ്യം ചെയ്തു

പ്ലസ് ടു കോഴ ഇടപാടുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ എം ഷാജി എം എൽ എ യുടെ ഭാര്യ ആശ ഷാജിയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് 11 മണിക്കൂർ ചോദ്യം ചെയ്തു. ഇ ഡി യുടെ കോഴിക്കോട് മേഖലാ ഓഫീസിലിണ് ചോദ്യം ചെയ്യൽ നടന്നത്. തനിക്കൊന്നും അറിയില്ലെന്നും ഭർത്താവാണ് തൻ്റെ പേരിൽ ഭൂമി വാങ്ങിയതെന്നും ആശ മൊഴി നൽകി. അതേ സമയം സ്വർണക്കടത്ത്, ഹവാല കേസ് പ്രതികളായ കുടുക്കിൽ സഹോദരന്മാരുമായുള്ള ഷാജിയുടെ ബന്ധം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് INL നേതാവ് NK അബ്ദുൾ അസീസ് ഇ ഡിക്ക് പരാതി നൽകി.

കോഴിക്കോട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സബ് സോണൽ ഓഫീസിൽ രാവിലെ 10 മണിയോടെ ആരംഭിച്ച ആശ ഷാജിയുടെ ചോദ്യം ചെയ്യൽ രാത്രി ഒമ്പതര വരെ നീണ്ടു. അഴീക്കോട് സ്കൂളിൽ പ്ലസ് ടു സീറ്റ് അനുവദിക്കാൻ കെ.എം.ഷാജി ഇരുപത്തി അഞ്ച് ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസാണ് ഇ ഡി അന്വേഷിക്കുന്നത്.

കോഴ ആരോപണമുണ്ടായ കാലഘട്ടത്തിലാണ് ഷാജി ആശയുടെ പേരിൽ വേങ്ങേരിയിൽ മൂന്ന് നില വീട് വെച്ചത്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും, ബാങ്ക് ഇടപാടുകളും ഹാജരാക്കാൻ ഇ.ഡി ആവശ്യപ്പെട്ടിരുന്നു. 10 വർഷത്തെ ബാങ്ക് ഇടപാട് വിവരങ്ങൾ ആശ കൈമാറി. ആശയെ ചോദ്യം ചെയ്യുന്നതിനിടെ ഷാജിക്കെതിരെ പുതിയ പരാതിയുമായി INL നേതാവ് NK അബ്ദുൾ അസീസ് ഇ ഡി ഓഫീസിൽ എത്തി. സ്വർണക്കടത്ത്, ഹവാല കേസ് പ്രതികളായ കുടുക്കിൽ സഹോദരന്മാരുമായുള്ള ഷാജിയുടെ ബന്ധം അന്വേഷിക്കണമെന്നാണ് പരാതി.ഷാജിയുടെ സാമ്പത്തിക സ്രോതസ് ഇവരാണെന്ന് കരുതുന്നതായി പരാതിയിൽ പറയുന്നു.

അതേ സമയം ആശയുടെ മൊഴിയിൽ വ്യക്തത വരുത്താനായി ലീഗ് നേതാവ് ടി ടി ഇസ്മയിലിനെ ഇ ഡി വീണ്ടും വിളിച്ചു വരുത്തി. ആശയുടെ ചോദ്യം ചെയ്യലിനിടെയാണ് ഇ ഡി യുടെ നീക്കം ഉണ്ടായത്. ലീഗ് നേതാക്കളായ ടി വി ഇബ്രാഹിം, ടി ടി ഇസ്മയിൽ എന്നിവരുമായി ചേർന്നാണ് കെ എം ഷാജി വേങ്ങേരി വില്ലേജിലെ ഭൂമി വാങ്ങിയത്. കോഴിക്കോട്ടെ അനധികൃത ആഡംബര വീട് നിർമാണത്തിന് ഉപയോഗിച്ച പണത്തിൻ്റെ ഉറവിടവും ഇ.ഡി അന്വേഷിക്കുന്നുണ്ട്. ഷാജിയുടെ ചോദ്യം ചെയ്യലിന് ശേഷം ആവശ്യമെങ്കിൽ കൂടുതൽ ചോദ്യം ചെയ്യൽ ഉണ്ടാകുമെന്ന് ആശയുടെ അഭിഭാഷകൻ സുരേഷ് ചന്ദ്ര പറഞ്ഞു

തനിക്കൊന്നും അറിയില്ല എന്ന മൊഴി ആശ പല ഘട്ടത്തിലും ആവർത്തിച്ചു. ഭർത്താവാണ് വസ്തു തൻ്റെ പേരിൽ വാങ്ങിയതെന്നും ആശ മൊഴി നൽകി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News