പ്രതിശ്രുതവധു വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് യുവാവ് സ്വയം വിവാഹിതനായി. ബ്രസീലിയന്‍ ഡോക്ടര്‍ ഡിയോഗോ റബേലോ ആണ് സ്വന്തം വിവാഹം നടത്തിയത്.
പ്രതിശ്രുതവധു വിറ്റോര്‍ ബ്യൂണോ വിവാഹത്തില്‍നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് സ്വയം വിവാഹിതനാകാന്‍ ഡിയോഗോ തീരുമാനിച്ചത്.
2019 നവംബറിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. എന്നാല്‍ പിന്നീട് ഇരുവര്‍ക്കുമിടയിലുണ്ടായ പിണക്കങ്ങളെ തുടര്‍ന്ന് ജൂലായില്‍ വിറ്റോര്‍ ബ്യൂണോ വിവാഹത്തില്‍നിന്ന് പിന്മാറുകയായിരുന്നു.
ആഡംബര വിവാഹത്തിനായി വന്‍ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. ഈ ഒരുക്കങ്ങളെല്ലാം ഉപേക്ഷിക്കേണ്ട ഘട്ടമെത്തിയപ്പോള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ വിവാഹം നടത്താന്‍ ഡിയോഗോ തീരുമാനിക്കുകയായിരുന്നു.
ബാഹിയയിലെ ലക്ഷ്വറി റിസോര്‍ട്ടില്‍ ഒക്ടോബര്‍ 17-ന് നടന്ന വിവാഹത്തില്‍ കൊവിഡ് കാലമായതിനാല്‍ നാല്പത് പേര് മാത്രമാണ് പങ്കെടുക്കാനെത്തിയത്.
എന്നാല്‍ തന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ ദിവസങ്ങളിലൊന്ന് എന്നാണ് ഡോക്ടര്‍ വിവാഹദിനത്തെ വിശേഷിപ്പിച്ചത്. ഏറ്റവും പ്രിയപ്പെട്ടവര്‍ ഒപ്പമുള്ള ദിവസം, ദുഃഖകരമായ ഒന്നായി മാറുമായിരുന്ന ഈ ദിവസം ശുഭപര്യവസാനിയായി മാറിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഡിയോഗോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വിവാഹത്തില്‍നിന്ന് പിന്മാറിയ കാമുകിയ്ക്കും ഡിയോഗോ നന്ദി അറിയിച്ചു. വിറ്റോറിനോട് തനിക്ക് ബഹുമാനമുണ്ടെന്നും ഇഷ്ടമുള്ളിടത്ത് പോകാനും തങ്ങാനുമുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ടെന്നും ഡിയോഗോ കുറിച്ചു.
വിവാഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here