കൊവിഡ് വാക്സിൻ നിര്‍ണായക വെളിപ്പെടുത്തലുമായി ഫെെസര്‍; ലോകം ഉറ്റുനോക്കുന്ന കണ്ടെത്തലിന് പിന്നില്‍ ഈ ദമ്പതികള്‍

മൂന്നാം ഘട്ട പരീക്ഷണത്തിൽ വാക്സിൻ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന അവകാശവാദവുമായി ഫൈസർ എന്ന കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. വാക്സിനെക്കുറിച്ചുള്ള ചർച്ച ചൂട് പിടിക്കുമ്പോള്‍ ഇതിന് പിന്നിൽ പ്രവർത്തിച്ച ദമ്പതികളാണ് വാര്‍ത്തയില്‍ ഇടം പിടിക്കുന്നത്.

ഫൈസറിനൊപ്പം പ്രവർത്തിച്ച ബയോ എൻടെക്ക് എന്ന ജർമ്മൻ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഉഗുർ സാഹിനും ഭാര്യയും സഹ ബോർഡ് അംഗവുമായ ഓസ്ലെം ടുറെസിയുമാണ് താരങ്ങള്‍. കാൻസറിനെതിരായ രോഗപ്രതിരോധ ശേഷി പ്രയോജനപ്പെടുത്തുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ച ഈ ദമ്പതികള്‍ ഫൈസർ വാക്സിൻ വികസിപ്പിക്കുന്നതിനുവേണ്ടി അഹോരാത്രം പരിശ്രമിച്ചവരാണ്.


കൊളോണിലെ ഒരു ഫോർഡ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന തുർക്കി കുടിയേറ്റക്കാരന്റെ മകനായ ഗുർ സാഹിൻ ജര്‍മ്മനിയിലെ 100 ധനികരിലൊരാളായി അടുത്തിടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇവർ സ്ഥാപിച്ച നാസ്ഡാക്കിൽ ലിസ്റ്റുചെയ്ത ബയോ ടെക്കിന്റെ വിപണി മൂല്യം വെള്ളിയാഴ്ച അവസാനിച്ച കണക്കനുസരിച്ച് 21 ബില്യൺ ഡോളറാണ്. ഒരു വർഷം മുമ്പു വരെ ഇത് 4.6 ബില്യൺ ഡോളറായിരുന്നു.

കൊറോണ വൈറസിനെതിരെ ഫലപ്രദമായ പ്രതിരോധ കുത്തിവയ്പ്പ് വാക്സിൻ വികസിപ്പിക്കുന്നതിൽ ഇവരുടെ കമ്പനി വഹിച്ച പങ്ക് വലുതാണ്.

“ഏറ്റവും ഉയർന്ന നേട്ടങ്ങൾ ഉണ്ടായിരുന്നിട്ടും അദ്ദേഹം അവിശ്വസനീയമാംവിധം എളിമയും സഹജീവി സ്നേഹവും പ്രകടിപ്പിക്കുന്നയാളാണ്,” കമ്പനി ബോർഡ് അംഗം കൂടിയായ മത്തിയാസ് ക്രൊമയെർ പറയുന്നു.

2008 ലാണ് ബയോ എൻടെക്കിന് തുടക്കമാകുന്നത്. ജീൻസ് ധരിച്ച് സൈക്കിളിൽ ബാക്ക്പാക്കും വഹിച്ചുകൊണ്ട് സാഹിൻ ബിസിനസ്സ് മീറ്റിംഗുകളിൽ പങ്കെടുക്കാറുണ്ടായിരുന്നുവെന്ന് മത്തിയാസ് കൂട്ടിച്ചേർത്തു.
വൈദ്യശാസ്ത്രം പഠിക്കാനും ഡോക്ടറാകാനുമുള്ള തന്റെ ബാല്യകാല സ്വപ്നം പിന്തുടർന്ന് സാഹിൻ കൊളോണിലെയും തെക്കുപടിഞ്ഞാറൻ നഗരമായ ഹോംബർഗിലെയും ആശുപത്രികളിൽ അധ്യാപക ജോലി ചെയ്തു. മെഡിക്കൽ ഗവേഷണവും ഗൈനക്കോളജിയും അദ്ദേഹത്തിന്‍റെ ഇഷ്ട മേഖലകളാണ്.

ജർമ്മനിയിലേക്ക് കുടിയേറിയ ഒരു തുർക്കി ഡോക്ടറുടെ മകളാണ് ടുറെസി. അവരുടെ വിവാഹദിനത്തിൽ പോലും ഇരുവരും ലാബ് ജോലികൾക്കായി സമയം ചെലവഴിച്ചിട്ടുണ്ടെന്ന് ടുറെസി ഒരു അഭിമുഖത്തിൽ നേരത്തെ പറഞ്ഞിരുന്നു.

ക്യാൻസറിനെതിരായ പ്രതിരോധ മരുന്ന് കണ്ടെത്താൻ ഇരുവരും ചേർന്ന് വലിയതോതിലുള്ള ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. ഓരോ ട്യൂമറിന്റെയും തനതായ ജനിതക പ്രശ്നം പരിഹരിക്കാനുള്ള ശ്രമവും ഇതിനോടൊപ്പം നടത്തി വരികയായിരുന്നു. കാൻസറിനെ പ്രതിരോധിക്കുന്ന ആന്റിബോഡികൾ വികസിപ്പിക്കുന്നതിനായി ഗാനിമെഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ച ഇവർ 2001 ലാണ് സംരംഭകത്വ ജീവിതം ആരംഭിച്ചത്.

പക്ഷേ അക്കാലത്ത് മെയിൻസ് സർവകലാശാലയിലെ പ്രൊഫസറായിരുന്ന സാഹിൻ ഒരിക്കലും അക്കാദമിക് ഗവേഷണവും അധ്യാപനവും ഉപേക്ഷിച്ചില്ല. ഇപ്പോ‍ഴിതാ ലോകത്തെ ഭീതിയിലാഴ്ത്തിയ കൊവിഡിനെതിരായ പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്നതിൽ നിർണായക ചുവടുവെയ്പ്പാണ് ദമ്പതികൾ നടത്തിയിരിക്കുന്നത്.

കൊറോണ വൈറസ് വാക്‌സിനിലെ വലിയ തോതിലുള്ള ക്ലിനിക്കൽ ട്രയലിൽ നിന്ന് വിജയകരമായ ഡാറ്റ കാണിക്കുന്ന ആദ്യത്തെ മരുന്ന് നിർമ്മാതാക്കളാണ് ഫൈസറും ബയോ എൻടെക്കും. ഇതുവരെ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഈ മാസം അവസാനം യുഎസ് അടിയന്തര ഉപയോഗ അംഗീകാരം തേടുമെന്നും കമ്പനികൾ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News