പോസ്റ്റ് കൊവിഡിന്റെ ഭാഗമായി ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയാം

കൊവിഡിനൊപ്പമുള്ള മലയാളികളുടെ ജീവിതം തുടങ്ങിയിട്ട് ഒരു വർഷത്തോടടുക്കുന്നു.ഇപ്പോള്‍ കൊവിഡിനോടുള്ള പലരുടേയും സമീപനം അത്ര ശരിയാണോ എന്നാലോചിക്കേണ്ടിയിരിക്കുന്നു
ഏറെ ജാഗ്രത പാലിക്കേണ്ട മഹാമാരിയാണ് കൊവിഡ് എന്ന് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള വിദഗ്ധ സമിതികളും അഭിപ്രായപ്പെട്ടു കഴിഞ്ഞു.

കൊവിഡിനെഅതിജീവിച്ചാലും നേരിടേണ്ടി വരുന്ന ഒരു വെല്ലുവിളി പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം അഥവാ കൊവിഡിന് ശേഷം നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ തന്നെ ആണ്.മറ്റു പല വൈറൽ രോഗങ്ങളിലും അസുഖം ഭേദമായ ശേഷവും ദീര്‍ഘകാലത്തേക്ക് ആരോഗ്യപ്രശ്നങ്ങള്‍ വന്നു കാണാറുണ്ട് . കൊവിഡ് 19 ന്റെ കാര്യത്തിലും ഇത്തരം ചില ആരോഗ്യപ്രശ്നങ്ങള്‍ കണ്ടുവരുന്നു.

പോസ്റ്റ് കൊവിഡ് 19 സിന്‍ഡ്രോം എന്ന പേരില്‍ ലോകമെമ്പാടും ഈ ഭീഷണിയേക്കുറിച്ച് ഗൗരവകരമായ പഠനങ്ങളും നിരീക്ഷണങ്ങളും നടന്നുവരികയാണ്. എന്നാല്‍ കൊവിഡ് മുക്തരായ എല്ലാവര്‍ക്കും ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല എന്നതും ശ്രദ്ധേയമാണ്.

പോസ്റ്റ് കൊവിഡ് പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ പറയുന്നത് വൈറസ് ശ്വാസകോശത്തെ ബാധിച്ചവരില്‍ സ്‌കാറിങ് ഉണ്ടാവുന്നതായും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയുന്നു എന്നുമാണ്.

കോവിഡ് വന്ന ഏതാണ്ട് പത്തു ശതമാനത്തോളം ആളുകളിൽ നീണ്ടു നിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം എന്നു കണക്കാക്കപ്പെടുന്നു. പക്ഷെ അതു മുഴുവൻ നേരത്തേ പറഞ്ഞ “ലങ്ങ് ഫൈബ്രോസിസ്” അല്ല. ചെറിയ ക്ഷീണം മുതൽ ഓക്സിജൻ ചികിത്സ കൂടാതെ ജീവിതം നില നിർത്താൻ കഴിയാത്ത ശ്വാസകോശരോഗം വരെ അതിൽ പെടുന്നു.

കോവിഡ് എന്നു പറയുന്നത് അതു വന്നവർക്ക് തന്നെ പലതാണ്. ചിലർക്ക് സമ്പർക്കം കാരണം സ്രവം പരിശോധിച്ചപ്പോൾ കിട്ടിയ ഒരു പോസിറ്റീവ് ഫലം മാത്രം ആണെങ്കിൽ ചിലർക്ക് അതു മരണവുമായുള്ള മൽപ്പിടുത്തം ആയിരുന്നു. പലരും ഒരു പ്രശ്നവും ഇല്ലാതെ വീട്ടിൽ വിശ്രമിച്ചപ്പോൾ ചിലർ അത്യാസന്ന വിഭാഗത്തിൽ ശ്വാസമെടുക്കാൻ വെന്റിലേറ്റർ സഹായം തേടുകയായിരുന്നു. അതുകൊണ്ട് തന്നെ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളും പലർക്കും പലതായിരിക്കുമെന്നു പഠനങ്ങൾ .

ഒരാൾക്ക് അതികഠിനമായ അണുബാധ ഉണ്ടാവുകയും അയാൾ അത്യാസന്ന നിലയിൽ ആവുകയും ചെയ്‌താൽ രോഗമുക്തിക്ക് ശേഷവും പല വിധ ആരോഗ്യ പ്രശ്നങ്ങൾ നില നിൽക്കാം. പലരും മാസങ്ങൾക്കു ശേഷമാണ് പഴയ ആരോഗ്യ സ്ഥിതിയിലേക്ക് തിരിച്ചു പോകുന്നത്.

വിട്ടുമാറാത്ത ക്ഷീണം
കിതപ്പ്, ശ്വാസം മുട്ട്
നെഞ്ചു വേദന
ചുമ
ശരീര വേദന, തലവേദന
മാനസിക സംഘർഷം, വിഷാദം, ആകാരണമായ ഭയം, ആശങ്ക
ഏകാഗ്രതക്കുറവ്
ഉറക്കക്കുറവ്
മണവും രുചിയും അറിയാനുള്ള ബുദ്ധിമുട്ട്
ഇവയൊക്കെയാണ് ഏറ്റവും സാധാരണയായി കാണുന്ന വൈഷമ്യങ്ങൾ .

കോവിഡ് ശരീരത്തിൽ രക്തം കട്ട പിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നെന്നും, പല അവയവങ്ങളിലേക്കുമുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുന്നതും കേട്ടു കാണും. ഇതേ പ്രശ്നം ചിലപ്പോൾ പ്രാരംഭ ലക്ഷണങ്ങൾ ഭേദപ്പെട്ട ശേഷവും സംഭവിക്കാം. ശ്വാസകോശത്തിലെ രക്തക്കുഴലുകളിൽ തടസ്സം ഉണ്ടാക്കുന്ന പൾമണറി എമ്പോളിസം, അപൂർവമായി ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവ ലോങ്ങ്‌ കോവിഡിന്റെ ഭാഗമായി ഉണ്ടാകാം.

അപകടരമാവാൻ സാധ്യത ഉള്ള മറ്റൊരു പ്രശനം ആണ് കോവിഡ് കാരണം ഹൃദയപേശികളിൽ വരാൻ സാധ്യതയുള്ള ബലഹീനത. ശ്വാസം മുട്ട് മുതൽ ഹൃദയതാളത്തിൽ ഉണ്ടാകുന്ന വ്യതിയാനം വരെ ഇതു കാരണം ഉണ്ടാകാം.

കോവിഡ് ശ്വാസകോശങ്ങളിൽ ഉണ്ടാക്കിയ തകരാറുകൾ സ്ഥായിയായ രൂപമാറ്റത്തിൽ കലാശിക്കുന്നതാണ് ശ്വാസകോശത്തിലെ ഫൈബ്രോസിസ്. നടക്കുമ്പോൾ കിതപ്പ് മുതൽ ഓക്സിജൻ ചികിത്സ ഇല്ലാതെ ജീവൻ നില നിർത്താൻ പറ്റാത്ത അവസ്ഥ വരെ ഉണ്ടാകാം. കോവിഡ് വന്ന പല പ്രമേഹരോഗികൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമതീതമായി വർദ്ധിക്കുന്നതായി കാണാറുണ്ട്. നേരത്തേ പ്രമേഹം ഇല്ലാത്ത ചിലരിലും രക്തത്തിൽ പഞ്ചസാര കൂടാം. ഈ കൂട്ടരുടെ ഷുഗറിന്റെ അളവ് കോവിഡ് മുക്തമായ ശേഷവും നിയന്ത്രണമില്ലാതെ തുടരുന്നതായി കാണപ്പെടുന്നുണ്ട്.

ധാരാളം വെള്ളം കുടിക്കുക
സമീകൃതാഹാരം കഴിക്കുക
പുകവലി, മദ്യപാനം, തുടങ്ങിയ ലഹരിവസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക
ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ നന്നായി ഉറങ്ങുക
ചെറിയ വ്യായാമങ്ങള്‍ ചെയ്യുക.

നടത്തം

രോഗ വിമുക്തമാകുന്ന കാലയളവില്‍ തന്നെ നടക്കുന്നതിനായി ഒരു ക്രമം പാലിക്കുന്നത് നല്ലതാണ്. ഓരോ രോഗിയുടെയും ശാരീരികാവസ്ഥ അനുസരിച്ച് വേണം നടക്കേണ്ടത്.

ആദ്യ ആഴ്ച: ഓരോ ദിവസവും 5 തവണ 5 മിനിറ്റ് നടക്കുക
രണ്ടാം ആഴ്ച: ഓരോ ദിവസവും 3 തവണ 10 മിനിറ്റ് നടക്കുക
മൂന്നാം ആഴ്ച: ഓരോ ദിവസവും 2 തവണ 15 മിനിറ്റ് നടക്കുക

കോവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാല്‍ രോഗമുക്തി നേടിയവരും പോസ്റ്റ് കോവിഡ് സാഹചര്യങ്ങളിലും ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട് . നിലവില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരാണെങ്കില്‍ ശ്വസന വ്യായാമങ്ങളെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കുകയും വേണം.

ശ്വസന വ്യായാമങ്ങളും അതോടൊപ്പം പേശികളുടെ ശക്തി മെച്ചപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങളും ഉള്‍പ്പെടുന്നു. ഗാര്‍ഹിക വ്യായാമ ക്രമങ്ങള്‍ ആശുപത്രി അധിഷ്ഠിത വ്യായാമ മുറകള്‍ പോലെ ഫലപ്രദമാണ്. വ്യായാമങ്ങളിലും മറ്റു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുമ്പോള്‍ ഹൃദയ മിടിപ്പും ശരീരത്തിലെ ഓക്‌സിജന്റെ നിലയും അറിയുന്നതിനായി പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കാവുന്നതാണ്.

മുന്‍കരുതലുകള്‍

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനുശേഷം ആരോഗ്യനില തൃപ്തികരമാണെങ്കില്‍ വ്യായാമ മുറകള്‍ ആരംഭിക്കാവുന്നതാണ്. നെഞ്ചുവേദന, കിതപ്പ് , ക്ഷീണം, തലകറക്കം, നേരിയ തലവേദന എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ വ്യായാമം നിര്‍ത്തേണ്ടതാണ്. ഓരോ വ്യായാമത്തിനിടയിലും മതിയായ വിശ്രമം അത്യാവശ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here