കോണ്ഗ്രസ് ദേശീയ നേതൃത്വത്തിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ രണ്ടാം വരവിന് ബിഹാര്‍ ഫലം വെല്ലുവിളിയായി. രാഹുല്‍ സജീവ പ്രചരണം നടത്തിയ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തില്‍ മോശം പ്രകടനം നടത്തിയത് കോണ്‍ഗ്രസായിരുന്നു. പ്രാദേശിക പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ് ബന്ധം തിരിച്ചടിയാവുകയാണെന്നും ബീഹാര്‍ ഓര്‍മ്മിപ്പിക്കുന്നു.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് തിരിച്ചടിയോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് രാഹുല്‍ ഗാന്ധി രാഷ്ട്രീയ വനവാസത്തിലായിരുന്നു. പാര്‍ട്ടിയെ നയിക്കാനാളില്ലാതായതോടെ രാഹുല്‍ തിരികെ വരണമെന്ന ആവശ്യം ഒരു വിഭാഗം ഉന്നയിച്ചിരുന്നു. ഈ ആവശ്യം സജീവമായി നിലനില്‍ക്കെയായിരുന്നു ബീഹാര്‍ തെരഞ്ഞെടുപ്പ്.
പ്രചരണത്തിനെത്തിയത് രാഹുല്‍ ഗാന്ധിയും.നിരവധി റാലികളില്‍ രാഹുല്‍ മഹാസഖ്യത്തിന് വോട്ട് ചോദിച്ചതോടെ രാഹുല്‍ തിരിച്ചുവരുമെന്ന പ്രതീതി ശക്തമായി. പാര്‍ട്ടിക്ക് ഉജ്വല വിജയം സമ്മാനിച്ച് രാഹുല്‍ മടങ്ങി വരുമെന്ന് അനുകൂലികള്‍ പ്രചരിപ്പിച്ചു. എന്നാല്‍ ആ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു.
മഹാസഖ്യത്തില്‍ ഏറ്റവും മോശം പ്രകടനം കോണ്‍ഗ്രസിന്റേതായിരുന്നു. മാജിക് സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ വീണ്ടും പരീക്ഷണത്തിനിറങ്ങാന്‍ രാഹുല്‍ മടിച്ചേക്കും. പ്രാദേശിക പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ് ബാധ്യതയാവുന്നുവെന്ന സന്ദേശം കൂടിയാണ് ബീഹാര്‍ നല്‍കുന്നത്.
പിടിവാശി കാണിച്ച് 70 സീറ്റുകള്‍ വാങ്ങിയെടുത്ത കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ അകൗണ്ടിലേക്ക് നല്‍കിയത് 20ല്‍ താഴെ സീറ്റുകള്‍ മാത്രം.
ആര്‍ജെഡി ചെലവില്‍ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചപ്പോള്‍ ജയിക്കാന്‍ സ്വന്തം അധ്വാനം കൂടി വേണമെന്ന് അവര്‍ മറന്നു. അതിന് വില കൊടുക്കേണ്ടി വന്നത് ആര്‍ജെഡിക്കും. കോണ്‍ഗ്രസിന്റെ പിടിവാശിക്ക് വഴങ്ങുന്നത് നല്ലതല്ലെന്ന ലാലു പ്രസാദ് യാദവിന്റെ ഉപദേശം മകന്‍ തേജസ്വി കേട്ടിരുന്നില്ല.
അങ്ങനെയാണ് 70 സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കിയത്. പഴയ പാരമ്പര്യം പറഞ്ഞുള്ള കോണ്‍ഗ്രസ് അവകാശ വാദങ്ങള്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തമിഴ്‌നാട് , ബംഗാള്‍ സംസ്ഥാനങ്ങളില്‍ മറ്റ് മതേതര പാര്‍ട്ടികള്‍ക്കും അസ്വാരസ്യം സൃഷ്ടിച്ചേക്കും.ഇങ്ങനെ സംഭവിച്ചാല്‍ ബിഹാര്‍ ഫലത്തിന്റെ പ്രതിഫലനം കൂടിയായി വേണം കാണാന്‍.

Get real time update about this post categories directly on your device, subscribe now.