മഹാസഖ്യത്തിന് കരുത്തായി ഇടത് പക്ഷം; പതിനാറു സീറ്റുകളില്‍ വിജയം

മഹാസഖ്യത്തിന് കരുത്തായി ഇടത് പക്ഷം. പതിനാറു സീറ്റുകളില്‍ ഇടത് പാര്‍ട്ടികള്‍ക്ക് വിജയം. സിപിഐഎം എം എല്‍ 12, സിപിഐഎം, സിപിഐഎം പാര്‍ട്ടികള്‍ രണ്ട് വീതം സീറ്റുകളിലും വിജയം നേടി. ഇടത് പക്ഷത്ത എഴുതി തള്ളുന്നവര്‍ക്ക് മറുപടിയാവുകയാണ് ബിഹാര്‍. ഇന്ത്യന്‍ ജനാധിപത്യത്തിന് ഇടത് പക്ഷം അനിവാര്യമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ഇടത് പാര്‍ട്ടികള്‍ക്ക് 29 സീറ്റുകള്‍ മത്സരിക്കാന്‍ നല്‍കിയപ്പോള്‍ തേജസ്വി യാദവിന്റെ തീരുമാനം തെറ്റെന്ന് കുറ്റപ്പെടുത്തിയവര്‍ നിരവധി. ആ വിമര്‍ശനങ്ങള്‍ക്ക് എന്നാല്‍ ജനവിധി കൊണ്ട് മറുപടി നല്‍കിയിരിക്കുന്നു ഇടത് പക്ഷം. മഹാസഖ്യത്തിന്റെ കുതിപ്പിന് കോണ്‍ഗ്രസിനേക്കാള്‍ ഇന്ധനം പകര്‍ന്നത് ഇടത് പാര്‍ട്ടികള്‍. 29 സീറ്റുകള്‍ മാത്രം മത്സരിച്ച ഇടത് പാര്‍ട്ടികള്‍ 16 സീറ്റുകളിലും വിജയിച്ചു. സിപിഐഎം എം എല്‍ 12, സിപിഐഎം, സിപിഐ പാര്‍ട്ടികള്‍ രണ്ട് വീതം സീറ്റുകളിലുമാണ് വിജയിച്ചത്. മാഞ്ചിയില്‍ സിപിഐഎം നേതാവ് സത്യേന്ദ്ര യാദവും വിഭൂതിപൂരില്‍ അജയ് കുമാറും വിജയിച്ചത് കാല്‍ ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍. മട്ടിഹാനി മണ്ഡലത്തില്‍ സിപിഐമ്മിന് ഒന്നാം സ്ഥാനം നഷ്ടമായത് വെറും 813 വോട്ടുകള്‍ക്ക്. വിജയത്തോടെ സിപിഐഎമ്മിന് പ്രാതിനിധ്യമുള്ള സംസ്ഥാന നിയമസഭകള്‍ എട്ടായി. തെഗ്ര, ബച്ച്വരാ മണ്ഡലങ്ങളിലാണ് സിപിഐ വിജയിച്ചത്. ഇതുവരെ ഇടത് പക്ഷ പാര്‍ട്ടികള്‍ക്ക് ഒപ്പമല്ലാതെ സഖ്യം ഉണ്ടാക്കാത്ത സിപിഐഎം എല്‍ പുതിയ ദൗത്യം ഗംഭീരമാക്കി. തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് നടത്തിയ പ്രചരണമായിരുന്നില്ല ഇടത് വിജയത്തിന് ആധാരം. കാലങ്ങളായി ഇടത് പാര്‍ട്ടികള്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് സംസ്ഥാനത്ത് സജീവമായിരുന്നു. കര്‍ഷക പ്രശ്‌നങ്ങള്‍, തൊഴില്‍ ഇല്ലായ്മ, മാഫിയാ രാജ്, തുടങ്ങിയ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് എതിരായ ചെങ്കൊടി സമരങ്ങള്‍ ബിഹാറില്‍ സജീവമായിരുന്നു. അത്തരം അടിസ്ഥാന വിഷയങ്ങളില്‍ ഊന്നിയുള്ള ഇടപെടലുകള്‍ക്ക് ലഭിച്ച ജനകീയ അംഗീകാരമാണ് ഈ ഉജ്വല വിജയം. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ബിഹാറില്‍ ഇടത് പാര്‍ട്ടികള്‍ ശക്തമായിരുന്നു. ആ പാരമ്പര്യം ഇടത് പക്ഷം തിരിച്ചു പിടിക്കുന്നുവെന്ന സൂചന കൂടിയാണ് ഫലം. ഇടത് പക്ഷം അപ്രസക്തമെന്ന് ചിത്രീകരിക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് അടക്കം ശ്രമിക്കുമ്പോള്‍ അതിന് കോണ്‍ഗ്രസിനോളം സീറ്റുകള്‍ നേടി മറുപടി നല്‍കി ഇടത് പക്ഷം. ഇടത് പക്ഷം ഇന്ത്യന്‍ ജനാധിപത്യത്തിന് അനിവാര്യമെന്ന് ബീഹാര്‍ ഫലം തെളിയിച്ചതായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News