ബീഹാറിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം; നിതീഷിന് നിഗൂഢമായ മൗനം

ബീഹാറിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു. സ്വന്തം പാർട്ടിക്ക് തിരിച്ചടിയേറ്റ സാഹചര്യത്തിൽ മുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ  തയ്യാറാവുമോയെന്ന് നിതീഷ്  വ്യക്തമാക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് വിജയത്തിൽ യോഗി ആദിത്യ നാഥ് അഭിനന്ദിച്ചത് നരേന്ദ്ര മോദിയെയും അമിത് ഷായെയും മാത്രം. തേജസ്വിയെ പിന്തുണയ്ക്കണമെന്ന് നിതീഷ് കുമാറിനോട്  മുതിർന്ന കോൺഗ്രസ് നേതാവ്  ദിഗ്വിജയ് സിംഗ്  ആവശ്യപ്പെട്ടു.
ഭരിക്കാൻ  NDAയ്ക്ക് ഭൂരിപക്ഷം ലഭിച്ചു. എന്നാൽ ഭരണ യന്ത്രം ആരു തിരിക്കുമെന്ന അവ്യക്തത ബാക്കി.  മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെയെന്ന്  BJP പറയുന്നു.  NDA ഭൂരിപക്ഷം നേടിയെങ്കിലും നിതീഷിന്റെ ജെഡിയുവിന്  കനത്ത പ്രഹരമാണ് ലഭിച്ചത്. അതിന് വഴിയൊരുക്കിയത് ബിജെപിയും. ഇതാണ്  ഫലം വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും നിതീഷിന്റെ നിഗൂഢമായ മൗനത്തിന് കാരണം.
തെരഞ്ഞെടുപ്പ്  വിജയത്തിന്  നന്ദി അറിയിക്കാൻ പോലും നിതീഷ് മാധ്യമങ്ങളെ കണ്ടില്ല. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചാലും അധിക കാലം തുടരാൻ കഴിയുമെന്ന്  ഉറപ്പില്ല. ബിജെപിക്ക് വഴങ്ങി നിൽക്കേണ്ടിയും വരും. ഈ  അവസ്ഥയിൽ നിതീഷിന്റെ നിലപാട് കാത്തിരിക്കുന്നു ബിഹാറും രാജ്യവും.   മുഖ്യമന്ത്രി പദം ലക്ഷ്യമിടുന്നതിന്റെ കൂടി ഭാഗമായാണ്  ബിഹാർ  വിജയത്തിന്റെ  ക്രഡിറ്റ് നിതീഷിന് നൽകാൻ ബിജെപി മടിക്കുന്നത്. ഇതിന്  ഉദാഹരണമാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് വിജയത്തിന്  അഭിനന്ദിച്ചത് അമിത് ഷായെയും നരേന്ദ്രമോദിയെയും  മാത്രം. സർക്കാർ രൂപീകരണത്തിൽ ആശങ്കയില്ലെന്ന് ബിജെപി വിശദീകരിക്കുന്നു. ആഘോഷങ്ങളും സജീവം.നിതീഷിന്റെ അസംതൃപ്തി മുതലാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു. മഹാസഖ്യത്തെ പിന്തുണയ്ക്കണമെന്ന് മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗിന്റെ അഭ്യർത്ഥന ഇതിന്റെ ചുവട് പിടിച്ചാണ്. ബിജെപി ഇത്തിൾക്കണ്ണിയെ പോലെയാണ്.
ആശ്രയം നൽകുന്ന മരത്തെ അത് നശിപ്പിക്കും. ജെഡിയുവിന് ഇതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.  ബിഹാറിൽ നിന്ന് ബിജെപിയെ പുറത്താക്കാൻ മഹാസഖ്യവുമായി കൈ കോർക്കണമെന്ന് നിതീഷിനോട്  ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടു. ലാലുവും നിതീഷും ഒന്നിച്ച് സമരം ചെയ്ത നാളുകളെയും ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു ദിഗ്‌വിജയ് സിംഗിന്റെ അഭ്യർത്ഥന.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News