ഓണ്‍ലൈന്‍ മാധ്യമങ്ങളും ഒടിടി പ്ലാറ്റ്ഫോമുകളും ഇനി വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴില്‍

ഒ.ടി.ടി പ്ലാറ്റ്ഫോമുകളെയും ഓണ്‍ലൈന്‍ മാധ്യമങ്ങളെയും വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി കേന്ദ്രസര്‍ക്കാര്‍. ഇതോടെ ആമസോണ്‍ പ്രൈം, നെറ്റ് ഫ്ലിക്സ് ഉള്‍പ്പെടെയുള്ള ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം വരും. സിനിമകള്‍, ഓഡിയോ വിഷ്വല്‍ പരിപാടികള്‍, വാര്‍ത്ത, വാര്‍ത്താധിഷ്ഠിത പരിപാടികള്‍ എന്നിവയെ മന്ത്രാലയത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതാണ് ഉത്തരവ്.

സെപ്റ്റംബറില്‍ ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ അവതരിപ്പിച്ച സ്വയം നിയന്ത്രണ മാര്‍ഗരേഖ അംഗീകരിക്കാന്‍ വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയം തയ്യാറായിരുന്നില്ല. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പതിനഞ്ചോളം വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും ഐഎഎംഎഐയുടെ നിര്‍ദേശത്തിനൊപ്പം ചേര്‍ന്നിരുന്നു.

സുപ്രീംകോടതിയില്‍ അടക്കം ഇതുസംബന്ധിച്ച് നിരവധി കേസുകളാണ് വന്നത്. തുടര്‍ന്ന് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇത്തരം വാര്‍ത്ത പോര്‍ട്ടലുകളെ നിയന്ത്രിക്കാന്‍ എന്താണ് ചെയ്യാന്‍ സാധിക്കുകയെന്ന് കേന്ദ്രസര്‍ക്കാരിനോട് ആരായുകയും ചെയ്തു. മാത്രമല്ല, ഒടിടി പ്ലാറ്റ്‌ഫോമുകളെ ഒരു പ്രത്യേക സമിതിയുടെ കീഴില്‍ നിയന്ത്രിക്കുന്നതിനുള്ള അപേക്ഷയില്‍ കഴിഞ്ഞ മാസമായിരുന്നു സുപ്രീംകോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടിയത്.

നിലവില്‍ ഒടിടി പ്ലാറ്റ് ഫോമില്‍ വരുന്ന ഉള്ളടക്കത്തിന് സെന്‍സറിങ് ഉള്‍പ്പെടെ ഒരു വിധത്തിലുള്ള നിയന്ത്രണങ്ങളും ബാധകമല്ല. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്കു മേലും മറ്റു വാര്‍ത്താ മാധ്യമങ്ങള്‍ക്കുള്ളതുപോലെ സര്‍ക്കാര്‍ നിയന്ത്രണമില്ല. ഇതിനെതിരെ വ്യാപകമായ ആക്ഷേപങ്ങളും പരാതികളും ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News