ആര്‍എസ്എസ് രാഷ്ട്രീയത്തിനെതിരെ അതിശക്തമായ പോരാട്ടം നടത്തിയ ബിഹാര്‍ ജനതയ്ക്ക് അഭിവാദ്യം; എം എ ബേബി

എം എ ബേബിയുടെ ഫെയിസ്ബുക്ക് കുറിപ്പ്:

അപ്രതീക്ഷിതവുംവളരെയേറെ നിരാശപ്പെടുത്തിയതുമാണ് ഇന്നലെ ബിഹാറില്‍ നിന്ന് പുറത്തു വന്ന തെരഞ്ഞെടുപ്പു ഫലം. അങ്ങേയറ്റം ജനവിരുദ്ധമായ ബിജെപി മുന്നണി വീണ്ടും അധികാരത്തിലെത്തുന്നു. അവരുടെ ആഭ്യന്തര തര്‍ക്കങ്ങള്‍ക്കിടയിലും അവരെ തോല്പിക്കാനായില്ല. ഇന്ത്യയിലെ ബൂര്‍ഷ്വാ പ്രതിപക്ഷ കക്ഷികള്‍ കാര്യമായ ആത്മപരിശോധന നടത്തേണ്ട ഒരു രാഷ്ട്രീയ സാഹചര്യം ആണിത്.

ബിഹാറിലെ ജനങ്ങള്‍ ഒരു മാറ്റത്തിനു വേണ്ടി ആഗ്രഹിച്ചിരുന്നു എന്നത് വ്യക്തമാണ്. പക്ഷേ രാഷ്ട്രീയ ജനതാദളിനോ കോണ്‍ഗ്രസിനോ ആ മാറ്റത്തിനു ഫലപ്രദമായ നേതൃത്വം കൊടുക്കാനായില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയ ഇടതുപക്ഷ കക്ഷികളെ ബിഹാറിലെ സമ്മതിദായകര്‍ സര്‍വാത്മനാ പിന്തുണച്ചു. അതുമാത്രമാണ് ഈ തെരഞ്ഞെടുപ്പു സമരത്തിലെ ഏക രജതരേഖ.
ബിജെപി സര്‍ക്കാര്‍ അഴിച്ചു വിടുന്ന വര്‍ഗീയവിഭജന നടപടികളിലും നോട്ടു നിരോധനം, പൊതുമേഖലയെ വിറ്റഴിക്കല്‍, തൊഴില്‍ -കര്‍ഷക നിയമഭേദഗതികള്‍ പോലുള്ള തീവ്രമുതലാളിത്ത നയങ്ങളിലും കൊവിഡ് 19 നെ നേരിടുന്നതിലുണ്ടായ പരാജയത്തിലും ഭരണകൂട ഉപേക്ഷകളിലും കോണ്‍ഗ്രസും ആര്‍ജെഡിയും തഞ്ചം നോക്കി നിലപാടെടുക്കുകയായിരുന്നു. ഭരണഘടനാവിരുദ്ധവും മതവിവേചനപരവുമായ പൗരത്വബില്ല്, കാശ്മീരിന്റെ പ്രത്യേക അവകാശം എടുത്തുകളയല്‍ തുടങ്ങിയ , ദേശീയഐക്യം തകര്‍ക്കുന്ന കാര്യങ്ങളിലും ഇതേ തഞ്ചം അവര്‍ തുടര്‍ന്നു. ലോക്‌ഡൌണിനെത്തുടര്‍ന്ന് ബിഹാറിലെ തൊഴിലാളികള്‍ നിരാശ്രയരായി ദിവസങ്ങളോളം കാല്‍നടയായി വന്നപ്പോള്‍ അവരെ ആശ്വസിപ്പിക്കാനും സഹായിക്കാനും ഇടതുകക്ഷികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇന്ത്യ ഇന്ന് നേരിടുന്ന ആര്‍ എസ് എസ് ഭീഷണിയെ തടഞ്ഞു നിറുത്താന്‍ പരമ്പരാഗത രാഷ്ട്രീയപ്രവര്‍ത്തനശൈലിയിലൂടെ സാധ്യമല്ല എന്നത് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ മനസ്സിലാക്കണം. ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ ഉയര്‍ത്താതെ, വര്‍ഗീയതയ്‌ക്കെതിരെ കര്‍ക്കശമായ നിലപാടെടുക്കാതെ, ഒരു ആധുനിക ഇന്ത്യയ്ക്കായുള്ള സാമൂഹ്യമാറ്റത്തിനു നേതൃത്വം കൊടുക്കാതെ കോണ്‍ഗ്രസിന് ജനവിശ്വാസം തിരിച്ചുപിഠിക്കാനാവുമെന്നു കരുതുന്നത് വിഡ്ഡിത്തമാണ്.

ഈ പ്രതികൂലസാഹചര്യങ്ങളിലും ആര്‍ എസ് എസ് രാഷ്ട്രീയത്തിനെതിരെ അതിശക്തമായ പോരാട്ടം നടത്തിയ ബിഹാര്‍ ജനതയെ അഭിവാദ്യം ചെയ്യുന്നു. 29 നിയമസഭ മണ്ഡലങ്ങളില്‍ മത്സരിച്ച ഇടതുപക്ഷ കക്ഷികള്‍ 17 ഇടത്തു വിജയിച്ചു. നാലു സീറ്റില്‍ മത്സരിച്ച സിപിഐഎം രണ്ടിടത്തും, ആറു സീറ്റില്‍ മത്സരിച്ച സിപിഐ മൂന്നിടത്തും വിജയിച്ചു. പത്തൊമ്പതു സീറ്റില്‍ മത്സരിച്ചു പന്ത്രണ്ടിടത്തു വിജയിച്ച സിപിഐഎം എല്‍ (ലിബറേഷന്‍) ആണ് ഈ ഇടതുപക്ഷ വിജയത്തിന്റെ ചുക്കാന്‍ പിടിച്ചത്. മൂന്നു സീറ്റുകളില്‍ സിപിഐഎംഎല്‍ സ്ഥാനാര്‍ത്ഥികള്‍ നൂറില്‍ താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഇവിടെ വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടു. ഇടതുകക്ഷികള്‍ വിജയിക്കാതിരിക്കാന്‍ ബൂര്‍ഷ്വാ സംവിധാനം മുഴുവന്‍ ശ്രമിച്ചിരുന്നു. ഈ പ്രതിസന്ധികളെ മുഴുവന്‍ മറികടന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച സമ്മതിദായകരോടു പ്രത്യേകം നന്ദി പറയുന്നു.

ഇന്ത്യയിലെ മുഴുവന്‍ സംവിധാനങ്ങളും- ഉദ്യോഗസ്ഥര്‍, കോടതി, മാധ്യമങ്ങള്‍, സാമൂഹ്യ സ്ഥാപനങ്ങള്‍, പോലീസ്, പട്ടാളം- ആര്‍ എസ് എസ് നിയന്ത്രണത്തിലാക്കാന്‍ ശ്രമം നടക്കുന്ന ഈ വേളയില്‍, കൂടുതല്‍ ശ്രദ്ധയോടെയും കരുത്തോടെയും വേണം ഇന്ത്യയില്‍ ജനാധിപത്യരാഷ്ട്രീയം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനം നടത്താന്‍ എന്ന് എല്ലാവരെയും ഓര്‍മിപ്പിക്കുന്നു.

അപ്രതീക്ഷിതവും വളരെയേറെ നിരാശപ്പെടുത്തിയതുമാണ് ഇന്നലെ ബിഹാറിൽ നിന്ന് പുറത്തു വന്ന തെരഞ്ഞെടുപ്പു ഫലം. അങ്ങേയറ്റം…

Posted by M A Baby on Wednesday, 11 November 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News