ശബരിമല തീര്‍ത്ഥാടനം; ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു

ശബരിമല തീര്‍ത്ഥാടനത്തിനായി ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക ചികിത്സ ഉറപ്പാക്കാന്‍ 48 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ എംപാനല്‍ ചെയ്തു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് ശബരിമലയിലെ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല മേല്‍നോട്ട ചുമതല.

ലോകത്തിന്‍റെ പല ഭാഗങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും തീര്‍ത്ഥാടനങ്ങളോടനുബന്ധിച്ച് അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ശബരിമല തീര്‍ത്ഥാടനത്തിനായി ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചത്. കൂടുതൽ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും.

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഒരാഴ്ച റൊട്ടേഷനിലും മറ്റ് ജീവനക്കാര്‍ 15 ദിവസം റൊട്ടേഷനിലുമാണ് സേവനമനുഷ്ഠിക്കുന്നത്. പമ്പ മുതല്‍ സന്നിധാനം വരെയുളള കാല്‍നട യാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നേരിടാന്‍ ഈ വഴികളില്‍ അടിയന്തര ചികിത്സാ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും.

സന്നിധാനം, പമ്പ, നിലയ്ക്കല്‍, ചരല്‍മേട്, എരുമേലി, എന്നീ സ്ഥലങ്ങളില്‍ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്‌പെന്‍സറികള്‍ ഉണ്ടാകും. സന്നിധാനത്ത് ഒരു അടിയന്തര ഓപ്പറേഷന്‍ തീയേറ്ററും പ്രവര്‍ത്തിക്കും.

വിദഗ്ദ്ധ വൈദ്യസഹായം ആവശ്യമുളള രോഗികള്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനവും ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക ചികിത്സ ഉറപ്പാക്കാന്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി കോട്ടയം, പത്തനംതിട്ട ജില്ലകളിലായി 48 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ എംപാനല്‍ ചെയ്തിട്ടുണ്ട്.

കാസ്പ് കാര്‍ഡുള്ള തീര്‍ത്ഥാടകര്‍ക്ക് എംപാനല്‍ ചെയ്ത സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നും സൗജന്യ ചികിത്സ ലഭ്യമാണ്. കാര്‍ഡില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടാവുന്നതാണ്. കേരളത്തിന് പുറത്ത് നിന്നും വരുന്നവര്‍ക്ക് പി.എം. ജെ.എ.വൈ. കാര്‍ഡുള്ളവര്‍ക്കും ഈ സേവനം ലഭ്യമാണ്.

എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവ പമ്പ മുതല്‍ സന്നിധാനം വരെയുള്ള യാത്രക്കിടയില്‍ പല സ്ഥലങ്ങളിലായി സ്ഥാപിക്കാനും തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel