ഇന്ത്യന്‍ സമൂഹത്തോട് പ്രത്യേക കരുതലുണ്ടായിരുന്ന ഭരണാധികാരിയായിരുന്നു ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ: മുഖ്യമന്ത്രി

ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

അര നൂറ്റാണ്ടോളം ബഹ്‌റൈന് നേതൃത്വം നല്‍കിയ അദ്ദേഹം ഇന്ത്യയുമായി വളരെ അടുപ്പം പുലര്‍ത്തിയ നേതാവായിരുന്നു. ബഹ്‌റൈനിലെ മലയാളികളടക്കമുള്ള ഇന്ത്യന്‍ സമൂഹത്തോട് അദ്ദേഹത്തിന് പ്രത്യേക കരുതലുണ്ടായിരുന്നു. ചുരുങ്ങിവരുന്ന എണ്ണവരുമാനം മാത്രം ആശ്രയിക്കാതെ, മറ്റു വരുമാനസ്രോതസ്സുകള്‍ കണ്ടെത്തി ഈ കൊച്ചുരാഷ്ട്രത്തെ വികസനത്തിലേക്കും ആധുനികവത്ക്കരണത്തിലേക്കും നയിക്കുന്നതില്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ വഹിച്ച പങ്ക് നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2017ല്‍ ബഹ്‌റൈനില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ചിരുന്നു. ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന മലയാളികളുടെ കഠിനാദ്ധ്വാനത്തെയും സത്യസന്ധതയെയും അദ്ദേഹം ആ വേളയില്‍ പ്രശംസിച്ചത് ഓര്‍ക്കുന്നു. തനിക്ക് കീഴില്‍ രണ്ടായിരത്തിലേറെ മലയാളികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വിദ്യാഭ്യാസം, ടൂറിസം, ആയുര്‍വേദം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കേരളവുമായി കൂടുതല്‍ സഹകരിക്കാനുള്ള അതീവ താത്പര്യം അദ്ദേഹം അന്ന് പ്രകടിപ്പിച്ചതും മുഖ്യമന്ത്രി അനുസ്മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News