തദ്ദേശ സീറ്റ് വിഭജനം; ലീഗിനെ തള്ളി കോണ്‍ഗ്രസ്; യുഡിഎഫില്‍ വീണ്ടും പൊട്ടിത്തെറി

കോട്ടയത്ത് തദ്ദേശ സീറ്റ് വിഭജനത്തില്‍ ലീഗിനെ തള്ളി കോണ്‍ഗ്രസ്. ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ചയാണ് അലസിപ്പിരിഞ്ഞത്. ഒരു ജില്ലാ പഞ്ചായത്ത് സീറ്റും മൂന്ന് ബ്ലോക്ക് പഞ്ചായത്ത് സീറ്റും വേണമെന്ന ലീഗ് ആവശ്യം കോണ്‍ഗ്രസ് നിരസിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്. ചര്‍ച്ചയില്‍ അപമാനിച്ചിറക്കി വിടുകയായിരുന്നുവെന്നും 5 സീറ്റുകളില്‍ സ്വതന്ത്രമായി മത്സരിക്കുമെന്നും ജില്ലാ നേതൃത്വം.

കോട്ടയം ജില്ലയില്‍ ദുര്‍ബലമായ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ജില്ലാ പഞ്ചായത്തില്‍ 9 സീറ്റുകള്‍ അനുവദിച്ച നടപടി വിവാദമായതിന് പിന്നാലെയാണ് സീറ്റ് വിഭജന ചര്‍ച്ചയില്‍ യുഡിഎഫില്‍ വീണ്ടും പൊട്ടിത്തെറി ഉണ്ടാവുന്നത്. ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ജില്ലയിലെ ലീഗ് നേതാക്കളും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയാണ് തീരുമാനമാകാതെ അലസിപ്പിരിഞ്ഞത്.

കോട്ടയം ജില്ലാ പഞ്ചായത്തിലെ എരുമേരി ഡിവിഷനിലേക്കും കാഞ്ഞിരപള്ളി, മുണ്ടക്കയം, പുഞ്ചവയല്‍ ബ്ലോക്ക് പഞ്ചായത്തിലേക്കുമാണ് ലീഗ് നേതൃത്വം സീറ്റ് ആവശ്യപ്പെട്ടത്. കോട്ടയം ഡിസിസിയില്‍ രാത്രിയില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ ലീഗിന്റെ ആവശ്യം കോണ്‍ഗ്രസ് പാടെ തള്ളി. ഈ ടേംമില്‍ സീറ്റ് അനുവദിക്കാന്‍ സാധിക്കില്ലെന്നും അടുത്ത തവണ പരിഗണിക്കാമെന്നുമായിരുന്നു കോണ്‍ഗ്രസ് നിലപാട്.

ജോസഫ് വിഭാഗത്തിന് കൂടുതല്‍ സീറ്റ് നല്‍കുകയും ലീഗിന്‍റെ ന്യായമായ ആവശ്യത്തെ നിരസിക്കുകയും ചെയ്ത കോണ്‍ഗ്രസ് നടപടി അനീതിയാണെന്നും ലീഗ് ജില്ലാ പ്രസിഡന്‌റ് അസീസ് ബഡായി പറഞ്ഞു.
അര്‍ഹമായ സീറ്റുകള്‍ വിട്ടു നല്‍കിയില്ലെങ്കില്‍ എരുമേലി, കാഞ്ഞിരപ്പള്ളി അടക്കം 5 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ലീഗ് സ്ഥാനാര്‍ഥികളെ സ്വതന്ത്രമായി മത്സരിപ്പിക്കാനാണ് ജില്ലാ മുസ്ലീം ലീഗ് നേതൃത്വത്തിന്‍െര തീരുമാനം.

സംസ്ഥാനത്ത് വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് ആവശ്യപ്പെട്ടിട്ടുള്ള 30 സീറ്റുകളില്‍ ഒന്നാണ് പൂഞ്ഞാര്‍ മണ്ഡലം. ഈ ആവശ്യം പരിഗണിക്കാതിരിക്കാനാണ് ലീഗിന്‍രെ അവകാശവാദത്തെ കോണ്‍ഗ്രസ് മുളയിലെ നുള്ളുന്നതെന്നാണ് ആരോപണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News