കെഎം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫണ്ടുകളെക്കുറിച്ച് ഇഡി അന്വേഷിക്കും; രേഖകള്‍ പത്തു ദിവസത്തിനകം ഹാജരാക്കാന്‍ നിര്‍ദ്ദേശം; രണ്ടാം ദിനവും മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍

കോഴിക്കോട്: പ്ലസ്ടു കോഴ, നികുതിവെട്ടിപ്പ് കേസുകളില്‍ അന്വേഷണം നേരിടുന്ന മുസ്ലീംലീഗ് നേതാവ് കെ എം ഷാജി എംഎല്‍എയെ തുടര്‍ച്ചയായ രണ്ടാംദിനവും ഇഡി ചോദ്യം ചെയ്തു.

ആദ്യദിനം 14 മണിക്കൂറാണ് ചോദ്യം ചെയ്തത്. രണ്ടാംദിവസം രാവിലെ പത്തിന് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി വൈകിയാണ് പൂര്‍ത്തിയായത്.

ഒറ്റ ദിവസം കൊണ്ട് ചോദ്യം ചെയ്യല്‍ അവസാനിക്കുമെന്ന പ്രതീക്ഷയായിരുന്നു ഷാജിക്കുണ്ടായിരുന്നത്. എന്നാല്‍, രണ്ടുഘട്ടമെങ്കിലും ചോദ്യം ചെയ്യേണ്ടിവരുമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി 12 വരെ നീണ്ടു. ഭക്ഷണം കഴിച്ചതൊഴികെയുള്ള സമയമത്രയും ചോദ്യം ചെയ്യല്‍ തുടര്‍ന്നു.

അതേസമയം, കെഎം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫണ്ടുകളെക്കുറിച്ച് ഇഡി അന്വേഷിക്കും. രേഖകള്‍ സഹിതം പത്തു ദിവസത്തിനകം ഹാജരാകാന്‍ ഷാജിക്ക് ഇഡി നിര്‍ദ്ദേശം നല്‍കി.

അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആക്ഷേപത്തിലാണ് ഇഡി അന്വേഷണം തുടങ്ങിയത്. ഇത് ആഡംബര വീട്ടിലേക്കും നികുതിവെട്ടിപ്പിലേക്കുമെത്തി. വയനാട്ടിലും കണ്ണൂരിലും കോഴിക്കോട്ടുമായി തന്റെ പേരിലുള്ള സ്വത്തെല്ലാം വാങ്ങിയത് ഷാജിയെന്നാണ് ഭാര്യ ആശ നല്‍കിയ മൊഴി.

ബിനാമി നിരോധന നിയമം, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം(പിഎംഎല്‍എ) എന്നീ വകുപ്പുകളാണ് ഷാജിക്കെതിരെ ചുമത്താന്‍ ഇഡി ആലോചിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഷാജി കാര്യമായ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന നിഗമനമുണ്ട്.

കോഴയും റിയല്‍ എസ്റ്റേറ്റിലുണ്ടായ വരുമാനവും ഭാര്യയുടെ പേരില്‍ സ്വത്താക്കി മാറ്റിയോ എന്നും അന്വേഷിക്കും. പിഎംഎല്‍എ പ്രകാരം കേസെടുത്താല്‍ സ്വത്ത് കണ്ടുകെട്ടി ക്രിമിനല്‍ നടപടികളിലേക്ക് കടക്കും. ഏഴുവര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News